പെരിന്തല്‍മണ്ണയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പ്രസന്റേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തേജസ് ജീവനൊടുക്കിയ സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി കുടുബം. അധ്യാപകരുടെ മാനസിക പീഡനമാണ് തേജസിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ തേജസിന്റെ കുടുംബം മലപ്പുറം എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അധ്യാപകര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് കുടുംബം ടിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ടിസി നല്‍കാന്‍ വിസമ്മതിച്ചു. മോറല്‍ സയന്‍സില്‍ മാര്‍ക്ക് കുറവായതിനാല്‍ പരീക്ഷ എഴുതിയ ശേഷം മാത്രമേ ടിസി നല്‍കൂവെന്നാണ് സ്‌കൂള്‍ അധികൃതര്‍ നിലപാടെടുത്തതെന്ന് കുടുംബം പറയുന്നു.
തേജസിന്റെ മരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ സ്‌കൂളിനെതിരെ സമരം നടത്തി. സമരത്തിനെത്തി റോഡ് ഉപരോധിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളിനകത്ത് കുത്തിയിരിപ്പ് സമരം നടത്തി. സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച ചെയ്ത് തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് എസ്എഫ്‌ഐ നിലപാട്.
അതേസമയം, കുടുംബത്തിന്റെ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷധിച്ചു. അധ്യാപകരില്‍ നിന്ന് കുട്ടിക്ക് യാതൊരു തരത്തിലുള്ള മാനസിക പീഡനവും ഉണ്ടായിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമിങ്ങ് ഉള്‍പ്പെടെയുള്ള സംശയങ്ങളും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."