സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം
റിയാദ്: സൗദി അറേബ്യയിലെ യൻബു ഗവർണറേറ്റിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന അടിയന്തര അപകടഭീഷണി അവസാനിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലായതായി വ്യക്തമാക്കിയ അധികൃതർ, ജനങ്ങൾ തുടർന്നും സിവിൽ ഡിഫൻസിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർഥിച്ചു.
അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകൾ കൂട്ടംചേരരുതെന്നും സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിച്ചു.
ഇതിന് മുമ്പ് ദേശീയ എർലി വാർണിംഗ് പ്ലാറ്റ്ഫോം (National Early Warning Platform) വഴി യൻബു ഗവർണറേറ്റിലെ ജനങ്ങൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾ ശാന്തത പാലിക്കണമെന്നും കെട്ടിടത്തിനുള്ളിലെ സുരക്ഷിതമായ സ്ഥലത്തേക്ക്, പ്രത്യേകിച്ച് ജനലുകളിൽ നിന്ന് അകലെയുള്ള മുറികളിലേക്ക് ഉടൻ മാറണമെന്നും അധികൃതർ നിർദേശിച്ചിരുന്നു.
'ഓൾ ക്ലിയർ' പ്രഖ്യാപനം ലഭിക്കുന്നതുവരെ വീടുകളിൽ നിന്നോ കെട്ടിടങ്ങളിൽ നിന്നോ പുറത്തിറങ്ങരുത്, തുറസ്സായ സ്ഥലങ്ങൾ, ബാൽക്കണികൾ, ഗ്ലാസ് ജനലുകൾ എന്നിവയ്ക്ക് സമീപം നിൽക്കരുത്, സംഭവസ്ഥലങ്ങളിൽ തിരക്ക് സൃഷ്ടിക്കരുത്, ചിത്രങ്ങളോ വീഡിയോകളോ എടുക്കരുത് എന്നീ നിർദേശങ്ങളും നൽകിയിരുന്നു.
വാഹനം ഓടിക്കൊണ്ടിരിക്കെ മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നവർ പാലങ്ങൾക്കും ഉയരം കൂടിയ കെട്ടിടങ്ങൾക്കും സമീപമല്ലാത്ത സുരക്ഷിത സ്ഥലത്ത് വാഹനം നിർത്തണമെന്നും നിർദേശിച്ചിരുന്നു.
മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ അടിയന്തര സേവനത്തിനായി 911-ലും സൗദിയിലെ മറ്റ് പ്രദേശങ്ങളിൽ 998-ലും ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക അറിയിപ്പുകൾ മാത്രമാണ് വിശ്വസിക്കേണ്ടതെന്നും സിവിൽ ഡിഫൻസ് വീണ്ടും ഓർമിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."