വിത്ത്
വിത്ത് എന്നു കേള്‍ക്കുമ്പോള്‍ കൂട്ടുകാരുടെ മനസില്‍ എന്തൊക്കെയാണ് ഓര്‍മവരുന്നത്. പറമ്പിലും സ്‌കൂളിലെ കൂട്ടുകാരുടെ കൃഷിത്തോട്ടങ്ങളിലും നട്ടുവളര്‍ത്തിയ പയര്‍, വെണ്ട, ചീര തുടങ്ങിയ ചെടികളുടെ വിത്തുകള്‍. കൃഷി വകുപ്പില്‍നിന്നും സ്‌കൂളില്‍നിന്നും വിതരണം ചെയ്യുന്ന കാര്‍ഷിക വിത്തിനങ്ങള്‍, മഴക്കാലത്ത് പാടത്തു വിതയ്ക്കുന്ന നെല്‍ വിത്തുകള്‍ എന്നിങ്ങനെ നിരവധി ഓര്‍മകള്‍ കൂട്ടുകാരുടെ മനസിലിപ്പോള്‍ മുള പൊട്ടിയിട്ടുണ്ടാകും. സസ്യങ്ങളുടെ പ്രത്യുല്‍പ്പാദന രീതിയിലൊന്നാണ് വിത്തുകള്‍. എങ്ങനെയാണ് ഇവ ഉണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. പൂക്കളിലെ അണ്ഡം വളര്‍ന്നാണ് വിത്തുണ്ടാകുന്നത്. എല്ലാ വിത്തുകളും വൈവിധ്യമേറിയവയാണ്.
ആകൃതിയും നിറവും വലിപ്പവും വിത്തുകളില്‍ വ്യത്യസ്തമാണ്. അമരയുടേയും പ്ലാവിന്റേയും വിത്തുകള്‍ ഒരു പോലെയാണോ.തീര്‍ച്ചയായും അല്ല.വിത്തുകളെ കുറിച്ച് കൂടുതല്‍ അറിയൂ...
മഴ പെയ്താല്‍
മഴ പെയ്തു തുടങ്ങുമ്പോഴേക്കും തൊടിയിലും പാടത്തും എത്ര മാത്രം സസ്യങ്ങളാണ് മുളച്ചുപൊങ്ങുന്നത്. ചില വിത്തുകള്‍ അവയുടെ ഘടകങ്ങളും മണ്ണിനു മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും. വേനല്‍ക്കാലത്ത് മണ്ണില്‍ കിടന്നിരുന്ന വിത്തുകളാണ് ഇങ്ങനെ പെട്ടെന്ന് മുളച്ചുപൊങ്ങുന്നത്.
വിത്തിനുള്ളില്‍ എന്താണ്?
വിത്തിനെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ടോ? എത്രമാത്രം രഹസ്യങ്ങളാണ് ഓരോ വിത്തിലും പ്രകൃതി ഒളിപ്പിച്ചുവച്ചിട്ടുള്ളതെന്ന് അറിയാമോ. ഓരോ ചെടിയുടേയും ആകൃതി, നിറം, മണം, ഫലം തുടങ്ങിയ ഘടകങ്ങളുടെ ഒരു നീണ്ട നിര തന്നെ ഓരോ വിത്തിലും ഉണ്ടാകും. ചെടികള്‍ക്കനുസരിച്ച് വിത്തുകള്‍ മാറുമെങ്കിലും എല്ലാ വിത്തുകള്‍ക്കും പൊതുവായ ചില സവിശേഷതകളുണ്ട്.
വിത്തുകളുടെ ഉള്‍ഭാഗത്തെ പൊതിഞ്ഞു സൂക്ഷിക്കുക എന്ന ധര്‍മം നിര്‍വഹിക്കുന്ന ബീജകവചം എല്ലാ വിത്തിലുമുണ്ടാകും. വിത്തുകളുടെ പുറമേ കാണുന്ന കട്ടിയുള്ള ആവരണമാണിത്. ഈ ബീജ കവചത്തിന്റെ ഒരു ഭാഗത്ത് സൂക്ഷ്മമായൊരു നാളിയുണ്ട്. വിത്തു മുളയ്ക്കാനാവശ്യമായ ജലത്തെ ഉള്ളിലേക്കു പ്രവേശിപ്പിക്കാനാണിത്.
