ചെന്തെങ്ങ് കൃഷിയില്‍ വിജയം നേടി മഹാലിംഗം
പാലക്കാട്: നാളികേരകൃഷിയില്‍ നിന്നുള്ള ആദായം കുറഞ്ഞു നഷ്ടത്തിലേക്കുനീങ്ങിയ അവസ്ഥയിലാണ് തമിഴ്‌നാട് അതിര്‍ത്തിയിലെ വടകരപ്പതി ലാലപുതൂരിലെ മഹാലിംഗം തന്റെ ഒന്നരഏക്കറില്‍ പരീക്ഷണമെന്നോണം ചെന്തെങ്ങ് കൃഷി ചെയ്തത്. കായ്ച്ചു തുടങ്ങിയതോടെ ഈ കൃഷിയില്‍ നല്ല ലാഭം കിട്ടിത്തുടങ്ങി. കഴിഞ്ഞ നാലു വര്‍ഷമായി മഹാലിംഗം ചെന്തെങ്ങിലൂടെ തന്റെ ജീവിതം പച്ചപിടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കടലയും പരുത്തിയും കൃഷിയിറക്കിയ പാടങ്ങളിലാണ് ചെന്തെങ്ങ് നട്ടത.് 7 വര്‍ഷം മുന്‍പ് നട്ട തെങ്ങുകള്‍ നാലര വര്‍ഷമായി വിളവ് തരുന്നുണ്ട്. തുടക്കം മുതല്‍ നാട്ടില്‍ ധാരാളമായി കിട്ടുന്ന ചാണകവും ആട്ടിന്‍കാഷ്ഠവും കലര്‍ത്തിയുണ്ടാക്കുന്ന വളമാണ് പ്രയോഗിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ ചുണ്ണാമ്പും ചാരവും തടത്തിലിടും. ആകെയുള്ള അഞ്ചേക്കര്‍ തെങ്ങിന്‍ തോട്ടത്തില്‍ ഒന്നര ഏക്കര്‍ കൃഷിയിടത്തില്‍ 100 ചുവന്ന ഇളനീര്‍ കിട്ടുന്ന തെങ്ങാണ് ഉള്ളത്. നാടന്‍ തെങ്ങും നട്ടിട്ടുണ്ട്.തോട്ടം മുഴുവന്‍ കണിക ജലസേചനത്തിലൂടെ രണ്ടു ദിവസത്തില്‍ ഒരിക്കല്‍ നനയ്ക്കും. വര്‍ഷത്തില്‍ മഴയോട് അനുബന്ധിച്ച ദിവസങ്ങളില്‍ തടമെടുത്ത് വളമിടും. നല്ല വിളവു ലഭിക്കുമെന്നതാണ് മറ്റു നാളികേര കൃഷിയുമായി ഇതിന് വ്യത്യാസം.
നാളികേരത്തിന് വിപണിയില്‍ വലിയ വ്യത്യാസങ്ങള്‍ വരുമെങ്കിലും ഇവയ്ക്ക് 10 മുതല്‍ 15 രൂപവരെ എന്നും വിലയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാതയരുകിലെ കച്ചവടക്കാര്‍ക്കും ഈ നാളികേരം ആവശ്യമുള്ളതിനാല്‍ എന്നും വ്യാപാരികള്‍ നേരിട്ട് എത്തി ശേഖരിക്കും. വിളവ് കൂടി വീണ് പോകുന്ന നഷ്ടവും ഇല്ല. രാസകീടനാശിനികള്‍ ഉപയോഗിക്കേണ്ട സാഹചര്യവും വളരെ കുറവാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ ഉപ്പും മണലും ചേര്‍ത്ത മിശ്രിതം തെങ്ങിന്‍ മടലുകള്‍ക്കിടയില്‍ വിതറും. ഇതിലൂടെ വണ്ടുകടിയെ പ്രതിരോധിക്കാം. മഹാലിംഗത്തിന് ഒരു മാസത്തില്‍ ശരാശരി 700 മുതല്‍ 800 വരെ നാളികേരം ലഭിക്കുന്നുണ്ട് . ഭാര്യ സരസ്വതിയും ബി.ടെക് വിദ്യാര്‍ഥിയായ മകന്‍ പ്രശാന്തും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ശബരിയും ഒഴിവുസമയങ്ങളില്‍ കാര്‍ഷിക ജോലികളില്‍ ഇദ്ദേഹത്തെ സഹായിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."