ഫ്രഷ് ആയി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വി.ഡി.എസ്
കൊച്ചി: ലാളിത്യവും അച്ചടക്കവും മനുഷ്യബന്ധങ്ങളും കൈവിടാത്ത നേതാവെന്ന പേരുമായാണ് വി.ഡി സതീശൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.
രാഷ്ട്രീയജീവിതത്തിൽ ഗുരുസ്ഥാനത്ത് കണ്ടിരുന്നത് അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ജി. കാർത്തികേയനെയായിരുന്നു. സതീശന്റെ ജനങ്ങളോടുള്ള ഇടപെടലിലും ലാളിത്യത്തിലും അതിന്റെ സ്വാധീനം പ്രകടമാണെന്ന് സഹപ്രവർത്തകർ പറയുന്നു.
നെഹ്റൂവിയൻ പ്രത്യയശാസ്ത്രം പിന്തുടരുന്നയാളാണ് താനെന്ന് ഇന്നലെ മന്ത്രിമാരെ സംബന്ധിച്ചുള്ള വിവരം പങ്കുവച്ചപ്പോഴും അദ്ദേഹം പറഞ്ഞിരുന്നു.
സ്വകാര്യജീവിതത്തിൽ ഏറെ അച്ചടക്കം പുലർത്തുന്ന സതീശൻ, വൃത്തിയായി, കൃത്യമായി ഇരിക്കാൻ ഇഷ്ടപ്പെടുന്നു. ആരോഗ്യകാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാറില്ല. ആരോഗ്യസംരക്ഷണത്തിനായി യോഗയും നിയന്ത്രിത ഭക്ഷണശീലവും തുടരുന്നു. രാവിലെ നേരത്തെ എഴുന്നേൽക്കുന്ന ശീലം വർഷങ്ങളായുണ്ട്. വസ്ത്രങ്ങൾ മുഷിയാതെ ഇരിക്കാൻ പരമാവധി ശ്രദ്ധ പുലർത്തുന്നയാളാണ്.
എത്ര തിരക്കുണ്ടെങ്കിലും പുസ്തകവായനയ്ക്കായി സമയം മാറ്റിവയ്ക്കും. രാത്രി വായിക്കാതെ ഉറങ്ങാറില്ലെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്.
ഒ.വി വിജയൻ രചിച്ച ഖസാക്കിന്റെ ഇതിഹാസം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ്. കോളജുകാലത്ത് ആ നോവലിലെ ഭാഗങ്ങൾ മനഃപാഠമാക്കാൻ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം ഒരിക്കൽ വ്യക്തമാക്കിയിരുന്നു. ചരിത്രത്തെയും രാഷ്ട്രീയത്തെയും പുസ്തകങ്ങളിലൂടെ മനസിലാക്കാൻ ശ്രമിക്കുന്ന നേതാവെന്ന വിലയിരുത്തലാണ് അടുത്തറിയുന്നവർ പങ്കുവയ്ക്കുന്നത്.
ഭക്ഷണത്തിലും ലാളിത്യം തന്നെയാണ് മുഖമുദ്ര. ദോശയും ചോറും മാമ്പഴ പുളിശ്ശേരിയുമാണ് ഏറെ ഇഷ്ടമുള്ള വിഭവങ്ങൾ.
രാഷ്ട്രീയത്തിന്റെ തിരക്കുകൾക്കിടയിലും കുടുംബബന്ധങ്ങൾക്ക് വലിയ വില നൽകുന്നു. 'എന്റെ ഏറ്റവും നല്ല സുഹൃത്ത് മകളാണ് 'എന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന സാധാരണ മനുഷ്യന്റെ മുഖം നമുക്ക് അവിടെ കാണാൻ കഴിയും.
ജനങ്ങളോട് അടുപ്പം പുലർത്തുന്ന രാഷ്ട്രീയശൈലിയിൽ ഉമ്മൻ ചാണ്ടിയെ സതീശൻ ഓർമിപ്പിക്കാറുണ്ട്. ഉമ്മൻചാണ്ടിയുടെ വേർപാടാണ് ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ച സംഭവങ്ങളിലൊന്നെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."