'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം
കാലാകാലങ്ങളായി ഒട്ടനവധി പ്രതിഷേധങ്ങളും വേറിട്ട സമരമുറകളും കണ്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. വിവിധ ഭരണകൂടങ്ങളെ തിരുത്തുകയും മന്ത്രിമാരെ താഴെയിറക്കുകയും ചെയ്ത ജനകീയ സമരങ്ങള്‍ നമുക്ക് പുതിയ കാഴ്ച്ചയല്ല. കടുത്ത അനീതിയും നിരാശയും അവഗണനയും എല്ലാം ചേര്‍ന്ന് തെരുവിലിറങ്ങിയ ഒരു യുവജനതയ്ക്ക് മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ് ഇന്ത്യാമഹാരാജ്യത്തെ ഭരണകൂടം.
വര്‍ഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന തീയാണ് കുറച്ചുദിവസങ്ങളായി ആളിക്കത്തിക്കൊണ്ടിരുന്നത്. ലോകത്തെ വിറപ്പിക്കാന്‍ പോന്ന ആയുധമാണ് വിദ്യാര്‍ഥികള്‍. അതിനുദാഹണമാണ് ബംഗ്ലാദേശിലും ശ്രീലങ്കയിലും നേപ്പാളിലുമുള്‍പ്പെടെ താഴെവീണ ഭരണകൂടങ്ങള്‍.
മോദി സര്‍ക്കാരിന്റെ ഈ 12 വര്‍ഷക്കാലത്തെ അധികാര കാലയളവില്‍ ആദ്യമായിട്ടാവും ഇത്രവും വിശാലമായ ഒരു ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ നടന്ന പൗരത്വവിരുദ്ധ സമരങ്ങള്‍ പോലെയോ കര്‍ഷക പ്രക്ഷോഭം പോലെയോ ഒന്നുമായിരുന്നില്ല ഈ സമരത്തിന്റെ സ്വഭാവം. തെരുവിലിറങ്ങിയത് ബി.ജെ.പിയുടെ സ്വാഭാവിക രാഷ്ട്രീയ എതിരാളികളായിരുന്നില്ല. അതുകൊണ്ട് തന്നെ മുന്‍സമരങ്ങളെ നേരിട്ടതുപോലെ രാഷ്ട്രീയമായോ വര്‍ഗീയമായോ നേരിടാന്‍ സര്‍ക്കാരിന് സാധിച്ചില്ല. തെരഞ്ഞെടുപ്പുകള്‍ക്ക് അപ്പുറത്തേക്ക് ഭരണകൂടത്തോട് കൃത്യമായ ഒരു ഉത്തരവാദിത്തം ആവശ്യപ്പെടുന്ന പുതിയൊരു തലമുറയാണ് മുന്നിലുള്ളത്.
പ്രതിഷേധക്കാരുടെ പശ്ചാത്തലമെല്ലാം വ്യത്യസ്തമായിരുന്നു. പല ഭാഷകള്‍, പല രീതികള്‍, പല നാടുകള്‍ എന്നാല്‍ എല്ലാം ഒന്നിച്ച് ജന്തര്‍മന്തറില്‍ രാവുപകലുകള്‍ കഴിഞ്ഞു. സി.ജെ.പി എന്ന പേരിന് താഴെ വന്നടിഞ്ഞത് കേവലം 'ഹിറ്റ്' അടിച്ചുകൊല്ലാവുന്നയത്ര പാറ്റകളായിരുന്നില്ല. ഇന്‍സ്റ്റഗ്രാം റീലുകള്‍ വഴിയുള്ള ഈ ജനക്കൂട്ടം പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് അവര്‍ കരുതി. എന്നാല്‍ ദിവസം തോറും പാറ്റകള്‍ കൂടിക്കൂടി വന്നു.
നേതാക്കളുടെ പിന്‍ബലമില്ലാതെ രൂപം കൊണ്ട പ്രക്ഷോഭത്തിന് സോനം വാങ്ചുക്ക് വലിയ പ്രചോദമായി. പിന്നാലെ ഇന്ത്യാ സഖ്യമുള്‍പ്പെടെ പ്രതിഷേധത്തിലേക്ക് കടന്നുവന്നു. ചരിത്രത്തിലാദ്യമായി ഒരു പ്രതിപക്ഷ നേതാവിന് തെരുവില്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവരുന്നതും രാജ്യം കണ്ടു.
രാവും പകലുമില്ലാതെ ഉറക്കമളച്ച് പഠിച്ച വിദ്യാര്‍ഥികള്‍ വഞ്ചിക്കപ്പെട്ടുവെന്ന വികാരത്തില്‍ നിന്നാണ് സി.ജെ.പിയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ പരീക്ഷ റദ്ദാക്കി. എന്നാല്‍ 37 ദിവസത്തിനുള്ളില്‍ ഇക്കാരണത്താല്‍ 12 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ആ ചോരയ്ക്ക് പകരമാവില്ലെങ്കിലും ഈ രീതിയ്ക്ക് അറുതിവരുത്തണമെന്ന യുവത്വത്തിന്റെ ചിന്തകള്‍ തെരുവിലിറങ്ങി.
