വ്യാജരേഖയുണ്ടാക്കി വാഹനങ്ങള്‍ വാങ്ങി വില്‍പന നടത്തുന്ന രണ്ടംഗ സംഘം പിടിയില്‍ തട്ടിയത് കോടികള്‍
കൊച്ചി: എറണാകുളത്തെ വിവിധ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും വ്യാജരേഖകളുണ്ടാക്കി വായ്പയ്ക്ക് വാഹനങ്ങള്‍ വാങ്ങി പണയം വച്ചും വില്‍പന നടത്തിയും കോടികള്‍ തട്ടിയ രണ്ടംഗ സംഘം പിടിയില്‍.
തൃശൂര്‍ അഷ്ടമിച്ചിറ വിതയത്തില്‍ വീട്ടില്‍ ജോസ് (43), സുഹൃത്ത് ചാലക്കുടി പരിയാരത്തുളള കൊക്കാട്ടില്‍ വീട്ടില്‍ ജോഷി(47) എന്നിവരെയാണ് തൃക്കാക്കര അസി. കമ്മീഷണര്‍ എം ബിനോയി, എറണാകുളം സൗത്ത് സി.ഐ സിബി ടോം എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഐ.ടി റിട്ടേണ്‍സ്, പാന്‍കാര്‍ഡ്, ഐഡി കാര്‍ഡ്, ബാങ്ക് സ്റ്റേറ്റ് മെന്റ് എന്നിവ വ്യാജമായി നിര്‍മിച്ച് ബാങ്കില്‍ ഹാജരാക്കിയാണ് ഇവര്‍ ലോണ്‍ തരപ്പെടുത്തിയിരുന്നത്. വ്യാജരേഖകള്‍ തയ്യാറാക്കിയിരുന്നത് പോണേക്കര സ്വദേശി സെബാസ്റ്റ്യനാണ്.
സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്നും വ്യാജരേഖകള്‍ തയാറാക്കിയിരുന്ന കംപ്യൂട്ടര്‍, പ്രിന്റര്‍, വിവിധ വ്യാജ നിര്‍മ്മിത പാന്‍കാര്‍ഡുകള്‍, നിരവധി ഐ.ടി റിട്ടേണ്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പൊലിസ് പിടിച്ചെടുത്തുട്ടുണ്ട്.
ബാങ്കുകള്‍ തമ്മിലുളള മത്സരത്തിന്റെ ഭാഗമായി രേഖയിലെ വിവരങ്ങള്‍ ശരിയായ രീതിയില്‍ ബാങ്ക് അധികൃതര്‍ പരിശോധിക്കാതിരിക്കുന്നത് ഇവരുടെ തട്ടിപ്പ് കൂടുതല്‍ എളുപ്പമാക്കിയിരുന്നതായി പൊലിസ് പറഞ്ഞു
സ്വിഫ്റ്റ്, ഫോര്‍ഡ്, ഫിഗോ, എക്കോസ്‌പോര്‍ട്, റിനോള്‍ട്, ഡസ്റ്റര്‍, ഫ്‌ളൂയിന്‍സ്, ലോഡ്ജി, ടയോട്ട, ഫോര്‍ച്ചൂണര്‍, നിസാന്‍ ടെറാനോ, ഔഡി, ബി.എം.ഡബ്ല്യു എന്നിങ്ങനെ മുന്തിയ ഇനം വാഹനങ്ങളാണ് ലോണ്‍ മുഖേന എടുത്തിരുന്നത്. എടുത്ത ഉടന്‍ തന്നെ വാഹനം വേറെ ആളുകള്‍ക്ക് മറിച്ചു വില്‍ക്കുകയോ പണയം വെക്കുകയോ ചെയ്ത് പണം സമ്പാദിക്കുന്നതാണ് റാക്കറ്റിന്റെ രീതി. ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നതിന് കേരളത്തിലങ്ങോളമിങ്ങോളം വിവിധ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിവിധ തരം മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതലും ഈ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. വളരെ തുച്ഛമായ വിലക്കാണ് ഓരോ വാഹനവും കൈമാറിയിരിക്കുന്നത്. തിരിച്ചടവ് തവണകള്‍ മുടങ്ങുമ്പോള്‍ ബാങ്കുകള്‍ ഈ അഡ്രസ്സില്‍ അന്വേഷിച്ചെത്തുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലാകുന്നത്.
മുഖ്യമായും എറണാകുളം ജില്ലയിലുളള ദേശസാല്‍കൃത ബാങ്കുകളുമായും കാര്‍ ഡീലര്‍മാരുമായും ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. ജോസ് ഇതിനുമുമ്പ് അങ്കമാലിയില്‍ മാരേജ് ബ്യൂറോയും വിദേശത്തേക്ക് ആളുകളെ കയറ്റിവിടുന്ന ഏജന്‍സിയും നടത്തിയിരുന്നതായും പൊലിസ് പറഞ്ഞു. വിവിധ ബാങ്കുകളില്‍ നിന്നായി ഈ സംഘം മുപ്പതോളം വാഹനങ്ങള്‍ ലോണ്‍ എടുത്ത് വാങ്ങിയിട്ടുണ്ടെന്നും ചില ബാങ്കുകളിലെ മാനേജര്‍മാര്‍ക്കും ഇതില്‍ പങ്കുളളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് വ്യക്തമാക്കി. വ്യജരേഖകള്‍ ശരിയാക്കി കൊടുത്ത ആളുകളെ പറ്റിയും വാഹനം പണയം വക്കുവാന്‍ സഹായിച്ച ആളുകളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
മരട് എസ്.ഐ സുജാതന്‍ പിളള, സീനിയര്‍ സി.പി.ഒ വിനോദ് കൃഷ്ണ, ഗിരീഷ് ബാബു, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്.ഐ തിലക് രാജ്, എ.എസ്.ഐ വിനായകന്‍, സി.പി.ഒ കെ.എല്‍ അനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."