ബീജ കവചത്തിനുള്ളില്‍ ഭ്രൂണം കാണപ്പെടുന്നു. ഇവയ്ക്കുള്ളില്‍ ബീജ പത്രങ്ങളും ഒരു ചെറിയ ദണ്ഡും കാണപ്പെടുന്നു. പയര്‍, നിലക്കടല എന്നീ ചെടികളുടെ ഭ്രൂണത്തില്‍ രണ്ടു ബീജ പത്രങ്ങളുണ്ടാകും. നെല്ല്, തെങ്ങ്, ഗോതമ്പ് തുടങ്ങിയ വിത്തുകള്‍ക്ക് ഒരു ബീജ പത്രമേ കാണപ്പെടുകയുള്ളൂ. ഒരു ബീജ പത്രമുല്‍പാദിപ്പിക്കുന്ന ചെടിയെ ഏക ബീജ പത്രികളെന്നും രണ്ട് ബീജ പത്രമുല്‍പാദിപ്പിക്കുന്ന ചെടിയെ ദ്വിബീജ പത്രികളെന്നും വിളിക്കുന്നു.
വിത്ത് മുളയ്ക്കാന്‍
വിത്തിനുള്ളിലെ ഘടകഭാഗങ്ങളെക്കുറിച്ച് പറഞ്ഞല്ലോ. ഒരു വിത്ത് മുളയ്ക്കാന്‍ എന്തൊക്കെ ഘടകങ്ങള്‍ ആവശ്യമാണെന്ന് കൂട്ടുകാര്‍ പരിശോധിച്ചു നോക്കിയിട്ടുമുണ്ടാകും. വിത്തുകള്‍ മുളയ്ക്കാന്‍ വായു, ജലം, അനുകൂല താപനില എന്നിവ അത്യാവശ്യമാണെന്ന് കൂട്ടുകാര്‍ മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ. വിത്തുകള്‍ മുളച്ചാല്‍ വളരാന്‍ സൂര്യപ്രകാശവും മണ്ണും ആവശ്യമായ തോതില്‍ വേണം.
വിത്തിന്
വളരാന്‍ മണ്ണ്?
ഈ ചോദ്യം കൂട്ടുകാരെ പോലെ പല ശാസ്ത്രജ്ഞരേയും കുഴപ്പിച്ചിരുന്നു. ആധുനിക കാലഘട്ടത്തിലെ ശാസ്ത്ര- സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയോടെ ഈ ചോദ്യത്തിനുള്ള ഉത്തരം വ്യക്തമായി. വിത്ത് വളരാന്‍ മണ്ണ് ആവശ്യമില്ല. വളര്‍ച്ചയ്ക്ക് വിത്തിനെ സഹായിക്കുന്ന ഘടകങ്ങളിലൊന്നാണ് മണ്ണ്. ഈ പരീക്ഷണ വിജയം ശാസ്ത്രജ്ഞരെ കൊണ്ടെത്തിച്ചത് പുതിയൊരു തരം കൃഷി രീതിയിലേക്കാണ്. ഹൈഡ്രോപോണിക്‌സ് എന്നാണ് ഈ കൃഷി രീതിയുടെ പേര്.
വിത്തു മുളയ്ക്കുന്നു
അനുകൂല സാഹചര്യം ലഭിച്ചു കഴിഞ്ഞാല്‍ വിത്തിനുള്ളിലെ ഭ്രൂണം മുളച്ചു തുടങ്ങും. ആവശ്യത്തിനു ജലം, വായു, താപ നില എന്നിവയാണ് അതെന്ന് കൂട്ടുകാര്‍ പഠിച്ചിട്ടുണ്ടല്ലോ. മേല്‍ പറഞ്ഞ ഘടകങ്ങള്‍ ഓരോ പ്രദേശത്തും മാറിക്കൊണ്ടിരിക്കും.
