ഹുങ്കൊടിഞ്ഞു, ക്യാപ്റ്റന്റെ ഫിഗറും
കോഴിക്കോട്: ഇടതിന് ഇത് വെറുമൊരു തോൽവിയല്ല, കനത്ത ആഘാതമാണ്. ഇടതിന്റെ ഹൃദയം നിലയ്ക്കുന്ന വിധി. പത്തുവര്‍ഷം ഭരിച്ചിട്ടും വികസനവും ക്ഷേമവും മുൻനിർത്തി പ്രചാരണം നടത്തിയിട്ടും ഇടതുപക്ഷത്തിനേറ്റത് ഹുങ്കിനുള്ള തിരിച്ചടി. പിണറായി വിജയന്റെ ഏകാധിപത്യവും വണ്‍മാന്‍ഷോയും ജനത്തിന് ദഹിച്ചില്ലെന്ന് വിലയിരുത്താം. ഇടതിനെ നയിച്ച ക്യാപ്റ്റന്റെ പതനം തന്നെയാണ് വന്‍ തോല്‍വിയിയുടെ ചുരുക്കം.
പൊതുജനത്തിന് മാത്രമല്ല, ചരിത്രനേട്ടത്തിലൂടെ അധികാരത്തിലെത്തിച്ച അണികള്‍ക്കു പോലും മടുപ്പുണ്ടാക്കുന്ന സമീപനമുണ്ടായി എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ജനത്തെ നിസാരവത്കരിച്ച് വലിയ വായില്‍ സംസാരിക്കുമ്പോള്‍ അവര്‍ ഉള്ളിലൊളിപ്പിച്ച പ്രതികാരം വോട്ടിലൂടെ തീര്‍ക്കുകയായിരുന്നു. മത്സരഫലം പ്രവചനാതീതമെന്ന വാര്‍ത്തകളെ തകിടംമറിച്ച് യു.ഡി.എഫ് നേടിയ വമ്പന്‍ ജയം അവരുടെ കരുത്തിനേക്കാളേറെ പിണറായി വിജയന്‍ സര്‍ക്കാര്‍ മാറണമെന്ന കേരള ജനതയുടെ ആഗ്രഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഭൂരിപക്ഷ സമുദായത്തെ പിണിക്കാതിരിക്കാന്‍ വെള്ളാപ്പള്ളിയുടെ വിഷവാചകങ്ങള്‍ക്ക് ചുവന്ന പരവതാനി വിരിച്ചത് മലയാളിയുടെ മതേതര മനസ്സിനെ വേദനപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടുതവണയും മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിച്ച ഇടതുപക്ഷം ഇത്തവണ അവരെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പല ഘട്ടങ്ങളിലും മുസ് ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ടാക്കുന്ന സമീപനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രീതിനേടുന്നതിലും സര്‍ക്കാര്‍ പരാജയമായികരുന്നു.
എല്ലാ രംഗത്തുമുള്ള അതൃപ്തി തന്നെയാണ് തദ്ദേശത്തിലും തുടര്‍ന്ന് നിയമസഭയിലും ഇടതിനെ കേരളത്തിൽ നിന്ന് തൂത്തെറിഞ്ഞത്. വീടുകളുടെ കരവും പുതിയ വീടുകളുടെ പെര്‍മിറ്റ് ഫീസും ഉള്‍പ്പെടെ വര്‍ധിപ്പിച്ചത് ജനത്തെ പ്രയാസപ്പെടുത്തിയിരുന്നു. അതിന്റെ പ്രതിഫലനമാണ് തദ്ദേശത്തില്‍ ആഞ്ഞുവിശീയത്. തുർന്ന് ജനം നിയമസഭയിലും പണികൊടുത്തു. ക്ഷേമ പെൻഷൻ ഉൾപ്പെടെ പോസിറ്റീവായി പറഞ്ഞെങ്കിലും ആരെയും കൂസാതെയുള്ള സർക്കാരിന്റെ അമിത ആത്മവിശ്വാസത്തിന് അധികം ആയുസുണ്ടായില്ല.
ദുരന്തങ്ങളിലും മഹാമാരികളിലും കേരളജനത ഇടതിനെ ചേർത്തുപിടിച്ചപ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് ആരോഗ്യ രംഗത്ത് വലിയ പഴിയാണ് കേൾക്കേണ്ടിവന്നത്. ആതുര രംഗത്തെ ആകുലതകൾ ജനത്തെ മാറിച്ചിന്തിപ്പിച്ച പ്രധാന ഘടകമാണ്. യു.ഡി.എഫിന്റെ വാഗ്ദാനങ്ങൾക്കപ്പുറം രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരടക്കം കടപുഴകിയതിനു പിന്നിൽ പ്രവർത്തിച്ച ഫാക്ടർ അധികം തിരയേണ്ടതില്ല. ഭരണത്തിന്റെ ഭാരമനുഭവിച്ച ജനം അറിഞ്ഞുനൽകിയ ഷോക്കാണിത്. കണക്കൂട്ടലുകൾപ്പുറം കേരളം നൽകിയ ഈ പാഠം പഠിക്കാൻ ഇടതുമുന്നണി തയാറായില്ലെങ്കിൽ തിരിച്ചുവരവ് കഠിനമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."