ഭക്തിഗാനങ്ങളുടെ മറവില്‍ തോക്കിന്‍മുനയില്‍ തടങ്കല്‍; ഐഎഎസ് അക്കാദമി ഡയറക്ടറെ ഭോപ്പാലില്‍ തട്ടിക്കൊണ്ടുപോയി 1.89 കോടി കവര്‍ന്നു
ഭോപ്പാല്‍: രാജ്യത്തെ പ്രമുഖ ഐഎഎസ് കോച്ചിങ് സെന്ററായ 'ശുഭ്ര രഞ്ജന്‍ അക്കാദമി'യുടെ ഡയറക്ടറെ തോക്കിന്‍ മുനയില്‍ തടങ്കലിലാക്കി 1.89 കോടി രൂപ തട്ടിയെടുത്തു. സെമിനാറിനെന്ന വ്യാജേന ഭോപ്പാലിലേക്ക് വിളിച്ചുവരുത്തിയാണ് ഡയറക്ടര്‍ ശുഭ്ര രഞ്ജനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. അക്കാദമിയുടെ ഭോപ്പാല്‍ ഫ്രാഞ്ചൈസി നടത്തിയിരുന്ന പ്രിയങ്ക് ശര്‍മ്മയാണ് ഈ വന്‍ കവര്‍ച്ചയുടെ മുഖ്യസൂത്രധാരന്‍.
കവര്‍ച്ചാ ലക്ഷ്യത്തോടെ കുറ്റകൃത്യത്തിന് ഒരു ദിവസം മുമ്പ് മാത്രം വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിലേക്കാണ് ശുഭ്രയെ എത്തിച്ചത്. നാല് മണിക്കൂറോളം തോക്കിന്‍മുനയില്‍ നിര്‍ത്തിയായിരുന്നു പണം തട്ടിയത്. ശുഭ്രയുടെയും കൂടെയുള്ളവരുടെയും കരച്ചിലും ബഹളവും പുറത്തുകേള്‍ക്കാതിരിക്കാന്‍ പ്രതികള്‍ ഫ്‌ളാറ്റില്‍ ഉച്ചത്തില്‍ 'സുന്ദരകാണ്ഡം' പാരായണവും ഭക്തിഗാനങ്ങളും വച്ചിരുന്നുവെന്ന് പൊലിസ് കണ്ടെത്തി. ആയുധധാരികളായ അഞ്ചോളം പേരാണ് ഫ്‌ളാറ്റില്‍ കാത്തുനിന്നത്.
1.89 കോടി രൂപ ഓണ്‍ലൈനായി കൈമാറിയതിന് ശേഷവും പൊലിസിനെ അറിയിക്കാതിരിക്കാന്‍ പ്രതികള്‍ ക്രൂരമായ ഭീഷണി മുഴക്കി. ഒരാളെ പെട്ടിയിലടച്ച് കൊല്ലാന്‍ ശ്രമിക്കുന്ന രീതിയിലുള്ള വ്യാജ വിഡിയോ കാണിച്ച്, പരാതിപ്പെട്ടാല്‍ ശുഭ്രയുടെ കുടുംബത്തെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
മോചിപ്പിക്കപ്പെട്ട ശേഷം ശുഭ്ര നല്‍കിയ പരാതിയില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. പിടിയിലാകുമെന്ന് ഉറപ്പായതോടെ പ്രിയങ്ക് ശര്‍മ്മ അസുഖം അഭിനയിച്ച് ഭോപ്പാല്‍ എയിംസിലെ ഐസിയുവില്‍ അഡ്മിറ്റായി. എന്നാല്‍ പൊലിസ് ഡോക്ടര്‍മാരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇയാള്‍ സുരക്ഷിതനാണെന്ന് കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
സംഭവത്തില്‍ ആറ് പ്രതികളെ പൊലിസ് ഇതിനോടകം അറസ്റ്റ് ചെയ്തു. കൈമാറ്റം ചെയ്യപ്പെട്ട തുക ബാങ്ക് അക്കൗണ്ടുകളില്‍ മരവിപ്പിക്കാന്‍ സാധിച്ചത് വലിയ ആശ്വാസമായി. തോക്കും മൊബൈല്‍ ഫോണുകളും വാഹനങ്ങളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
In a pre-planned heist, the director of a Delhi-based IAS academy was lured to Bhopal, held captive in a rented flat for four hours, and forced to transfer ₹1.89 crore while the kidnappers played loud religious music to mask her screams.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."