സര്‍ക്കാര്‍ ഭൂമി തങ്ങളുടേതാണെന്ന വാദവുമായി തൃക്കാക്കര നഗരസഭ
കാക്കനാട്: സര്‍ക്കാര്‍ ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി തൃക്കാക്കര നഗരസഭ. ജില്ലാ പഞ്ചായത്ത് മന്ദിരത്തിനു സമീപമുള്ള ഏഴെക്കറോളം റവന്യൂ പുറമ്പോക്ക് ഭൂമി വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ നഗരസഭ അധികൃതര്‍ വേലി കെട്ടി കൈവശപ്പെടുത്തിയതാണ് റവന്യൂ അധികൃതരെ ചൊടിപ്പിച്ചത്.
എ.ഡി.എം സി.കെ പ്രകാശിന്റെ നിര്‍ദേശപ്രകാരം കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍, കാക്കനാട് വില്ലേജ് ഓഫീസര്‍ പി.പി ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ കയേറ്റ ഭൂമി സര്‍ക്കാരിന്റേതാണെന്ന അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു.
അര്‍ധരാത്രിക്ക് ശേഷം നടത്തിയ കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വിവരം മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി കാക്കനാട് വില്ലേജ് അധികൃതര്‍ പറഞ്ഞു. 100 ശതമാനവും സര്‍ക്കാര്‍ പുറമ്പോക്കാണിത്. നഗരസഭക്ക് ഈ സ്ഥലത്ത് ഒരു അവകാശവുമില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വസതിക്കായി 30 സെന്റ് സ്ഥലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറേറ്റില്‍ നിന്നും പട്ടിക സ്ഥലത്തു നിന്നും 60 സെന്റ് ഭൂമി തൃക്കാക്കര നഗരസഭയുടെ സഹകരണ ആശുപത്രി വികസനത്തിന് നല്‍കാന്‍ സര്‍ക്കാരും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ കയ്യേറ്റം തടഞ്ഞതെന്ന് വില്ലേജ് ഓഫീസര്‍ ഉദയകുമാര്‍ പറഞ്ഞു.
നഗരസഭയുടേതെന്ന് തെളിയിക്കാന്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിന് തന്നെയാണ്. അതേസമയം വികസന പദ്ധതികള്‍ക്കായി റവന്യൂ ഭൂമിയില്‍ അവകാശമുന്നയിക്കാന്‍ നഗരസഭക്ക് അധികാരമുണ്ടെന്ന നിലപാടിലാണ് നഗരസഭ അധികൃതര്‍. ജില്ലാ പഞ്ചായത്തിനും സഹകരണ ആശുപത്രിക്കും ഭൂമി വിട്ടുകൊടുക്കാന്‍ തടസ്സമുന്നയിക്കില്ല. ശേഷിച്ചഭൂമിയില്‍ മുനിസിപ്പല്‍ ടവര്‍ നിര്‍മ്മിക്കും.
ഷോപിങ് കോംപ്ലക്‌സ്, അന്താരാഷ്ട്ര നിലവാരമുള്ള കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയടക്കമുള്ള വിശദമായ പ്രോജക്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോടതിയും നഗരസഭക്ക് പ്രഥമ പരിഗണന നല്‍കാനാണ് സാധ്യതയെന്ന് ചെയര്‍പേഴ്‌സണ്‍ കെ.കെ.നീനു പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കയ്യേറി ചുറ്റും നെറ്റ് സ്ഥാപിച്ചത് നീക്കം ചെയ്യേണ്ട എന്നാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. മറ്റ് കയേറ്റങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഉപകരിക്കുമെന്ന നിലപാടാണ് വില്ലേജ് ഉദ്യോഗസ്ഥര്‍ക്കുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."