HOME
DETAILS

2016 അന്താരാഷ്ട്ര പയര്‍ വര്‍ഷം

  
backup
April 27 2016 | 08:04 AM

2016-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%aa%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d
അബ്ദുന്നൂര്‍ പടിഞ്ഞാറ്റുമുറി 2016 പയര്‍വിളകള്‍ക്കു വേണ്ടിയുള്ള വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചിരിക്കുന്നു. നവംബറില്‍ ചേര്‍ന്ന 68- ാമത് ജനറല്‍ അസംബ്ലിയിലാണിത് പ്രഖ്യാപിച്ചത്. ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) ആണ് ആചരണത്തിന്റെ ചുമതല. സുസ്ഥിര ഭാവിക്ക് പോഷക മൂല്യമുള്ള വിത്ത് (Natritious seeds for a sustainable future-)എന്നതാണ് വര്‍ഷാചരണത്തിന്റെ മുദ്രാവാക്യം. ആവശ്യകത വര്‍ഷം ആചരിക്കാന്‍ മാത്രം പയര്‍ വിളകള്‍ക്കിത്ര പ്രാധാന്യമുണ്ടോ എന്ന് ഒരുവേള കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടാവും. മണ്ണിനും മനുഷ്യനും ഒരുപോലെ ആവശ്യമായതാണ് നിസാരമായ പയര്‍ മണികള്‍. മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമായ മാംസ്യങ്ങളുടെ കലവറയാണിത്. അതുപോലെ മണ്ണിലെ കോടാനുകോടി സൂക്ഷ്മ ജീവികളെ ഊട്ടാനുള്ള സംയുക്തങ്ങള്‍ ചേര്‍ത്തു നല്‍കാന്‍ പയര്‍ ചെടികള്‍ക്കു കഴിയും. വ്യത്യസ്ത പയര്‍ വര്‍ഗങ്ങളുടെ പോഷകമൂല്യങ്ങളെ ജനങ്ങളെ അറിയിക്കുക എന്നതാണ് ആചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. പയര്‍ വര്‍ഗങ്ങളുടെ ഉല്‍പാദനവും വിപണനവും വര്‍ധിപ്പിക്കല്‍ കൂടി ഉദ്ദേശിക്കുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ പറയുന്നത് നോക്കുക, സുസ്ഥിര വികാസത്തിന്റെ നവീന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഉദ്യമത്തില്‍ ഏര്‍പ്പെടുന്നതിനും പയര്‍ വര്‍ഗങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുന്നതിന്നും  പൊതുജനങ്ങളെ സജ്ജമാക്കുന്നതിനുമുള്ള ഒരു സുവര്‍ണാവസരമാണ് അന്താരാഷ്ട്ര പയര്‍ വര്‍ഗ വര്‍ഷാചരണം. പയര്‍ പെരുമ മനുഷ്യന്‍ ഇണക്കിവളര്‍ത്തിയ ആദ്യകാല കൃഷിയിനങ്ങളില്‍പെട്ടവയാണ് പയര്‍ വര്‍ഗങ്ങള്‍. ബി.സി പതിനായിരത്തില്‍തന്നെ ഇവ ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണാം. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ ഭക്ഷ്യവസ്തുക്കളിലെ പ്രധാന ഇനമാണ് പയര്‍ വര്‍ഗങ്ങള്‍. പരിപ്പ്, ചന, കപ്പലണ്ടി തുടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ ഉത്തരേന്ത്യക്കാരുടെ നിത്യഭക്ഷണമാണ്. ഉഴുന്ന്, കടലമാവ് എന്നിവ പലഹാരങ്ങളിലെ പ്രധാന ചേരുവയാണെല്ലോ? കഞ്ഞിയും പയറും പുട്ടും കടലയും കഴിക്കാത്തവരായി ആരുമുണ്ടാവില്ല. ദൈനംദിന ഭക്ഷണക്രമത്തില്‍ പയര്‍ വര്‍ഗങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നു