HOME
DETAILS
MAL
ദേശസ്‌നേഹത്തിന് അളവുകോല്‍ നല്‍കുന്നവര്‍
backup
February 20 2016 | 05:02 AM
അടുത്ത കാലത്തായി ഇന്ത്യന്‍ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത് എന്താണെന്ന് ചോദിക്കാത്തവര്‍ കുറവായിരിയ്ക്കും. ഒരു കാലത്ത് ക്യാംപസുകളില്‍ ധൈഷണികമായി നിലനിന്നിരുന്ന ബോധത്തെ പൂര്‍ണമായും തമസ്‌കരിയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്് ഇന്ന് ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നത്. ഇത് പലപ്പോഴും ഉച്ചനീചത്വങ്ങളുടെയും സവര്‍ണ-അവര്‍ണ വേര്‍തിരിവിന്റേയുമെല്ലാം അടയാളപ്പെടുത്തലുകളുടെ വലിയതോതിലുള്ള പ്രതിഫലനങ്ങളായി മാറുന്നു.
പ്രതിഷേധത്തിന്റെ എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനും മൂലധന ശക്തികള്‍ക്കൊപ്പം ഭരണകൂടങ്ങളും രംഗത്തിറങ്ങിയതോടെ സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെല്ലാം വലിയതോതിലുള്ള അടിച്ചമര്‍ത്തലുകള്‍ നടന്നുകൊണ്ടിരിയ്ക്കുന്നു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥിയായ രോഹിത് വെമൂല ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെതുടര്‍ന്നുള്ള വിവാദം കെട്ടടങ്ങുന്നതിന് മുമ്പുതന്നെ രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനമെന്നാരോപിച്ച് യൂനിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്യുകയും ഇതിനെത്തുടര്‍ന്ന് പ്രതിഷേധിയ്ക്കുന്നവരെയെല്ലാം ദേശ ദ്രോഹികളെന്നുമുദ്രകുത്തി കായികമായി നേരിടുന്ന പ്രവണതയും വര്‍ധിച്ചു. വൈകിയാലും സത്യം ഒരിയ്ക്കല്‍ മറനീക്കി പുറത്തുവരുമെന്നു പറഞ്ഞതുപോലെ ഇപ്പോഴിതാ ഡല്‍ഹി പൊലിസിന്റെ അമിതാവേശമാണ് സംഘ്പരിവാറിനൊപ്പം ജെ.എന്‍.യു ക്യാംപസ് ദേശവിരുദ്ധ ശക്തികളുടെ താവളമെന്ന വിശേഷം പൊളിച്ചെഴുതാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ബന്ധിതമായിരിയ്ക്കുന്നു.
നിരവധി സ്വതന്ത്ര ചിന്താ ധാരകളും സമാന്തര സമ്പ്രദായങ്ങളും കൂടിച്ചേര്‍ന്ന ഒരാകത്തുകയാണ് ഇന്ത്യയെന്നു വിശേഷിപ്പിച്ചത് പ്രശസ്ത ചരിത്രകാരി റൊമിലാ ഥാപ്പറാണ്.
കണ്വന്‍, കപിലന്‍ തുടങ്ങിയവരില്‍ നിന്നുണ്ടായിട്ടുള്ള ഭൗതിക വാദവും ചാര്‍വാകന്റെ നിരീശ്വരവാദവും ബുദ്ധന്റേയും ജൈനന്റേയും മനുഷ്യനെ കേന്ദ്രമാക്കിയുള്ള പുതിയ ദര്‍ശനങ്ങളും ക്രിസ്ത്യന്‍-മുസ്‌ലിം-പേര്‍ഷ്യന്‍ തുടങ്ങിയ സെമറ്റിക് മതങ്ങളുടെ കുലീനമായ ചിന്താ ധാരകളും കൊണ്ട് സമ്പുഷ്ടമാക്കപ്പെട്ടതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നും അതുകൊണ്ടുതന്നെ അതിന്റെ മുഖമുദ്ര സമന്വയമാണെന്നും നാം സ്വയം അഭിമാനിച്ചു.
എന്നാല്‍ അതിനെയെല്ലാം തള്ളിക്കളയുന്നതും ഏകധ്രുവമെന്ന രീതിയില്‍ പുതിയൊരു ക്രമീകരണത്തിനുള്ള അജന്‍ഡ രൂപപ്പെടുത്തിയെടുക്കാന്‍ തിടുക്കം കാണിക്കുന്നവരുടേയും സംഘശക്തി രൂപം കൊള്ളുമ്പോള്‍ അവകാശങ്ങള്‍ക്കായി പ്രതിഷേധിയ്ക്കുന്നവരെല്ലാം രാജ്യ ദ്രോഹികളായി മുദ്രകുത്തപ്പെടുന്ന ഒരു കറുത്ത യാഥാര്‍ഥ്യത്തിലേയ്ക്കാണ് രാജ്യം എത്തിച്ചേരുന്നത്.
