സ്‌ട്രോങ് റൂമിലെ സുരക്ഷാവീഴ്ച: യു.ഡി.എഫ് ഹരജി ഇന്ന് പരിഗണിക്കും
കോഴിക്കോട്: വോട്ടിങ് മെഷിനുകൾ സൂക്ഷിച്ച വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്‌ലാം സ്‌കൂളിലെ സ്‌ട്രോങ് റൂമിന് സമീപത്തെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കലക്ടർക്കും വരണാധികാരിക്കുമെതിരേ നടപടി ആവശ്യപ്പെട്ടുള്ള യു.ഡി.എഫ് ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സുരക്ഷാവീഴ്ച വരുത്തിയ പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലെ വരാണാധികാരികൾക്കെതിരേയും കലക്ടർക്കെതിരേയും നടപടി ആവശ്യപ്പെട്ടാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്റും കൊയിലാണ്ടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. പ്രവീൺകുമാർ അഡ്വ. ബാബു ജോസഫ് മുഖേന വെള്ളിയാഴ്ച ഹരജി സമർപ്പിച്ചത്.
ഏപ്രിൽ 20നായിരുന്നു വെള്ളിമാടുകുന്നിലെ സ്ട്രോങ് റൂമിന് സമീപത്തെ തെരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിച്ച മുറി തുറന്നത്. സംഭവത്തിൽ വീഴ്ചവരുത്തിയ പേരാമ്പ്ര റിട്ടേണിങ് ഓഫിസർക്കെതിരേ കലക്ടർക്ക് യു.ഡി.എഫ് പരാതി നൽകിയിരുന്നു. കൂടാതെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ പ്രത്യേകം നിർദേശം നൽകിയിട്ടും അത് ലംഘിച്ചുകൊണ്ട് കൊയിലാണ്ടി മണ്ഡലത്തിന്റെ റിട്ടേണിങ് ഓഫിസർ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിനടുത്തുള്ള സുരക്ഷാവലയത്തിൽ (ഇന്നർ പെരീമീറ്റർ) നിയമവിരുദ്ധമായി പ്രവേശിച്ചിരുന്നു.
ഈ രണ്ട് സംഭവങ്ങളിലും ചിത്രങ്ങൾ സഹിതം പരാതി നൽകിയിട്ടും കലക്ടർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് യു.ഡി.എഫ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."