ഹൂതികളുടേത് ഇറാന്‍ ആയുധങ്ങള്‍: യു.എന്നില്‍ പരാതിയുമായി യെമന്‍
റിയാദ്: സംഘര്‍ഷം നടക്കുന്ന യമനില്‍ ഹൂതികള്‍ ഉപയോഗിക്കുന്നത് ഇറാന്‍ ആയുധങ്ങളാണെന്നു കണ്ടെത്തിയതായും ഇറാനെതിരെ ഐക്യരാഷ്ട്ര സഭയില്‍ പരാതി നല്‍കുമെന്നും യമന്‍ ഭരണകൂടം വ്യക്തമാക്കി. ഇറാന്‍ സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളാണ് വിമത വിഭാഗമായ ഹൂതികള്‍ വ്യാപകമായി ഉപയോഗിക്കുന്നതെന്നും യമനെ ശിഥിലമാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും യമന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ മാലിക് അല്‍ മുഖലാഫി അന്താരാഷ്ട്ര മാധ്യമങ്ങളോട് നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഹൂതികളാണ് യമനിലെ ഔദ്യോഗിക വിഭാഗമെന്നാണ് തോന്നുന്ന നിലയിലാണ് ഇറാന്റെ നിലപാടുകള്‍. ഹൂതികള്‍ക്ക് വ്യാപകമായി ആയുധങ്ങള്‍ നല്‍കുകയും അന്താരാഷ്ട്ര തലത്തില്‍ മാന്യത ചമയുകയുമാണ് ഇറാന്‍. ഇതേ കുറിച്ച് ഐക്യരാഷ്ട്ര സഭയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ഇറാന്‍ പ്രതിനിധികള്‍ മൗനമവലംഭിച്ചത് ശ്രദ്ധേയമാണ്. ഇറാന്‍ ആയുധങ്ങള്‍ സഊദി അതിര്‍ത്തിയില്‍ നിന്നും വ്യാപകമായി പിടികൂടിയിരുന്നു. രാജ്യത്തിനകത്ത് കലാപത്തിന് ശ്രമിക്കുന്നവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് കുറ്റകരകമാണെന്ന ഐക്യരാഷ്ട്ര സഭയുടെ 2216 നിയമ ലംഘനമാണ് ഇറാന്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, അടുത്തയാഴ്ച മുതല്‍ 72 മണിക്കൂര്‍ നേരത്തേക്കെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവയ്ക്കാന്‍ യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ അല്‍ ഹാദി സമ്മതിച്ചിട്ടുണ്ട്. കനത്ത പോരാട്ടം നടക്കുന്ന തായിസില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാര്‍ക്ക് സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് ചുരുങ്ങിയ സമയത്തേക്കെങ്കിലും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ഐക്യരാഷ്ട്ര സഭാ പ്രതിനിധികള്‍ മുഖേന ഹൂതികളുടെ നിലപാടിനായി കാത്തിരിക്കുകയാണെന്നും യമന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."