ജെ.എന്‍.യുവില്‍ രൂപംകൊണ്ട പ്രതിഷേധം അവിടെ മാത്രം ഒതുങ്ങുന്നതല്ല. കാരണം നാം ഓരോരുത്തരേയും തേടി പുതിയ ചട്ടങ്ങള്‍ വരുമെന്നതിന്റെ സൂചനയാണ് അത് ബോധ്യപ്പെടുത്തുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ളതുകൊണ്ടാണോ അതോ ഇവിടെ വിദ്യാര്‍ഥി സംഘടനകളില്‍ പുത്തന്‍ ആശയങ്ങള്‍ക്കും പുരോഗമന മൂല്യങ്ങള്‍ക്ക് വലിയതോതിലുള്ള രൂപപ്പെടലുകള്‍ ഉള്ളതുകൊണ്ടാണോ എന്നറിയില്ല, എല്ലാ കാലത്തും ജെ.എന്‍.യുവിനെതിരേ സംഘശക്തിയോടെ പ്രതിഷേധിയ്ക്കുകയെന്നത് സംഘ്പരിവാറിന്റേയും ബി.ജെ.പിയുടേയും മുഖ്യ അജന്‍ഡയാണ്.
രാജ്യത്തിന് ചിന്താശേഷിയുള്ള നിരവധിപേരെ സംഭാവന ചെയ്ത സര്‍വകലാശാലയാണ് ജെ.എന്‍.യു. സംഘ രാഷ്ട്രീയത്തെ എക്കാലത്തേയും എതിര്‍ത്തുപോരുന്ന ഈ ക്യാംപസിനകത്ത് ജിഹാദികളുടേയും ഇന്ത്യാ വിരുദ്ധരുടേയും താവളമാണെന്നാണ് സംഘ്പരിവാര്‍ ശക്തികള്‍ നടത്തികൊണ്ടിരിയ്ക്കുന്ന പ്രചാരണം. ഇപ്പോള്‍ തുടങ്ങിയ വിവാദങ്ങളില്‍പോലും ഇത് പ്രകടമാണ്.
പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ സര്‍വകലാശാലയില്‍ ചെറിയ സ്വാധീനംപോലുമില്ലാത്ത ഒരു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍(പത്തുപേരെന്നാണ് പറയപ്പെടുന്നത്) നടത്തിയ അനുസ്മരണമാണ് സര്‍വകലാശാല യൂനിയന്‍ ചെയര്‍മാനും ഐ.ഐ.എസ്.എഫ് നേതാവുമായ കനയ്യ കുമാറിന്റെ അറസ്റ്റിനും ഏഴു വിദ്യാര്‍ഥികള്‍ക്കെതിരായി കേസെടുക്കുന്നതിലേയ്ക്കും വഴിവെച്ചിരിയ്ക്കുന്നത്. യൂനിയന്‍ ചെയര്‍മാനുള്‍പ്പെടെയുള്ളവര്‍ക്കെതിരായ സര്‍വകലാശാല-പൊലിസ് നടപടിയ്‌ക്കെതിരേ പ്രതിഷേധിച്ചവരെയെല്ലാം രാജ്യ ദ്രോഹികളെന്നുമുദ്രകുത്തുകയും ചെയ്തു. അപ്പോള്‍ ഏതെങ്കിലും തരത്തില്‍ പ്രതിഷേധിയ്ക്കുന്നവര്‍ രാജ്യദ്രോഹികളും വിധ്വംസക പ്രവര്‍ത്തകരെന്നും മുദ്രചാര്‍ത്തപ്പെടുന്നു.
അപ്പോള്‍ ദേശ സ്‌നേഹത്തിന്റെ അളവുകോല്‍ സംഘ്പരിവാര്‍ സംഘടനയില്‍ നിന്ന് ഏററുവാങ്ങേണ്ട സ്ഥിതി വിശേഷം ഇന്ത്യയില്‍ രൂപപ്പെടുന്നതിന്റെ സൂചനയാണിത്.
അഫ്‌സല്‍ ഗുരുവിനെ തൂക്കികൊന്നത് നീതിയെ പരിഹസിയ്ക്കലാണെന്ന് പറഞ്ഞ ജമ്മുകാശ്മിരിലെ മെഹബൂബ മുഫ്തിയുടെ പാര്‍ട്ടിയായ പി.ഡി.പിയുമായി ഭരണം പങ്കുവച്ച പാര്‍ട്ടിയാണ് ബി.ജെ.പി.
അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടം കാശ്മിരില്‍ കൊണ്ടുവന്ന് സംസ്‌കരിക്കണമെന്നും പി.ഡി.പി ആവശ്യപ്പെട്ടിരുന്നു. പി.ഡി.പിയെ ദേശവിരുദ്ധരെന്ന് ആവര്‍ത്തിച്ച ബി.ജെ.പി പിന്നീട് കാശ്മിരില്‍ ഭരണത്തിനായി അവരുമായി കൂട്ടുചേരുകയും ചെയ്തു. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥൂറാം വിനായക് ഗോഡ്‌സെയെ തൂക്കി കൊന്ന ദിനമായ നവംബര്‍ 15ന് ബലിദാനദിനമായി(രക്തസാക്ഷിദിനം) ആചരിയ്ക്കുമ്പോള്‍ മഹാത്മാഗാന്ധിയുടെ രക്ത സാക്ഷി ദിനത്തെ വിജയദിനമായിട്ടാണ് സംഘ്പരിവാറുകാര്‍ ആചരിയ്ക്കുന്നത്. അപ്പോള്‍ ആരുടെ കൈയിലാണ് ദേശ സനേഹം സുരക്ഷിതമായി നിലനില്‍ക്കുന്നത്? രാജ്യത്തിന്റെ നായകന്‍ ഗോഡ്‌സെയാണെന്നാണ് വിവാദങ്ങള്‍കൊണ്ട് പുതിയ ചരിത്രം കുറിച്ച ബി.ജെ.പിയുടെ എം.പിയായ സാക്ഷി മഹാരാജിനെതിരേ എന്തുകൊണ്ട് രാജ്യദ്രോഹത്തിന് കേസെടുത്തില്ലെന്ന ചോദ്യം ആരുടെ മനസിലും ഉന്നയിക്കപ്പെടുകയെന്നത് സ്വാഭാവികമാണ്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നും അത് ദേശവിരുദ്ധമായിരുന്നുവെന്നും രാജാവിനേക്കാള്‍ വലിയ രാജഭക്തിയില്‍ പൊലിസ് ചൂണ്ടിക്കാണിച്ച് അറസ്റ്റ് ചെയ്തപ്പോള്‍ ഇവിടേയും പ്രകടമാകുന്നത് ഇരട്ട നീതിയാണ്.
ക്വിറ്റ് ഇന്ത്യാ സമരം നടക്കുമ്പോള്‍ ജിന്നയുടെ സര്‍വേന്ത്യാ മുസ്‌ലിം ലീഗ് നേതാവ് ഫസലുള്‍ ഹഖ് നയിച്ച ബംഗാള്‍ പ്രവിശ്യാ സര്‍ക്കാരില്‍ ധനമന്ത്രി സ്ഥാനത്ത് അവരോധിതനായ നേതാവായിരുന്നു ബി.ജെ.പി എക്കാലവും നായകസ്ഥാനത്ത് പിന്തുടരുന്ന ശ്യാമപ്രസാദ് മുഖര്‍ജി. അദ്ദേഹത്തെയും ഇന്ത്യാ വിരുദ്ധനായി കാണാന്‍ കഴിയാത്തത് ദ്വിമുഖ രാഷ്ട്ര വാദമല്ലെ? യഥാര്‍ഥത്തില്‍ ഓരോരുത്തര്‍ക്കും അവസരത്തിനൊത്ത് എടുത്തണിയാനുള്ള പുതിയ മേലാപ്പായി ദേശസ്‌നേഹം മാറിയെന്നതാണ് ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ.
ജെഎന്‍യുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ്ശര്‍മയെ കരണത്തടിച്ചതും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ എസ്.പി.ജി വാഹനവ്യൂഹം മണിക്കൂറുകളോളം തടഞ്ഞിട്ടതും ജെ.എന്‍.യുവിലെ വിവിധ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള വധഭീഷണികളും ഉള്‍പ്പെടെ നിയമം കൈയിലെടുക്കുന്നതിന്റെ ഉത്തുംഗതയിലാണ് കാര്യങ്ങള്‍ നീങ്ങിയിരിയ്ക്കുന്നത്.
ജെ.എന്‍.യുവില്‍ ലഷ്‌കര്‍ ഇടപെടലുകളുണ്ടെന്ന ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ വാദം ഡല്‍ഹി പൊലിസ് പൂര്‍ണമായും തള്ളിയത് കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്. ഇപ്പോഴിതാ കനയ്യ കുമാര്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് തുറന്ന് സമ്മതിച്ചിരിയ്ക്കുന്നു. പ്രത്യേക അജന്‍ഡ മുന്‍നിര്‍ത്തിയുള്ള നടപടികളായിരുന്നു ഇതിനുപിന്നിലുണ്ടായിരുന്നതെന്ന് വ്യക്തമാകാന്‍ പ്രത്യേക ബുദ്ധിവൈഭവങ്ങളൊന്നും ആവശ്യമില്ലെന്ന തലത്തിലേയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങിയിരിക്കുന്നത്.
