ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍
ന്യൂഡല്‍ഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും തുടര്‍ന്ന് രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കും ജനരോഷത്തിനും ഒടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ട് പേജുള്ള രാജിക്കത്ത് സമര്‍പ്പിച്ചാണ് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാവി ദീര്‍ഘകാല നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന ലക്ഷ്യത്തോടെയാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.
'എന്റെ യുവസുഹൃത്തുക്കളെ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിക്കത്ത് ആരംഭിക്കുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐയ്ക്ക് കൈമാറിയതും, പരീക്ഷകള്‍ റദ്ദാക്കി കൂടുതല്‍ സുതാര്യമായി വീണ്ടും നടത്താന്‍ തീരുമാനിച്ചതും സര്‍ക്കാര്‍ സ്വീകരിച്ച നിര്‍ണായക നടപടികളായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ പിന്തുണയ്ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തിയ ധര്‍മേന്ദ്ര പ്രധാന്‍, രാജ്യത്തിന്റെയും വിദ്യാര്‍ഥികളുടെയും താല്‍പര്യമാണ് തനിക്ക് എല്ലായ്‌പ്പോഴും മുന്‍ഗണനയെന്നും കത്തില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങളാണ് നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
2026ലെ നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ആഴ്ചകളോളം ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വിദ്യാര്‍ഥി പ്രതിഷേധങ്ങളും രാഷ്ട്രീയ പ്രക്ഷോഭങ്ങളും അരങ്ങേറി. പ്രതിപക്ഷ പാര്‍ട്ടികളും വിവിധ വിദ്യാര്‍ഥി സംഘടനകളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. പ്രതിഷേധം ശക്തിപ്രാപിക്കുകയും രാഷ്ട്രീയ സമ്മര്‍ദം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ധര്‍മേന്ദ്ര പ്രധാന്‍ ഒടുവില്‍ രാജിവെച്ചത്. അദ്ദേഹത്തിന്റെ രാജിയോടെ നീറ്റ് വിവാദവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
രാജിക്കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട യുവസുഹൃത്തുക്കളേ,
നാല് പതിറ്റാണ്ടിലേറെയായി ഞാന്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുടെയും നന്മയ്ക്കായി എന്നെത്തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്. ശക്തവും ഉള്‍ക്കൊള്ളുന്നതുമായ, ദീര്‍ഘവീക്ഷണമുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ശക്തമായ ഒരു രാജ്യത്തിന്റെ തറക്കല്ല് എന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു.
രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും ന്യായമായ പ്രതീക്ഷകളെയും ഞാന്‍ ആഴത്തില്‍ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിലെ ഒരു ധാര്‍മ്മിക പ്രതിബദ്ധതയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഞാന്‍ അദ്ദേഹത്തോടുള്ള നന്ദി അറിയിക്കുന്നു. എന്നിരുന്നാലും, 2026 മേയ് 3ന് നടന്ന നീറ്റ്‌യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകള്‍ വെളിച്ചത്തുവരികയുണ്ടായി.
വിഷയത്തിന്റെ ഗൗരവം മനസിലാക്കി, കേന്ദ്ര ഉടനടി അന്വേഷണം സിബിഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, അടുത്ത വര്‍ഷം മുതല്‍ ഈ പരീക്ഷ സിബിടി (CBT കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ) രീതിയില്‍ നടത്താനും തീരുമാനമെടുത്തു.
ഈ കാലയളവിലുടനീളം, 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ സുഗമമായി നടത്തുക എന്നതിനായിരുന്നു നമ്മുടെ പ്രഥമ പരിഗണന. 'മുഴുവന്‍ സര്‍ക്കാരും ഒന്നിച്ചുനില്‍ക്കുന്ന' സമീപനം സ്വീകരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്; കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാന സര്‍ക്കാരുകളും പ്രത്യേകിച്ച് ജില്ലാ ഭരണകൂടങ്ങളും നിര്‍ണായക പങ്കുവഹിച്ചു.
വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ 2026 ജൂണ്‍ 21ന് പരീക്ഷ വിജയകരമായി പൂര്‍ത്തിയായി. ആദ്യ ദിവസം മുതല്‍ ഞാന്‍ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സാഹചര്യങ്ങളില്‍ നിന്ന് ഒരിക്കലും പിന്മാറാതിരിക്കുകയും ചെയ്തു. ഒരു മിടുക്കനായ വിദ്യാര്‍ത്ഥിയുടെയും കഴിവ് 'പരീക്ഷാ മാഫിയ' കാരണം ഇല്ലാതാകില്ലെന്നും ഒരു വിദ്യാര്‍ത്ഥിക്കും അനീതി നേരിടേണ്ടി വരില്ലെന്നും ഞാന്‍ ഉറപ്പിച്ചിരുന്നു.
ജൂലൈ 16ന് പ്രഖ്യാപിച്ച നീറ്റ്‌യുജി ഫലങ്ങള്‍ തൃപ്തികരമായിരുന്നു; സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിന്നുള്ള നിരവധി മിടുക്കരായ വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിച്ചു. എന്നിരുന്നാലും, ഈ സമയത്തും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികള്‍ തടസങ്ങള്‍ സൃഷ്ടിക്കാനും വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കാനും ശ്രമിച്ചു, ഇത് എന്നെ ഏറെ വേദനിപ്പിച്ചു.
നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തില്‍ എനിക്ക് എപ്പോഴും അചഞ്ചലമായ വിശ്വാസമുണ്ട്, കൂടാതെ യുവാക്കളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഞാന്‍ ആഴത്തില്‍ ബഹുമാനിക്കുന്നു. അവര്‍ ഇന്ത്യയുടെ ഭാവി മാത്രമല്ല; പുതിയതും വികസിതവുമായ ഇന്ത്യയുടെ വഴികാട്ടികളും നിര്‍മ്മാതാക്കളുമാണ്. കഴിഞ്ഞ പത്തുദിവസത്തെ സംഭവവികാസങ്ങളില്‍ ഞാന്‍ ഏറെ വേദനിക്കുന്നു. ഇത് എനിക്ക് വ്യക്തിപരമായ അന്തസിന്റെ പ്രശ്‌നമല്ല. ഇന്ത്യയുടെ യുവശക്തിയാണ് ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ കരുത്ത്. രാജ്യത്തെ യുവാക്കള്‍ ആശയക്കുഴപ്പങ്ങളുടെ വലയില്‍ അകപ്പെടാന്‍ അനുവദിക്കില്ലെന്നത് എന്റെ നിശ്ചയദാര്‍ഢ്യമാണ്.
ജന്തര്‍ മന്തറിലെയും രാജ്യത്തുടനീളമുള്ളതുമായ സാഹചര്യം കണക്കിലെടുത്ത്—ദേശവിരുദ്ധ ശക്തികള്‍ ഇത് മുതലെടുക്കുന്നത് തടയുക, ദേശീയ ഐക്യം നിലനിര്‍ത്തുക, ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ പോലും ഭാവി നിയമപരമായ സങ്കീര്‍ണ്ണതകളില്‍ കുടുങ്ങിപ്പോകുന്നില്ലെന്ന് ഉറപ്പാക്കുക, നമ്മുടെ കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കരിയര്‍ കെട്ടിപ്പടുക്കാനും സമയം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ—ഞാന്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് എന്റെ രാജി സമര്‍പ്പിച്ചു.
ആദരണീയനായ പ്രധാനമന്ത്രിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും വിശ്വാസത്തിനും നിരന്തരമായ പിന്തുണയ്ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. കേന്ദ്ര മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും, ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.
രാഷ്ട്രസേവനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുന്‍ഗണന; ഈ ലക്ഷ്യത്തിനായി ഞാന്‍ എപ്പോഴും പ്രതിജ്ഞാബദ്ധനായിരിക്കും. ജഗന്നാഥ ഭഗവാന്റെ അനുഗ്രഹത്താല്‍, ഭാരതമാതാവിന്റെയും ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി ഭാവിയിലും സാധ്യമായ എല്ലാ രീതിയിലും ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നത് തുടരും.
Union Education Minister Dharmendra Pradhan has resigned following nationwide protests and public outrage over NEET-UG examination irregularities and paper leaks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."