മദ്യനയക്കേസിൽ ജഡ്ജിക്കെതിരേ സത്യഗ്രഹവുമായി കെജ്‌രിവാള്‍, കോടതിയില്‍ ഹാജരാകില്ലെന്ന് പ്രഖ്യാപനം
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതില്‍നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ പിന്മാറാത്തതില്‍ പ്രതിഷേധിച്ച് സത്യഗ്രഹവുമായി ആംആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ജസ്റ്റിസ് ശര്‍മയുടെ ആര്‍.എസ്.എസ് ബന്ധം ചൂണ്ടിക്കാട്ടിയ കെജ്‌രിവാള്‍, കോടതിയില്‍ നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ ഹാജരാകില്ലെന്നും വ്യക്തമാക്കി.
ജഡ്ജിക്ക് പക്ഷപാതമുണ്ടെന്ന് ആരോപിച്ച് കേസ് പരിഗണിക്കുന്നതില്‍ നിന്ന് അവര്‍ പിന്മാറണമെന്ന് കെജ്‌രിവാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ഗാന്ധിയന്‍ രീതിയിലുള്ള സത്യഗ്രഹം പ്രഖ്യാപിച്ച് അദ്ദേഹം കത്തയച്ചത്.
ജസ്റ്റിസ് ശര്‍മയുടെ കോടതിയില്‍ നിന്ന് തനിക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചതായി കെജ്‌രിവാള്‍ വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. നീതി നടപ്പായാല്‍ മാത്രം പോരാ, അത് നടപ്പാകുന്നുണ്ടെന്ന് ലോകത്തിന് ബോധ്യപ്പെടുകയും വേണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജുഡീഷ്യറിയോടുള്ള പൂര്‍ണ്ണമായ ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ, മനസാക്ഷിയുടെ വിളി കേട്ടാണ് ഈ സത്യഗ്രഹമെന്ന് കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു. ഈ കേസില്‍ ജസ്റ്റിസ് ശര്‍മയ്ക്ക് മുന്നില്‍ ഇനി വാദങ്ങള്‍ നിരത്തില്ല. അതേസമയം, കേന്ദ്ര സര്‍ക്കാരുമായോ ബി.ജെ.പിയുമായോ ആര്‍.എസ്.എസുമായോ ബന്ധമില്ലാത്ത മറ്റു കേസുകളില്‍ ഈ കോടതിയില്‍ ഹാജരാകുന്നതിന് തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ സത്യപ്രതിജ്ഞ ചെയ്തത് ഭരണഘടനയോടാണെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ കഴിഞ്ഞയാഴ്ച പ്രതികരിച്ചിരുന്നു. കേസില്‍ നിന്ന് പിന്മാറുന്നത് എളുപ്പമാണെങ്കിലും, കോടതിയുടെ അന്തസ്സ് സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറണമെന്ന ആവശ്യം അവര്‍ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."