പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തി; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി
തലശേരി: വനിതാ സിവില്‍ പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. തൃശൂര്‍ ആംഡ് ബറ്റാലിയനിലെ സി.പി.ഒ കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീ (38) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് കൊഴുമ്മല്‍ കോട്ടുര്‍ പെരളത്തെ കെ.രാജേഷിനെ (41) ആണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.ടി നിസാര്‍ അഹമ്മദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2024 നവംബര്‍ 21ന് വൈകീട്ട് വീട്ടില്‍വച്ചാണ് ദിവ്യശ്രീ കൊല്ലപ്പെടുന്നത്. കൊലപാതകം ഉള്‍പ്പെടെ നാല് വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഈമാസം 10ന് പ്രഖ്യാപിക്കും.
ആസൂത്രിതവും ഏറെ പൈശാചികവും ക്രൂരവുമായ കൊലപാതകമാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമായതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് വിവാഹമോചനത്തിനായി ദിവ്യശ്രീ കോടതിയെ സമീപിച്ചിരുന്നു. സംഭവ ദിവസം രാവിലെ കണ്ണൂര്‍ കുടുംബ കോടതിയില്‍ ദിവ്യശ്രീ ഹാജരായിരുന്നു. തുടര്‍ന്ന് വിവാഹമോചനം നേടിയാണ് വീട്ടിലെത്തിയത്. പ്രതി സംഭവദിവസം പെട്രോളും കത്തിയും സംഘടിപ്പിച്ച് ബൈക്കില്‍ ദിവ്യശ്രീയുടെ വീട്ടിലെത്തി വീടിന്റെ മുന്‍വശത്തെ ഗ്രില്‍സ് ചവിട്ടിപൊളിച്ച് അകത്ത്കടന്ന് ദിവ്യശ്രീയെ പിടിച്ച് പുറത്തിറക്കി ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും കുത്തി കൊലപ്പെടുത്തുകയും ചെയ്തുവെന്നും തടയാന്‍ എത്തിയ ദിവ്യ ശ്രീയുടെ പിതാവ് കെ.വാസുവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.
കൊലപാതകം, കൊലപാതക ശ്രമം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."