ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങള്‍ ജനകീയമാകുന്നില്ല: ആരോഗ്യമന്ത്രി
കോഴിക്കോട്: ഗവ. ഹോമിയോ മെഡിക്കല്‍ കോളജിനോടനുബന്ധിച്ചുള്ള ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കോളജ് ഓഡിറ്റോറിയത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
ഈ വര്‍ഷം 20 ഹോമിയോ ഡിസ്‌പെന്‍സറികള്‍ കൂടി സംസ്ഥാനത്ത് തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 49 ഹോമിയോ ഡിസ്‌പെന്‍സറികള്‍ കൂടി ഉണ്ടായാല്‍ സമ്പൂര്‍ണ ഹോമിയോ ഗ്രാമമായി കേരളത്തെ പ്രഖ്യാപിക്കാന്‍ കഴിയും.
എല്ലാ വൈദ്യ സമ്പ്രദായത്തിനും പ്രാധാന്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങള്‍ നിരവധിയുണ്ടെങ്കിലും സ്ഥാപനങ്ങള്‍ ജനകീയമാവുന്നില്ല. ആശുപത്രികളെ സൗന്ദര്യവത്കരിക്കാനും ജനകീയമാക്കാനും ബോധപൂര്‍വമായ ഇടപെടല്‍ വേണം.
ആശുപത്രികള്‍ ജനസൗഹൃദ കേന്ദ്രമാക്കാനും മെഡിക്കല്‍ കോളജുകള്‍ മികവിന്റെ കേന്ദ്രമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആറ് നില കെട്ടിടമാണ് ആശുപത്രിക്കായി നിര്‍മിക്കുന്നത്. ഇതില്‍ 10 കോടി 55 ലക്ഷം രൂപ ചെലവില്‍ നാല് നില കെട്ടിടത്തിന്റെ നിര്‍മാണത്തിനാണ് തുടക്കമിടുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ മുഖ്യാതിഥികളായി.
വാര്‍ഡ് കൗണ്‍സിലര്‍ കെ.സി ശോഭിത, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.ടി അനിലകുമാരി, ആശുപത്രി സൂപ്രണ്ട് ഡോ. കെ.എല്‍ ബാബു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി. മോഹനന്‍ മാസ്റ്റര്‍, കെ.സി അബു, പി.വി മാധവന്‍, കൃഷ്ണന്‍ കുട്ടി, വി. സുരേഷ് കുമാര്‍, പി.ടി ആസാദ്, കിഷന്‍ ചന്ദ്, സി.പി ഹമീദ്, കെ. ഫര്‍ഹാന്‍, ടി.കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."