ആറന്മുള വള്ളംകളി: മല്ലപ്പുഴശേരിയും തൈമറവുകരയും ജേതാക്കള്‍
പത്തനംതിട്ട: പമ്പാതീരത്ത് തടിച്ചു കൂടിയ പതിനായിരങ്ങളെ ആവേശത്തില്‍ ആറാടിച്ച ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ മല്ലപ്പുഴശേരിയും, തൈമറവുകരയും ജേതാക്കളായി. എ ബാച്ച് ഫൈനല്‍ മത്സരത്തില്‍ മേലുകരയേയും, മാരാമണ്ണിനെയും വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് മല്ലപ്പുഴശേരി പള്ളിയോടം മന്നം ട്രോഫിയില്‍ മുത്തമിട്ടത്. ഈ വിഭാഗത്തില്‍ മേലുകരയും മാരാമണ്ണും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 5.19.20 സെക്കന്‍ഡ് സമയമെടുത്താണ് മല്ലപ്പുഴശേരി മുന്നിലെത്തിയത്.
ആവേശം നിറഞ്ഞ ബി ബാച്ച് ഫൈനലില്‍ മൂന്ന് പള്ളിയോടങ്ങള്‍ ഒപ്പത്തിനൊപ്പമാണ് തുഴയെറിഞ്ഞത്. 6.29 സെക്കന്‍ഡുകള്‍കൊണ്ടാണ് തൈമറവുകര മുന്നിലെത്തിയത്. വന്മഴി 6.30 സെക്കന്‍ഡെടുത്ത് രണ്ടും, മംഗലം 6.31 സെക്കന്‍ഡില്‍ മൂന്നും സ്ഥാനങ്ങള്‍ ബി ബാച്ചില്‍ കരസ്ഥമാക്കി.
എ ബാച്ച് പള്ളിയോടങ്ങളുടെ പ്രഥമ പാദ മത്സരത്തില്‍ മല്ലപ്പുഴശേരി, മാരാമണ്‍, മേലുകര പള്ളിയോടങ്ങള്‍ ഉള്‍പ്പെട്ട ബാച്ചാണ് ഒരുപോലെ തുഴയെറിഞ്ഞ് ഫൈനലില്‍ ഇടം നേടിയത്. 6.19.059 സെക്കന്‍ഡുകള്‍കൊണ്ടാണ് മൂന്ന് പള്ളിയോടങ്ങളും ഫൈനലിലെത്തിയത്. ബി വിഭാഗം പള്ളിയോടങ്ങളുടെ പ്രഥമപാദ മത്സരത്തില്‍ മംഗലം, വന്മഴി, തൈമറവുകര എന്നീ പള്ളിയോടങ്ങള്‍ 6.54 സെക്കന്‍ഡില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
മത്സരത്തിനു മുന്‍പായി വര്‍ണപ്പകിട്ടാര്‍ന്ന ജലഘോഷയാത്ര നടന്നു. ആടയാഭരണങ്ങള്‍ അണിഞ്ഞ് വഞ്ചിപ്പാട്ടിന്റെ താളത്തില്‍ ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള 50 പള്ളിയോടങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
തുടര്‍ന്ന് ജലോത്സവത്തിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി മാത്യു ടി തോമസ് നിര്‍വഹിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി ശശിധരന്‍പിള്ള അധ്യക്ഷനായി.
ആറന്മുള വള്ളംകളിക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് അഞ്ച് ലക്ഷം രൂപയില്‍ നിന്നും പത്ത് ലക്ഷമായി വര്‍ധിപ്പിച്ചതായി ടൂറിസം മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചതായി വീണാ ജോര്‍ജ് എം.എല്‍.എ ചടങ്ങില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."