തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിര്‍മാണ പ്രവൃത്തികളും വനിതകള്‍ക്ക്
നിലമ്പൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള നിര്‍മാണ പ്രവൃത്തികളും വനിതകള്‍ മുഖേന നടപ്പാക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യയോജന പദ്ധതിയുടെ പരിശീലനം കുടുംബശ്രീ വനിതകള്‍ക്ക് നടത്തി വരികയാണ്. പരിശീലനം പൂര്‍ത്തിയാവുന്നതോടെ നിര്‍മാണ പ്രവൃത്തികള്‍ സ്ത്രീകള്‍ മുഖേന നടപ്പാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വനിതകള്‍ക്കുള്ള പരിശീലനപദ്ധതി ജില്ലയില്‍ പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ബ്ലോക്കുകളിലായി നടന്നുവരികയാണ്. സംസ്ഥാനത്തിന്റെ പൈലറ്റ് പദ്ധതിയാണ് ജില്ലയില്‍ നടക്കുന്നത്.
പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ബ്ലോക്കുകളിലായുള്ള സെന്ററുകളില്‍ 150 യുവതികളാണ് പരിശീലനത്തിലുള്ളത്. ദേശീയ ഗ്രാമീണ ഉപജീവന മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലന സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കമ്പനികള്‍, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊക്കെ പദ്ധതി നിര്‍വാഹണ ഏജന്‍സികളായി മാറാവുന്നതാണ്. കുടുംബശ്രീ നടത്തുന്ന വിവരശേഖരണം, ബി.പി.എല്‍ ലിസ്റ്റ് എന്നിവയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 15 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ഗുണഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് തൊഴില്‍മേഖലകളില്‍ പ്രായോഗിക പരിശീലനവും ഇംഗ്ലീഷ് പരിജ്ഞാനവും വ്യക്തിത്വ വികസനവും ലഭ്യമാക്കുകയും ഇതിലൂടെ മാസവേതനം ലഭ്യമാക്കുന്ന ജോലി നല്‍കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വീട് നിര്‍മാണം ഉള്‍പ്പടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പരിശീലനമാണ് നല്‍കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിന് ഇവരെ പരിഗണിക്കും. ആറ് മാസത്തെ പരിശീലനമാണ് നല്‍കുന്നത്. പരിശീലന കാലയളവില്‍ യാത്രാ ബത്ത, ഭക്ഷണം, താമസം, യൂനിഫോം എന്നിവ സൗജന്യമായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."