HOME
DETAILS
MAL
കശ്മിര്‍ തീവ്രവാദികളെ മറന്ന് കനയ്യയെ 'കൈകാര്യം' ചെയ്യുമ്പോള്‍
backup
February 23 2016 | 23:02 PM
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്്‌റു സര്‍വകലാശാലയില്‍ ദേശ'സ്്‌നേഹി'കളും അല്ലാത്തവരുമായ ഏറ്റുമുട്ടലുകളും സംഘി അഭിഭാഷകരുടെ അഴിഞ്ഞാട്ടവുമെല്ലാം കണ്ട് പകച്ചു നില്‍ക്കുകയാണ് സാധാരണ ഇന്ത്യക്കാരന്‍. സ്വാതന്ത്ര്യം ലഭിച്ച് ഇന്നേവരെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ ആഴ്ചകളില്‍ ജനം കണ്ടത്. ജെ.എന്‍.യു സംഭവത്തില്‍ കനയ്യയെ കൈകാര്യം ചെയ്യാന്‍ കൈയും മെയ്യും മറന്ന് നമ്മുടെ രാജ്യത്തെ അഭിഭാഷകര്‍ തെരുവിലും കോടതിയിലും അഴിഞ്ഞാടിയപ്പോള്‍ ശരാശരി ഇന്ത്യക്കാരന് എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് മനസ്സിലാകാന്‍ വഴിയില്ല. കാരണം പൊതുജനാധിപത്യത്തിനും നീതിബോധത്തിനും ദേശവികാരത്തിനും എല്ലാം എതിരായ സംഭവങ്ങളാണ് തലസ്ഥാനത്ത് അരങ്ങേറിയത്. ജെ.എന്‍.യു സര്‍വകലാശാലയില്‍ ഇത്രവലിയ 'ഭീകരവാദം' നടക്കുന്നുവെന്നും എന്നൊക്കെ അവര്‍ അറിയുന്നത് ഇപ്പോഴാകും.
ഏതായാലും ദേശസ്്‌നേഹത്തിന്റെ ആഴവും പരപ്പും മുങ്ങിത്തപ്പി അതിന്റെ വക്താക്കളെന്ന് സ്വയം അവകാശപ്പെടുന്ന വലിയ സമൂഹം രൂപപ്പെട്ടുവരുന്നുവെന്നത് നല്ല പ്രവണതയാണ്. രാജ്യം നേരിടുന്ന ഭീകരവാദവും വിധ്വംസക പ്രവര്‍ത്തനങ്ങളും വിഘടനവാദവുമെല്ലാം ചെറുക്കുക എന്നത് ഭരണകൂടങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇത്തരം കാര്യങ്ങളില്‍ ഇക്കൂട്ടരുടെ സഹായം സര്‍ക്കാരുകള്‍ക്ക് ഉപയോഗപ്പെടുത്താനും രാജ്യം അക്രമികളില്‍ നിന്ന് സുരക്ഷിതമാക്കാനും ആകും.
ദേശസ്‌നേഹത്തിന്റെ പേരില്‍ തെരുവിലിറങ്ങി അഴിഞ്ഞാടുന്നവരുടെ പൂര്‍വകാല രാഷ്ട്രീയമോ ചരിത്രമോ ഒന്നും ആരും തേടിപോകുന്നില്ലെങ്കില്‍ അവര്‍ വര്‍ത്തമാന കാലത്തിന്റേയും ഭാവിയുടെയും ദേശസ്്‌നേഹികളായി വാഴ്ത്തപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരക്കാരുടെ മനോവീര്യം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ നടക്കുന്നുവെന്നത് വേറെ കാര്യം. രാഷ്ട്രപിതാവ് ഗാന്ധിജി മരിച്ചത് ഓട്ടോയിടിച്ചല്ലെന്നും ദേശസ്്‌നേഹികളെന്ന് അവകാശപ്പെടുന്നവരുടെ നേതാവിന്റെ വെടിയേറ്റാണെന്നുമൊക്കെയാണ് സാമൂഹിക മാധ്യമങ്ങളിലെ സംഘിവിരുദ്ധര്‍ പ്രചരിപ്പിക്കുന്നത്.
