ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ
ഗസ്സ: ഗസ്സ മുനമ്പിലെ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇയുടെ മാനുഷിക സഹായ പദ്ധതിയായ ഓപ്പറേഷന്‍ ചിവല്‍റസ് നൈറ്റ് 3 പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളുടെ പരിശ്രമങ്ങളെ അംഗീകരിക്കുന്നതിനും മതവിദ്യാഭ്യാസ രംഗത്തെ അവരുടെ മുന്നേറ്റത്തിന് പ്രോത്സാഹനം നല്‍കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ഗസ്സയില്‍ തുടരുന്ന പ്രതിസന്ധികള്‍ക്കിടയിലും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ധാര്‍മിക മൂല്യങ്ങളും ആത്മവിശ്വാസവും പകര്‍ന്നുനല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള മാനുഷികസാമൂഹിക പദ്ധതികളുടെ ഭാഗമായാണ് ഈ ചടങ്ങ് നടന്നത്.
ആയിരക്കണക്കിന് രക്ഷിതാക്കളും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഗസ്സയിലെ വഖ്ഫ് - മതകാര്യ മന്ത്രാലയം, ഇഖ്‌റഅ് അസോസിയേഷന്‍, ദാര്‍ അല്‍ ഖുര്‍ആന്‍ അല്‍ കരീം, ദാര്‍ അല്‍ ഇത്ത്ഖാന്‍, യങ് മുസ്ലിം വിമന്‍സ് അസോസിയേഷന്‍, അല്‍ സഫാ അക്കാദമി, അല്‍ സഹാബ അസോസിയേഷന്‍ എന്നിവയുള്‍പ്പെടെയുള്ള ഖുര്‍ആന്‍ പഠനസാമൂഹിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായി.
പരിപാടിയില്‍ കുട്ടികള്‍ ഖുര്‍ആന്‍ പാരായണം നടത്തി. മതപരമായ ഗാനങ്ങളും അവതരിപ്പിച്ചു. ഖുര്‍ആന്‍ മനഃപാഠമാക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ പ്രത്യേകം ആദരിക്കുകയും ചെയ്തു. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും വിശ്വാസവും മൂല്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ടുള്ള കുട്ടികളുടെ ആത്മസമര്‍പ്പണത്തെ ചടങ്ങില്‍ അനുമോദിച്ചു.
ചടങ്ങിന്റെ സമാപനത്തില്‍ ആദരിക്കപ്പെട്ട കുട്ടികള്‍ക്ക് യുഎഇയുടെ നേതൃത്വത്തില്‍ സാമ്പത്തിക സഹായവും സമ്മാനങ്ങളും വിതരണം ചെയ്തു. ഖുര്‍ആന്‍ പഠനം തുടര്‍ന്നുകൊണ്ടുപോകാനും ഔപചാരിക വിദ്യാഭ്യാസത്തിലും മുന്നേറാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സഹായങ്ങള്‍ നല്‍കിയതെന്ന് സംഘാടകര്‍ അറിയിച്ചു.
ഗസ്സയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം, സംരക്ഷണം, മാനസിക പിന്തുണ, പ്രതീക്ഷ എന്നിവ നല്‍കുന്നതിനുള്ള വിവിധ പദ്ധതികള്‍ ഓപ്പറേഷന്‍ ചിവല്‍റസ് നൈറ്റ് 3 മുഖേന യുഎഇ തുടരുന്നുണ്ട്. ഭക്ഷ്യസഹായം, ചികിത്സാ സേവനങ്ങള്‍, അഭയകേന്ദ്രങ്ങള്‍, അനാഥകുട്ടികള്‍ക്കുള്ള പിന്തുണ എന്നിവ ഉള്‍പ്പെടെ നിരവധി മാനുഷിക ഇടപെടലുകളും ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരികയാണ്.
English Summary:
The UAE's humanitarian initiative, Operation Chivalrous Knight 3, honoured 600 young Quran memorisers in the Gaza Strip during a special ceremony attended by thousands of family members and representatives of religious and community organisations. The event aimed to encourage children to continue their Quranic studies and education despite the ongoing humanitarian crisis. The programme featured Quran recitations, recognition of outstanding students, and the distribution of financial grants and gifts as part of the UAE's continued support for Gaza's younger generation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."