അന്ന് തളിപ്പറമ്പില്‍ സ്റ്റാറായി, ഇന്ന് പിണറായിയെ 'ധര്‍മ'സങ്കടത്തിലാക്കി.. ആരാണ് അബ്ദുല്‍ റഷീദ്?
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച സി.പി.എമ്മിന്റെ കരുത്തുറ്റ കോട്ടയായ ധര്‍മ്മടത്ത് ഒരു യുവ നേതാവിനെ നിര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് തോല്‍വിയെക്കാള്‍ അപ്പുറം മികച്ച ഒരു മറുപടി നല്‍കുക എന്ന് മാത്രമാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകളെ മറികടന്ന് അഞ്ച് റൗണ്ടുകളില്‍ പിണറായി വിജയന്‍ 'പിന്നില്‍' എന്നെഴുതിക്കാണിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കാന്‍ റഷീദിനായി. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം ഇങ്ങനെയൊരു ബ്രേക്കിങ് ന്യൂസ് മാധ്യമങ്ങളില്‍ തെളിയുന്നത്.
ഇത്തരമൊരു വാര്‍ത്ത വന്നതിന് പിന്നാലെ ആരാണ് യു.ഡി.എഫിന്റെ ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയെന്നാണ് എല്ലാവരും തിരഞ്ഞത്. എന്നാല്‍ ഇത് പുതുമയല്ല. 2021 ല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ റഷീദ് ഞെട്ടിച്ചിരുന്നു. 2016ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിംസ് മാത്യു നേടിയ ഭൂരിപക്ഷം പകുതിയായി കുറയ്ക്കാന്‍ അബ്ദുള്‍ റഷീദിന് സാധിച്ചു. അതാണ് യു.ഡി.എഫിന്റെ തുറുപ്പു ചീട്ടായി പിണറായി വിജയനെതിരേ മത്സരിക്കാന്‍ അബ്ദുള്‍ റഷീദിനെ നിയോഗിച്ചത്.
മണ്ഡലത്തില്‍ പരിചിതനല്ലെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളയായ നേട്ടങ്ങളേയും മുഖ്യമന്ത്രിയുടെ ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും അക്കമിട്ട് നിരത്തിയാണ് റഷീദ് പ്രചാരണം നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ അബ്ദുല്‍ റഷീദ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി അംഗം കൂടിയാണ്. മയ്യില്‍ ഗ്രാമപഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഉമ്മയുടെ നാടായ ചെറുപുഴ ജാനകി മെമ്മോറിയല്‍ സ്‌കൂള്‍, കാക്കയംച്ചാല്‍ സെന്റ് മേരിസ് ഹൈസ്‌കൂള്‍, വയക്കര ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍. ബിരുദ വിദ്യാഭ്യാസം കണ്ണൂര്‍ എസ്.എന്‍ കോളജില്‍. തുടര്‍ന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി തലശേരി പാലയാട് നിയമ കലാലയത്തില്‍ നിന്ന് നിയമബിരുദം നേടി. ഡോക്ടര്‍ ഷഹലയാണ് ഭാര്യ മക്കള്‍: മുഹമ്മദ് റഷ്ദാന്‍, ഇനാറ ഫാത്തിമ.
അതേസമയം, 2016ല്‍ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിലും കഴിഞ്ഞ തവണ 50123 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് പിണറായി വിജയന്‍ ധര്‍മടത്തു നിന്നും ജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് രണ്ടുവര്‍ഷത്തിന് ശേഷമുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് ബൂത്ത് തലത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമായിരുന്നു. 165 ബൂത്തുകളില്‍ 80 ല്‍ യുഡിഎഫും 85 ല്‍ എല്‍ഡിഎഫിനുമായിരുന്നു ഭൂരിപക്ഷം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തായ ആര്‍സി അമല സ്‌കൂളില്‍ 794 വോട്ടായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 907 വോട്ട് ഇവിടെ എല്‍ഡിഎഫിന് ലഭിച്ചതാണ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2616 വോട്ടിന്റെ ഭൂരിപക്ഷവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 25, 577 വോട്ടിന്റെ ഭൂരിപക്ഷവുമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്താണ് ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."