മോദിഭരണത്തിനുകീഴില്‍ അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന കരിദിനങ്ങളിലൂടെയാണ് ജെ.എന്‍.യു ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കടന്നുപോകുന്നത്.
എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ നാള്‍മുതല്‍ രാജ്യത്തിന്റെ യശസുയര്‍ത്തിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കാവിവല്‍ക്കരണം നടപ്പാക്കുകയെന്ന അജന്‍ഡ രഹസ്യമായും പരസ്യമായും നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
അതിന്റെ ഏറ്റവും അവസാനത്തെതാണ് ജെ.എന്‍.യുവില്‍ കണ്ടത്. അടുത്തത് എവിടെയെല്ലാം കാണേണ്ടിവരുമെന്നതിന് വ്യക്തമായ അജന്‍ഡ ഒരു പക്ഷെ ഇതിനകം തന്നെ തയാറായി കഴിഞ്ഞിട്ടുണ്ടാകും. ഹൈന്ദവഫാസിസത്തിന്റെ കടന്നാക്രമണങ്ങളെ ശക്തമായി എതിര്‍ക്കുകയെന്നാല്‍ അത് രാജ്യദ്രോഹമെന്ന് വ്യാഖ്യാനിയ്ക്കലായി ചിത്രീകരിയ്ക്കപ്പെടുന്നത് വ്യാപകമാകുകയാണ്. അസഹിഷ്ണുതയുടെ വലിയ ഉദാഹരണങ്ങളാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്.
മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്ന ഗോഡ്‌സെയ്ക്ക് ക്ഷേത്രം പണിയാന്‍ ശ്രമിച്ചതിനെ ന്യായീകരിയ്ക്കുന്ന ഫാസിസ്റ്റുകള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന ചില ചിന്താ ധാരകളെ തകിടം മറിച്ച് അവിടങ്ങളെല്ലാം രാജ്യദ്രോഹികളെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണെന്ന് ചിന്തിക്കുന്നത് അത്തരക്കാരുടെ സങ്കുചിത ചിന്തകളെയാണ് പ്രകടമാക്കുന്നത്.
മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരനായി വേഷമിട്ടുവെന്ന യോഗ്യതയാണ് ഗജേന്ദ്ര ചൗഹാന് പൂനെ ഫിലിം ഇസ്റ്റിറ്റിയൂട്ടിന്റെ അധ്യക്ഷ പദവിയില്‍ എത്തിച്ച ഏറ്റവും വലിയ യോഗ്യത.
ആഗോളതലത്തില്‍ ക്രൂഡോയില്‍ വില ഗണ്യമായി കുറഞ്ഞിട്ടും അതിന്റെ ഗുണഫലം രാജ്യത്തെ പാവങ്ങള്‍ക്കു കൂടി ലഭ്യമാക്കാന്‍ കഴിയാതിരിയ്ക്കുമ്പോഴാണ് രാജ്യസ്‌നേഹത്തിന്റെ അളവുകോല്‍ എവിടെവരെയാകണമെന്ന് വരച്ചിടുന്നത്.
മതേതരത്വവും സാഹോദര്യവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കുന്നതില്‍ കാലാകാലങ്ങളായി രാജ്യത്തെ സര്‍വകലാശാലകള്‍ മുന്‍നിരയില്‍ നില്‍ക്കുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ഹൈന്ദവ വല്‍ക്കരണം നടപ്പിലാക്കാന്‍ തീവ്ര ഹിന്ദുത്വസംഘടനകള്‍ കച്ചമുറുക്കുന്നത് വിദ്യാഭ്യാസത്തിന്റെ ആകെത്തുകയെത്തന്നെ ഇല്ലാതാക്കും. നാനാത്വത്തില്‍ ഏകത്വമെന്ന സങ്കല്‍പത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയാണ് രൂപപ്പെട്ടിരിയ്ക്കുന്നത്.
ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയെ ജെ.എന്‍.യു വൈസ് ചാന്‍സലറാക്കാനുള്ള നീക്കം നടത്തിയിരുന്നു. അത് വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായി എതിര്‍ത്തു. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലെയുള്ള വ്യക്തികളെ ക്യാംപസിന്റെ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് ജെ.എന്‍.യു ഭീകരരുടെ ഒളിത്താവളമാണെന്ന രീതിയിലുള്ള കുപ്രചാരണങ്ങളാണ് വ്യാപകമായി പ്രചരിപ്പിയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."