മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിൽ സമസ്ത മുന്നിൽ: ജിഫ് രി തങ്ങൾ
ആയഞ്ചേരി(കോഴിക്കോട്): ഗുണപരമായ വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പ്രസക്തി വർധിക്കുന്ന സാഹചര്യത്തിൽ സമസ്ത മുന്നോട്ടുവയ്ക്കുന്ന മത-ഭൗതിക വിദ്യാഭ്യാസ സംവിധാനം മഹത്തരമാണെന്നും കുറഞ്ഞ കാലയളവിൽ തന്നെ ആളുകളിലുണ്ടാക്കിയ വിശ്വാസം വളരെ വലുതാണെന്നും സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ. ശംസുൽ ഉലമ എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ആയഞ്ചേരിയിൽ ആരംഭിക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇന്റഗ്രേറ്റഡ് കാംപസിന്റെ പ്രഥമ സംരംഭമായ ശരീഅ പ്ലസ് കോളജിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മതപ്രബോധന പ്രവര്‍ത്തനങ്ങളും മതകീയചിന്തകളും ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്ന സമകാലിക കാലത്ത് സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുന്ന എസ്.എൻ.ഇ.സിയുടെ സ്ട്രീമുകൾ ഉൾക്കൊള്ളുന്ന കാംപസ് നാടിന്റെ വളർച്ചയ്ക്ക് ഏറെ സഹായകമാവുമെന്നും തങ്ങൾ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ബഷീർ അബ്ദുല്ലാഹ് ഫൈസി ചീക്കോന്ന് അധ്യക്ഷനായി. എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാൻ പി.എം അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ബ്രോഷർ പ്രകാശനം ചെയ്തു.
സനാഉല്ല തങ്ങൾ, അലി തങ്ങൾ പാലേരി, ഷറഫുദ്ദീൻ ജിഫ് രി, കെ.സി മുജീബ് റഹ്മാൻ, മൊയ്തു മുസ്‌ലിയാർ ചിങ്ങാണ്ടി, ടി.ടി.കെ കാദറാജി, ഹമീദ് ഹാജി മരുന്നുർ, മൂസ ഹാജി കക്കോട്ട്, മുഹമ്മദ് പടിഞ്ഞാറത്തറ, കോട്ടയിൽ ഇബ്രാഹിം, എ.സി മൊയ്തുഹാജി, കരീം മാങ്ങോട്, അസീസ് ദാരിമി സംബന്ധിച്ചു. റാഷിദ് കാക്കുനി സ്വാഗതവും കബീർ റഹ്‌മാനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."