കേരളാ കോണ്‍ഗ്രസിലെ പ്രതിസന്ധി; നേട്ടംകൊയ്യാന്‍ സി.പി.എം നീക്കം
തൊടുപുഴ: കേരളാ കോണ്‍ഗ്രസ് എമ്മിലെ പ്രതിസന്ധിയില്‍ നേട്ടമുണ്ടാക്കാന്‍ സി.പി.എം നീക്കം. മാണി ഗ്രൂപ്പിലെ പ്രമുഖ നേതാക്കളുടെ ഇടത്-വലത് ചായ്‌വ് പരിശോധിക്കുകയാണ് തുടക്കമെന്ന നിലയില്‍ നടത്തുക.
മാണി യു.ഡി.എഫിന് അനുകൂലമായാല്‍ പാര്‍ട്ടിയെ പിളര്‍ത്തുകയാണ് സി.പി.എം ലക്ഷ്യമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി നേതാക്കളുടെ മനസറിയുകയാണ് ആദ്യഘട്ടം ചെയ്യുക.
എല്‍.ഡി.എഫുമായി സഹകരണത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജിനെയാണ് ഇത്തരത്തിലുള്ള പട്ടിക തയാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതെന്നാണ് വിവരം. പി.ജെ ജോസഫ് വിഭാഗത്തെ മാത്രമല്ല, കെ.എം മാണിക്കൊപ്പമുള്ളവരെയും സി.പി.എം ലക്ഷ്യമിടുന്നുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ മാണി യു.ഡി.എഫിലേക്ക് തിരിച്ചുപോകുമെന്ന സാധ്യത മുന്നില്‍ക്കണ്ടുകൊണ്ടാണ് ഇടതു താല്‍പര്യക്കാരെ അടര്‍ത്തിയെടുക്കാന്‍ സി.പി.എം കോപ്പുകൂട്ടുന്നത്. സംസ്ഥാന നേതാക്കള്‍ക്കുപുറമെ ജില്ലാ പ്രസിഡന്റുമാരടക്കമുള്ളവരുടേയും ഇടതു ചായ്‌വ് പരിശോധിക്കും.
നിലവിലെ നിലപാടില്‍ മാണി എന്തെങ്കിലും മാറ്റംവ രുത്തിയാല്‍ പാര്‍ട്ടി പിളരുമെന്ന വിലയിരുത്തലാണ് സി.പി.എം കേന്ദ്രങ്ങള്‍ക്കുള്ളത്. അങ്ങനെയെങ്കില്‍ എം.എല്‍.എമാരല്ലാത്ത പ്രമുഖ നേതാക്കളെ ചേരിമാറ്റാനാണ് നീക്കം.
എം.എല്‍.എമാര്‍ എല്‍.ഡി.എഫിലേക്കുവരുകയാണെങ്കില്‍ രാജിവയ്പ്പിക്കാനും നീക്കം നടത്തുന്നുണ്ട്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് വഴിയോ അല്ലാതെയോ വരാനുള്ള സാധ്യതയാണ് ആരാഞ്ഞിട്ടുള്ളത്. പി.ജെ ജോസഫ് താല്‍പര്യം പ്രകടിപ്പിച്ചാല്‍ ഘടകക്ഷിയാക്കുന്നതിന് തയാറാണെന്ന സൂചനയും സി.പി.എം പങ്കുവച്ചിട്ടുണ്ട്.
ലക്ഷ്യമിട്ട ശക്തിസമാഹരണം സാധ്യമാകാത്തതിനാല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ഘടകക്ഷിമോഹം സഫലമാകാത്ത സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ പുതിയ വാഗ്ദാനം. കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ മനോഭാവം സംബന്ധിച്ച് സി.പി.എമ്മിന്റെ കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
മാണിയെ ഒരുകാലത്തും കൂടെക്കൂട്ടാന്‍ കഴിയില്ലെന്ന നിലപാട് സി.പി.ഐ നേതാക്കള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യംവച്ച് മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ സി.പി.എം തീരുമാനിച്ചത്.
അടുത്തമാസം 7,8,9 തീയതികളില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അതിനിടെ, എല്‍.ഡി.എഫ് പ്രവേശനം അസാധ്യമാണെന്ന് വ്യക്തമായതോടെ കെ.എം മാണി സര്‍ക്കാരിനെതിരേയുള്ള നിലപാട് കടുപ്പിച്ചു. കഴിഞ്ഞദിവസം പാലക്കാട്ടു നടന്ന യോഗത്തില്‍ കെ.എം മാണി എല്‍.ഡി.എഫിനെതിരേ ശക്തമായി പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."