ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്
മലപ്പുറം: തിരുരങ്ങാടിയിലെ വിവിധ ഹോട്ടലുകളില്‍ ചിക്കന്‍ മന്തി എന്ന പേരില്‍ മറ്റ് മൃഗക്കൊഴുപ്പുകള്‍ ചേര്‍ത്ത് പാചകം ചെയ്ത് വില്‍പ്പന നടത്തിയതായി നഗരസഭ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. രുചിയും കട്ടിയും വര്‍ധിപ്പിക്കാന്‍ പ്രത്യേക ചേരുവകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഉപഭോക്താക്കളെ വ്യക്തമായി അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന നിയമം നിലനില്‍ക്കെയാണ് ഇത് ലംഘിച്ച് മന്തി തയ്യാറാക്കിയിരുന്നതായി അധികൃതര്‍ കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രദേശത്തെ വിവിധ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, മീന്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടത്തി. പരിശോധനയ്ക്കിടെയാണ് നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.
താലൂക്ക് ഓഫീസ് കാന്റീനില്‍ നടത്തിയ പരിശോധനയില്‍ സ്റ്റാളുകളില്‍ നിന്ന് എത്തിച്ച ചിക്കന്‍ രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടി പാചകത്തിനായി സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതര ലംഘനമാണിതെന്ന് വിലയിരുത്തിയ അധികൃതര്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കാന്റീന്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും നോട്ടീസ് കൈമാറുകയും ചെയ്തു.
അതേസമയം, മാര്‍ക്കറ്റ് റോഡിലെ ഒരു സ്ഥാപനത്തില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. താലൂക്ക് ആശുപത്രി കാന്റീനും ബ്ലോക്ക് ഓഫീസ് കാന്റീനും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ തലേദിവസം പാചകം ചെയ്തതും പഴകിയതുമായ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി പിടിച്ചെടുക്കുകയും ചെയ്തു.
പരിശോധനയില്‍ നിയമലംഘനം നടത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കും നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യത്തിന് ഹാനികരമായ രീതിയിലുള്ള ഭക്ഷ്യവില്‍പ്പന അനുവദിക്കില്ലെന്നും നഗരസഭ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നഗരസഭ സെക്രട്ടറി എം.വി. റംസി ഇസ്മായിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശ് എന്‍. ടി.കെ., സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ് എ., ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സ്മിത പി.പി., ശ്രീജി എ.എസ്., വിജേഷ് കുമാര്‍ കെ. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
The Tirurangadi Municipality Enforcement Squad's surprise inspection found that various hotels in Tirurangadi were selling food labeled as "Chicken Mandi" that was actually cooked with fat from other animals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."