വിവോ, ഐക്യൂ ഫോൺ ഉപയോക്താക്കൾ ജാഗ്രതൈ; അപ്‌ഡേറ്റിന്റെ മറവിൽ അക്കൗണ്ട് ചോർത്താൻ സൈബർ സംഘം
തിരുവനന്തപുരം: വിവോ, ഐക്യൂ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ സൈബർ തട്ടിപ്പ്. 'ഒറിജിൻ ഒ.എസ് അപ്‌ഡേറ്റ്' എന്ന വ്യാജേന മാൽവെയറുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിച്ച് ബാങ്കിങ് വിവരങ്ങൾ ചോർത്തുന്നതാണ് തട്ടിപ്പിന്റെ രീതിയെന്ന് പൊലിസ് അറിയിച്ചു. ഫോൺ ഉപയോഗിക്കുന്നതിനിടെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന 'അടിയന്തരമായി സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുക' എന്ന പോപ്അപ് സന്ദേശത്തിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്.
സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഔദ്യോഗിക സോഫ്റ്റ്‌വെയറിന് പകരം മാൽവെയർ അടങ്ങിയ എ.പി.കെ ഫയലുകളാണ് ഫോണിൽ ഡൗൺലോഡ് ആവുക. ഇവ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കും. ഇതിലൂടെ കാമറ, മൈക്രോഫോൺ, എസ്.എം.എസ്, കോൺടാക്ട് വിവരങ്ങൾ എന്നിവ ചോർത്തുകയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുകയുമാണ് ലക്ഷ്യം. അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഫോൺ ബ്ലോക്ക് ചെയ്യുമെന്ന രീതിയിലുള്ള ഭീഷണി സന്ദേശങ്ങളും ചിലർക്ക് ലഭിക്കുന്നുണ്ട്.
ഫോൺ സെറ്റിങ്സിലെ 'സിസ്റ്റം അപ്‌ഡേറ്റ്' വഴി അല്ലാതെ ബ്രൗസർ വഴിയോ മറ്റ് മെസേജുകൾ വഴിയോ വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. 'ഇൻസ്റ്റാൾ ഫ്രം അൺനോൺ സോഴ്സസ്' എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്തു വയ്ക്കാനും വിശ്വസനീയമായ ആന്റിവൈറസ് മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കണം. അബദ്ധത്തിൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉടൻ ഇന്റർനെറ്റ് വിച്ഛേദിക്കുകയും ബാങ്കിങ് പാസ്‌വേഡുകൾ മാറ്റുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."