വാദവും പ്രതിവാദവും ചാനല്‍ ചര്‍ച്ചകളുമൊക്കെയായി ദേശീയ രാഷ്ട്രീയം പുരോഗമിക്കവെ രാജ്യം നേരിടുന്ന ഗുരുതര വിഷയങ്ങളിലേക്കു കൂടി ശ്രദ്ധക്ഷണിക്കേണ്ടതുണ്ട്. പാകിസ്താന്‍ നേതൃത്വം നല്‍കുന്ന അതിര്‍ത്തി കടന്നുള്ള തീവ്രവാദം കൂടുതല്‍ ശക്തമാകുന്നുവെന്ന വസ്തുതയാണ് വാര്‍ത്തകളില്‍ ഇടം പിടിക്കാതെ പോകുന്നത്. പത്താന്‍കോട് വ്യോമതാവളത്തില്‍ ഭീകരാക്രമണം നടന്നത് അധികം വൈകാതെ കശ്മിരിലും പലയിടത്തുമായി ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യസുരക്ഷയില്‍ ആശങ്കകള്‍ക്ക് വഴിവെക്കുന്ന സംഭവങ്ങളാണ് ഒടുവില്‍ കശ്മിരില്‍ നിന്നുണ്ടായത്.
അതിര്‍ത്തി കടന്നെത്തിയ പാക് തീവ്രവാദികള്‍ രാജ്യത്ത് ആക്രമണം നടത്തുമ്പോള്‍ അതൊന്നും അറിഞ്ഞ മട്ടിലല്ല മേല്‍ പറഞ്ഞ ദേശസ്‌നേഹികള്‍. ശ്രീനഗറില്‍ മൂന്നു ദിവസമായി സൈന്യത്തിനു നേരെ ആക്രമണം നടത്തിയ തീവ്രവാദികളെ ഇന്നലെയാണ് വധിക്കാനായത്. അഞ്ചു ജവാന്മാരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. ഇതില്‍ രണ്ടു സൈനിക ക്യാപ്റ്റന്മാരും ഉള്‍പ്പെടും.
60 വര്‍ഷത്തോളമായി ഇന്ത്യയും പാകിസ്താനും തമ്മില്‍ തുടരുന്ന സംഘര്‍ഷം കൂടുതല്‍ ശക്തമാക്കും വിധം അമേരിക്ക പാകിസ്താന് യുദ്ധവിമാനങ്ങള്‍ കൈമാറിയതും ഈയിടെയാണ്. അതിര്‍ത്തി കടന്ന് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുമ്പോള്‍ അത് തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനോ വേണ്ടിവന്നാല്‍ പട്യാല കോടതിയില്‍ കാണിച്ച തടിമിടുക്ക് രാജ്യസുരക്ഷയ്ക്കു വേണ്ടി വിനിയോഗിക്കാനോ ഇക്കൂട്ടര്‍ തയാറാവുമോയെന്ന സംശയം ഇന്നാട്ടിലെ സാധാരണക്കാര്‍ക്കുണ്ട്.
രാജ്യത്തെ അഴിമതിക്കാരെയും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവരെയും ഒറ്റപ്പെടുത്തുകയെന്നത് യഥാര്‍ഥ രാജ്യസ്്‌നേഹത്തിന്റെ അടയാളങ്ങളാണ്. ചുരുങ്ങിയ പക്ഷം ഇതിനെല്ലാം ഇക്കൂട്ടര്‍ നേതൃത്വം നല്‍കുമോയെന്നും അല്ലെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രപിതാവിന്റെ പാത പിന്തുടരുമോയെന്നും എല്ലാം അറിയാന്‍ ഇന്നാട്ടുകാര്‍ക്ക് ആഗ്രഹമുണ്ടാകും.
കനയ്യയെ ഇനിയും മര്‍ദിക്കുമെന്നും കസ്റ്റഡിയില്‍ മൂന്നു മണിക്കൂറോളം മര്‍ദിച്ച് മൂത്രമൊഴിപ്പിച്ചുവെന്നുമാണ് യശ്്പാല്‍ സിങ് എന്ന അഭിഭാഷകന്‍ പറഞ്ഞത്. വേണ്ടിവന്നാല്‍ പെട്രോള്‍ ബോംബ് ഉപയോഗിക്കുമെന്നും ഇയാള്‍ ഇന്ത്യാടുഡേ ഒരുക്കിയ ഒളിക്കഋഋാമറ ഓപറേഷനിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
ഏതെങ്കിലും ചിലയാളുകളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന സംഘമായി രാജ്യതലസ്ഥാനത്തെ അഭിഭാഷകര്‍ തരംതാഴുന്നുവെന്ന ദയനീയ ചിത്രമാണ് ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത്. അതിനിടെ രാജ്യം നേരിടുന്ന വെല്ലുവിളികളും തീവ്രവാദവും ആരും കാണാതെ പോകുകയും വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ എണ്ണം വാര്‍ത്തകളില്‍ ഇടംപിടിക്കാതെ മാഞ്ഞുപോകുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."