പക്ഷേ കേന്ദ്രം ഇതിനെ സാധാരണ ഒരു പ്രതിഷേധമായി നിസാരവത്കരിച്ചു. സമരം 20 ദിവസത്തോളം പിന്നിടുമ്പോഴാണ് ഇതിന് ജനശ്രദ്ധ ലഭിക്കുന്നത്. സമരത്തിന് പിന്തുണയുമായി നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചുകിനെ നാടകീയമായി അറസ്റ്റ് ചെയ്തതോടെയാണ് പാറ്റകള്‍ കൂട്ടത്തോടെ ഇളകിയത്. ഇതിനെ അതിക്രൂരമായാണ് സര്‍ക്കാര്‍ നേരിട്ടത്. ഇതോടെ രാജ്യമൊന്നടങ്കമിളകിയെന്ന് വേണം പറയാന്‍. രാജ്യത്തിന്റെ ഭാവികളെ തല്ലിച്ചതക്കുന്നത് നോക്കിനില്‍ക്കാന്‍ ആരും തയ്യാറായിരുന്നില്ല. വിദ്യാര്‍ഥി പ്രക്ഷോഭമെന്നത് സര്‍ക്കാരിനെതിരായ ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് മനസിലാക്കാന്‍ കുറച്ചുവൈകിപ്പോയെന്ന് തോന്നുന്നു. അതിന്റെ അനന്തര ഫലമെന്നോണം പ്രക്ഷോഭം ഇരട്ടി ശക്തിയായി.
അഴിമതിയുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ പൊതുജന പ്രക്ഷോഭത്തിന്റെ പേരില്‍ നിരവധി കേന്ദ്രമന്ത്രിമാര്‍ രാജ്യത്ത് രാജിവെച്ചിട്ടുണ്ട്. എന്നിട്ടും ധര്‍മേന്ദ്ര പ്രധാന്‍ തല്‍സ്ഥാനത്ത് കടിച്ചുതൂങ്ങിനില്‍ക്കുകയാണ് ചെയ്തത്. മന്ത്രിസഭാ പുനഃസംഘടനയുടെ പേരില്‍ താല്‍ക്കാലിക പ്രതിസന്ധി പരിഹരിക്കാമെന്നായിരുന്നു കേന്ദ്രം കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ അത് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. പ്രധാന്റെ രാജിയല്ലാതെ മറ്റൊരു സമവായവുമില്ലെന്ന സി.ജെ.പി അന്ത്യശാസനവും നല്‍കിയിരുന്നു.
വേറിട്ട സമരരീതി
സാധാരണ സമരങ്ങളെപ്പോലെ വാര്‍ത്താസമ്മേളനങ്ങളെയും പോസ്റ്ററുകളെയും മാറ്റിനിര്‍ത്തി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സമരം ജനകീയമാക്കിയത്. വലിയ വേദികളിലെ നീണ്ട പ്രസംഗങ്ങളോ മുദ്രാവാക്യം വിളികളോ നമ്മളിവിടെ കണ്ടിട്ടില്ല. പകരം ലളിതമായ സന്ദേശങ്ങളിലൂടെയും ദൃശ്യാവിഷ്‌കാരങ്ങളിലൂടെയും സി.ജെ.പി ജനങ്ങളിലേക്കെത്തി. സമാധാനപരമായും തങ്ങളുടെ ലക്ഷ്യങ്ങളിലേക്കെത്താമെന്ന് കൂട്ടായ്മ തെളിയിച്ചു. ജനാധിപത്യസമരത്തെ ക്രൂരമായി നേരിട്ടതോടെയാണ് സി.ജെ.പി സമരത്തിന് കൂടുതല്‍ പിന്തുണ ലഭിച്ചത്.
മെട്രോ അടച്ചും ഇന്റര്‍നെറ്റ് വിച്ഛേദിച്ചും ഭണവിതരണം പോലും തടഞ്ഞും സര്‍ക്കാര്‍ സമരത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും അതെല്ലാം മറികടന്നാണ് ജെന്‍സീ പിള്ളേര്‍ ജന്തര്‍മന്തറിനെ പ്രതിഷേധക്കടലാക്കിയത്. ഒരു സമരത്തിന്റെയും നിയമങ്ങള്‍ അവര്‍ക്ക് ബാധകമല്ലാത്തതിനാല്‍ വേറിട്ടൊരു സമരമുഖത്തെ അവര്‍ സൃഷ്ടിച്ചു. പാട്ടുപാടിയും നൃത്തം ചെയ്തും അടിച്ചോടിക്കാന്‍ വന്ന പൊലിസിനു മുന്നില്‍ ദേശീയ ഗാനം പാടിയും റീലെടുത്തും ജെന്‍സി പ്രക്ഷോഭകര്‍ കേന്ദ്രത്തിന്റെ എല്ലാ പ്രതിരോധങ്ങളെയും തച്ചുടച്ചു. പ്രധാന്റെ രാജി എന്നൊരൊറ്റ സ്വരമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷവും പ്രക്ഷോഭകര്‍ക്ക് കരുത്ത് പകര്‍ന്നു. ഒടുവില്‍ മറ്റൊരു വഴിയുമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജികത്തെഴുതിയത്.
അസ്വസ്ഥരായ യുവതലമുറയുടെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുക അത്ര എളുപ്പമല്ലെന്ന് കേന്ദ്രം തിരിച്ചറിഞ്ഞിരിക്കണം. അവരെ അടിച്ചമര്‍ത്തുക അത്ര എളുപ്പമുള്ള കാര്യമല്ല, അതാണ് ചരിത്രവും.
A spectacular swarm of butterflies took to the skies in a rare natural phenomenon, creating breathtaking scenes that captivated onlookers. The mass emergence, described as a historic event, highlighted the remarkable beauty and ecological significance of butterflies, drawing attention to biodiversity and the importance of conserving natural habitats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."