റബർ കൃഷിയിൽ പിന്നിലായി കേരളം; കുതിപ്പിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ
കൊച്ചി: തുടർച്ചയായ വിലയിടിവും ഉൽപാദനച്ചെലവിലെ വർധനവും കേരളത്തിലെ റബർ ഉൽപാദനരംഗത്തെ പിന്നോട്ടടിക്കുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപകമാകുന്നു. കേരളത്തിലെ റബർ കർഷകർക്ക് യാതൊരു പിന്തുണ നൽകാത്ത കേന്ദ്രസർക്കാരും റബർ ബോർഡും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയാണ്. നോർത്ത് ഈസ്റ്റ് റബർ മിഷൻ പദ്ധതിയിലൂടെ 2020 മുതൽ 2025നുമിടയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലായി രണ്ട് ലക്ഷം ഹെക്ടർ ഭൂമിയിൽ റബർ കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ, കഴിഞ്ഞവർഷം 1.79 ലക്ഷം ഹെക്ടറിൽ റബർ കൃഷി ആരംഭിക്കാനായി. 2026 അവസാനമാകുമ്പോഴേക്കും പദ്ധതി ലക്ഷ്യമിടുന്ന രണ്ട് ലക്ഷം ഹെക്ടർ പൂർത്തിയാകുമെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മിഷൻ പദ്ധതി നിർവഹിക്കുന്നത് ടയർ ഉൽപാദകരുടെ സംഘടനയായ ആത്മയാണ്. പശ്ചിമ ബംഗാൾ, അസം തുടങ്ങിയ ഏഴ് സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
അതേസമയം, 2000ൽ എട്ടുലക്ഷം ഹെക്ട്ടറിലായി റബർ കൃഷിചെയ്യുന്ന ചെറുകിട കർഷകർ ഉണ്ടായിരുന്ന കേരളത്തിൽ 2026 ആയപ്പോയേക്കും അത് ആറുലക്ഷം ഹെക്ടറായി കുറഞ്ഞു. വിവിധ കാരണങ്ങളാൽ ഒന്നരലക്ഷത്തോളം ഹെക്ട്ടർ റബർ തോട്ടങ്ങളിൽ ഏതാനും വർഷങ്ങളായി ടാപ്പിങ് നടക്കുന്നില്ല. 2020ന് ശേഷം കേരളത്തിൽ ഒരുലക്ഷം ഹെക്ട്ടറിൽ താഴെ മാത്രമാണ് റബർ പുനർകൃഷി നടന്നത്. ഏകദേശം 50,000 ഹെക്ടർ റബർ കൃഷി ചെയ്തിരുന്ന ഭൂമി മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും വ്യാപകമാവുകയാണ്. റബർ ബോർഡും സംസ്ഥാന സർക്കാർ കേര പദ്ധതി വഴിയും റബർ പുനർകൃഷിക്ക് സാമ്പത്തിക സഹായം ഉറപ്പാക്കിയിട്ടും പുനർകൃഷിചെയ്യുന്നവരുടെ എണ്ണം വർധിച്ചിട്ടില്ല. ഗുണനിലവാരമുള്ള തൈകളുടെ ലഭ്യത കുറവും വിപണിയിലെ ചൂഷണവുമാണ് കർഷകരെ റബർ മേഖലയിൽനിന്ന് അകറ്റുന്നത്. കേരളത്തിൽ കൂടുതലായി കൃഷി ചെയ്യപ്പെടുന്ന 105 ഇനത്തിൽപ്പെട്ട റബർ തൈകളുടെ ലഭ്യത കുറവും പ്രതിസന്ധിക്ക് കാരണമാണ്. റബർ ബോർഡ് നിർദേശിക്കുന്ന 400 സീരീസിൽപെട്ട തൈകളുടെ ഉൽപാദന കുറവും റബർ പാലിന്റെ കൊഴുപ്പുകുറവും കർഷകരെ നിരാശയിലാക്കുന്നു. വേനലിൽ ഇലതളിർക്കുന്ന വൃക്ഷമായ റബർമരങ്ങളുടെ കുറവാണ് മലയോര മേഖലയിൽ ഉൾപ്പെടെ വേനൽ ചൂടു വലിയതോതിൽ വർധിക്കാനിടയാക്കാൻ കാരണമാകുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിനിടെ, റബർ ബോർഡിന് കീഴിലുള്ള റബർ ഗവേഷണ കേന്ദ്രത്തിൽ ജനിതക മാറ്റം വരുത്തിയ റബർ തൈ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷണ കൃഷി നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയില്ല. ഇതോടെ, റബർ ബോർഡ് ഈ തൈ ഉപയോഗിച്ചുള്ള പരീക്ഷണ കൃഷി അസമിൽ നടത്തുകയാണ്. കേരളത്തിൽ ഇത് പരീക്ഷിച്ചിരുന്നെങ്കിൽ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ റബർ തൈ ആയി മാറ്റിയെടുക്കാൻ സാധിക്കുമായിരുന്നു. കേരളത്തിലെ റബർ കൃഷി കുത്തനെ കുറയുന്ന സാഹചരൃത്തിൽ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദഗ്ധസമതിയെ നിയോഗിക്കണമെന്ന് കർഷക കോൺഗ്രസ് നേതാവ് എ.ബി ഐപ്പ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."