കയ്പമംഗലം ഉപതെരഞ്ഞെടുപ്പ്; ലീഗ് സ്ഥാനാര്‍ഥി മത്സരിക്കാനിടയില്ല
കയ്പമംഗലം: ഒക്ടോബര്‍ 21ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മത്സരിക്കാനിടയില്ല. യു.ഡി.എഫ് ധാരണപ്രകാരം കയ്പമംഗലം ഡിവിഷന്‍ മുസ്‌ലിം ലീഗിന് അവകാശപ്പെട്ടതാണെങ്കിലും പൊതുസ്വതന്ത്രനെ നിര്‍ത്തി മത്സരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ് നേതൃത്വം. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും സ്ഥാനാര്‍ഥിയെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.ബി താജുദ്ദീന്‍ വളരെ ദയനീയമായാണ് പരാജയം ഏറ്റുവാങ്ങിയത്. ഇ.ടി ടൈസണ്‍ മാസ്റ്റര്‍ സംസ്ഥാനത്തുതന്നെ ഏറ്റവുംമികച്ച ഭൂരിപക്ഷത്തിനാണ് അന്ന് തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ടൈസണ്‍ മാസ്റ്റര്‍ നിയമാസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എ ആയതോടെയാണ് കയ്പമംഗലത്ത് വീണ്ടും തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. അതേസമയം സി.പി.ഐ ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റിയില്‍ സ്ഥനാര്‍ഥിയെപറ്റി ധാരണയിലെത്തിയേക്കും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷനിലേക്ക് മണ്ഡലം കമ്മിറ്റി നല്‍കിയ മൂന്നംഗ പാനലില്‍നിന്ന് ജില്ലാ കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. ഇ.ടി ടൈസണ്‍, പി.ആര്‍ കണ്ണന്‍, ഇ.എം ബാബു എന്നിവരാണ് അന്ന് മണ്ഡലം കമ്മിറ്റി സമര്‍പ്പിച്ച പാനലില്‍ ഇടംപിടിച്ചത്. ഇത്തവണ പി.ആര്‍ കണ്ണനെ കൂടാതെ ടി.പി രഘുനാഥ്, പി.വി മോഹനന്‍, ബി.ജി വിഷ്ണു എന്നിവരുടെ പേരുകളും അണികള്‍ക്കിടയില്‍ പ്രചാരണത്തിലുണ്ട്.
ഇത്തവണയും മണ്ഡലം കമ്മിറ്റി മൂന്നംഗ പാനല്‍ ജില്ലാ കമ്മിറ്റിക്ക് വിടാനാണ് സാധ്യത തെളിയുന്നത്. എല്‍.ഡി.എഫിന്റെ കുത്തക മണ്ഡലമെന്ന ഖ്യാതി നിലവില്‍ കയ്പമംഗലം ഡിവിഷനുണ്ട്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്‍.ഡി.എയുടെ സീറ്റില്‍ ബി.ജെ.പി മത്സരിക്കുമെന്നാണ് സൂചന. സി.പി.എമ്മില്‍നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ പെരിഞ്ഞനം പഞ്ചായത്തംഗം കെ.ബി അജയ്‌ഘോഷിനേയും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പി നേതൃത്വം പരിഗണിക്കാനിടയുണ്ട്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പൊതു സ്വതന്ത്രന്‍ വന്നാല്‍ ഒരുപക്ഷേ മത്സരം ശക്തമായ ത്രികോണത്തിലേക്ക് വഴിമാറും. ബി.ജെ.പി ശക്തി തെളിയിക്കാനെന്ന രീതിയില്‍ പല പഞ്ചായത്തുകളിലും ബൂത്ത് കണ്‍വന്‍ഷനുകള്‍ തുടങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."