അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്
മലപ്പുറം: അറിവിന്റെ അമൃതവെളിച്ചവുമായി കേരളക്കരയിലും പുറത്തും പ്രഭപരത്തിയ പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാരുടെ വേർപാടോടെ അവസാനിക്കുന്നത് പട്ടിക്കാട് ജാമിഅ നൂരിയയയിലെ നാലരപതിറ്റാണ്ട് കാലത്തെ നീണ്ട ധന്യവും ഭാസുരവുമായ ഒരു അക്കാദമിക യുഗം. ജാമിഅ നൂരിയ്യയുടെ അക്ഷരമുറ്റത്ത് പ്രഭ ചൊരിഞ്ഞ ആ വൈജ്ഞാനിക ദീപം അണയുമ്പോൾ, വിതുമ്പുന്നത് അതിരുകളില്ലാത്ത അദ്ദേഹത്തിന്റെ ശിഷ്യസഞ്ചയവും പണ്ഡിതലോകവുമാണ്. പണ്ഡിതപ്രതിഭ, സംഘാടകൻ, എഴുത്തുകാരൻ, അതിലുപരി സൗമ്യനായ വഴികാട്ടി എന്നീ നിലകളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങുന്നത്.
ആത്മീയതയും വിജ്ഞാന തൃഷ്ണയും ചെറുപ്പത്തിലേ കൈമുതലാക്കിയ ആലിക്കുട്ടി മുസ്്ലിയാർ പാരമ്പര്യ പ്രഭ ചൊരിയുന്ന ദർസ് പഠനത്തിലേക്ക് തിരിഞ്ഞു. ഇരുമ്പുഴി തെക്കുംമുറി, പുത്തനങ്ങാടി, അരിപ്ര, പടിഞ്ഞാറ്റുമുറി തുടങ്ങിയ പ്രസിദ്ധമായ ദർസുകളിലായിരുന്നു അറിവുതേടൽ.
പെരിന്തൽമണ്ണ സൈതാലി മുസ്്ലിയാർ, കെ.ടി മുഹമ്മദ് മുസ്്ലിയാർ വളപുരം, മൊയ്തീൻ മുസ്്ലിയാർ പടിഞ്ഞാറ്റുമുറി, അബ്ദുൽ ഖാദിർ (കായി) മുസ്്ലിയാർ, പെരിമ്പലം ബാപ്പുട്ടി മുസ്്ലിയാർ തുടങ്ങിയ പ്രമുഖ ഗുരുശ്രേഷ്ഠരുടെ തണലിൽ അദ്ദേഹം ഇസ്്ലാമിക വൈജ്ഞാനിക ശാഖകളിൽ ആഴത്തിലുള്ള അറിവ് നേടി.1964ലാണ് ഉപരിപഠനത്തിന്റെ വിശാല ലോകം തേടി അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ പടിവാതിലുകൾ കടന്നെത്തുന്നത്.
1968 വരെ നീണ്ട ആ അക്കാദമിക ജീവിതം അദ്ദേഹത്തിലെ പണ്ഡിതനെ പക്വതയുള്ളവനാക്കി. ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്്ലിയാർ, കോട്ടുമല അബൂബക്കർ മുസ്്ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്്ലിയാർ, കെ.സി ജമാലുദ്ദീൻ മുസ്്ലിയാർ, വെല്ലൂർ അബൂബക്ര് ഹസ്രത്ത്, കെ.പി ഉസ്മാൻ സാഹിബ് തുടങ്ങിയ ഇസ്്ലാമിക ലോകത്തെ സൂര്യതേജസുകളായ ഗുരുനാഥന്മാരിൽ നിന്നാണ് അദ്ദേഹം വിജ്ഞാനം പകർന്നെടുത്തത്. 1968ൽ ജാമിഅയുടെ അഭിമാനകരമായ ഫൈസി ബിരുദം നേടി അദ്ദേഹം പുറത്തിറങ്ങി.തുടർന്ന് മീനാർകുഴി, ചെമ്മൻങ്കടവ് എന്നീ പ്രമുഖ ദർസുകളിൽ വൈജ്ഞാനിക വെളിച്ചം പകർന്ന് മുഖ്യ മുദർരിസായി തിളങ്ങി. 1979ൽ താൻ വിദ്യനുകർന്ന പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് അധ്യാപകനായി അദ്ദേഹം തിരിച്ചെത്തിയപ്പോൾ അതൊരു ചരിത്രനിമിഷമായി മാറി.
2003ൽ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പ്രത്യേക നിർദേശപ്രകാരമാണ് ജാമിഅയുടെ പ്രിൻസിപ്പൽ പദവി ഏറ്റെടുക്കുന്നത്. അരനൂറ്റാണ്ടിനോടടുത്ത് ജാമിഅയുടെ അക്ഷരമുറ്റത്ത് വിജ്ഞാനത്തിന്റെ പ്രകാശം ചൊരിഞ്ഞ ആലിക്കുട്ടി ഉസ്താദ്, വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിലാകുന്നതുവരെയും പ്രിൻസിപ്പൽ പദവിയിലും അധ്യാപന രംഗത്തും മാതൃകാപരമായ നേതൃത്വം നൽകി നിറഞ്ഞുനിന്നു. വിദേശങ്ങളിൽ നിന്നും മടങ്ങി എത്തുന്ന ദിവസങ്ങളിൽ പോലും ജാമിഅയിലെ ക്ലാസുകൾക്ക് മുടക്കം വരാതിരിക്കാൻ അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."