താപനില കൂടിയ പ്രദേശത്ത് ആവശ്യമായ ഘടകങ്ങളായിരിക്കില്ല താപനില കുറഞ്ഞ പ്രദേശത്ത് ആവശ്യമായ ഘടകങ്ങള്‍. ബീജ പത്രത്തിലെ ആഹാരം ഉപയോഗപ്പെടുത്തിയായിരിക്കും ആദ്യ ഘട്ടങ്ങളില്‍ വിത്തു മുളച്ചു തുടങ്ങുക. ബീജമൂലം വേരായി തീരാനും ബീജ ശീര്‍ഷം കാണ്ഡമായി മാറാനും വിത്തിനുള്ളിലെ ആഹാരം മതിയാകും. പിന്നീടുള്ള വളര്‍ച്ചയ്ക്ക് സസ്യം ഇലകളെയും വേരുകളേയും ആശ്രയിക്കും.
ഏക ബീജ
പത്രികള്‍
ഇവയില്‍ ആഹാരം സംഭരിച്ചുവയ്ക്കുന്നത് ബീജ പത്രങ്ങള്‍ക്കു വെളിയിലായിരിക്കും. ബീജാണ്ഡമെന്നാണ് ഇവയ്ക്കു പറയുന്ന പേര്.
ബീജ പത്രവുമായി ചേര്‍ന്നിരിക്കുന്ന നേര്‍ത്തൊരു ദണ്ഡിനെക്കുറിച്ച് സൂചിപ്പിച്ചല്ലോ. ഇവയെ വിളിക്കുന്ന പേരാണ് പ്രാഥമിക കാണ്ഡം. ഈ കാണ്ഡം വളര്‍ന്നാല്‍ രണ്ടു ഭാഗമായി മാറും. അവയില്‍ ഒരു ഭാഗം വേരായും മറുഭാഗം കാണ്ഡമായും തീരും. വേരായി മാറുന്ന ഭാഗത്തിനും ഒരു പേരുണ്ട്. ബീജമൂലം(Radicle). ഇനി മറുഭാഗത്തിനെ വിളിക്കുന്ന പേരും കേട്ടോളൂ. ബീജ ശീര്‍ഷം (plumule-).
ആഹാരം സംഭരിച്ചുവയ്ക്കുന്ന ഭാഗം ഏക ബീജ പത്രികളില്‍ ബീജപത്രങ്ങള്‍ക്കു വെളിയിലാണെന്ന് പറഞ്ഞല്ലോ. ഇതിനാല്‍ തന്നെ വളരെ നേര്‍ത്തതായിരിക്കും ഇത്തരം ബീജ പത്രികള്‍.
വിത്തിലുമുണ്ട്
കുസൃതികള്‍
വിത്തുകളില്‍ വിവിധ സ്വാഭാവ പ്രകൃതമുള്ളവരുണ്ട്. ചിലര്‍ പൊട്ടിത്തെറിച്ചാണ് വിത്തുകള്‍ വിതരണം ചെയ്യുക. ചില വിത്തുകള്‍ വെള്ളത്തില്‍ ഒഴുകിയും കാറ്റില്‍ പറന്നും ജന്തുക്കളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ചും വിതരണം നടത്തുന്നു. പുഴയിലൂടെ ഒഴുകി വരുന്ന കായ്കനികള്‍, പക്ഷികളും മൃഗങ്ങളും വിസര്‍ജനത്തിലൂടെ പുറം തള്ളുന്ന വിത്തുകള്‍, മഴയിലൂടെ ഒഴുകിപ്പോകുന്ന വിത്തുകള്‍ തുടങ്ങിയ കൂട്ടുകാര്‍ നിരീക്ഷിച്ചിട്ടുണ്ടാകുമല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."