ചുരുക്കം. മനുഷ്യനു പോഷകം മനുഷ്യ ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ മാംസ്യങ്ങളാല്‍ സമ്പന്നമാണ് പയര്‍വര്‍ഗങ്ങള്‍. ഗോതമ്പിലുള്ളതിന്റെ രണ്ടിലൊന്നും അരിയിലുള്ളതിന്റെ മൂന്നിരിട്ടിയും പയര്‍ ഇനങ്ങളില്‍ മാംസ്യം ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല പയറിലെ മാംസ്യം എത്രയും പെട്ടെന്നു ദഹിക്കുന്നവയുമാണ്. മിക്ക പയര്‍ വര്‍ഗങ്ങളിലും 100 ല്‍ 20 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അപ്പോള്‍ ശാരീരിക വളര്‍ച്ചയ്ക്കു പുറമെ ബുദ്ധി വികാസത്തിനും ഉതകുന്നവയാണ്. മിക്ക പയറിനങ്ങളുടെ തൊലിയിലും ധാരാളം നാരുകള്‍ (ഫൈബര്‍) ഉള്ളതിനാല്‍ ദഹന പ്രക്രിയ സുഖമമാക്കുകയും ചെയ്യും. മണ്ണിന് ഫലഭൂയിഷ്ഠം അന്തരീക്ഷത്തിലുള്ള നൈട്രജന്‍ ആഗിരണം ചെയ്ത് വേരുപടലങ്ങളിലെ മുഴകളില്‍ സംഭരിച്ചുവച്ച് മണ്ണിനെ വളക്കൂറുള്ളതാകുന്നവയാണ് പയര്‍വര്‍ഗ ചെടികള്‍. വിളപരിവര്‍ത്തനത്തിലും ഇടവിളകൃഷിക്കും സമ്മിശ്രകൃഷിയിലും ഇവ ഏറെ ഉപയോഗപ്രഥമാണ്. അമിതമായ ബാഹ്യവള പ്രയോഗം ആവശ്യമില്ല. വളര്‍ച്ചാകാലം കുറവുള്ള വിത്തിനമായതിനാല്‍ രണ്ടാംകൃഷിക്കു പറ്റുന്നവയാണ്. വിളവെടുത്ത ശേഷം ചെടികള്‍ മണ്ണില്‍ ഉഴുതു ചേര്‍ക്കുകയോ പൊതിയിടുകയോ ചെയ്താല്‍ മേല്‍ത്തരം ജൈവവളമാവുകയും ചെയ്യും. മണ്ണിലെ സൂക്ഷ്മാണു പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നു, മണ്ണൊലിപ്പു തടയുന്നു, കൂടുതല്‍ വെള്ളം മണ്ണില്‍ താഴ്ന്നിറങ്ങുന്നതിന് സഹായിക്കുന്നു എന്നിവ പയര്‍ വര്‍ഗ കൃഷിയുടെ മറ്റു മെച്ചങ്ങളാണ്. ഇന്ത്യയില്‍ ലോകത്ത് ഏറ്റവുമധികം പയര്‍വര്‍ഗം ഉല്‍പാദിപ്പിക്കുകയും അവ ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അഥവാ ആഗോള പയറുല്‍പാദനത്തിന്റെ 25 ശതമാനം ഇന്ത്യയുടെ സംഭാവനയാണ്. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായും കൃഷി ചെയ്യുന്നത്. 2014 ല്‍ 18.5 മില്യണ്‍ ടണ്‍ ഉല്‍പാദനം ഇന്ത്യ നടത്തി. കേരളത്തില്‍ പയര്‍വര്‍ഗ കൃഷിക്ക് അത്ര വേരോട്ടം കിട്ടിയിട്ടില്ല. 2013-14 വര്‍ഷത്തെ കണക്കനുസരിച്ച് 2989 ഹെക്ടര്‍ സ്ഥലത്ത് 3019 ടണ്‍ പയര്‍ ഇനങ്ങളാണ് കേരളം ഉല്‍പാദിപ്പിച്ചത്. പാലക്കാട് ജില്ലയില്‍ ആണ് ഇതില്‍ ഏറെയും. പ്രധാന പയര്‍ ഇനങ്ങള്‍ ലോകത്താകെ 13,000 ഇനം പയര്‍ വര്‍ഗങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു. ഇതില്‍ ഒരു ഡസനിലധികം ഇന്ത്യയില്‍ കൃഷി ചെയ്യുന്നുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടലയും തുവരയുമാണുള്ളത്. വന്‍പയര്‍, ചെറുപയര്‍, ഉഴുന്ന്, മുതിര, ഗ്രീന്‍പീസ്, സോയാബീന്‍ തുടങ്ങിയവയും കേരളം കൃഷി ചെയ്യുന്നവയാണ്. വന്‍പയര്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പയറുവിളയാണ് വന്‍പയര്‍. മാമ്പയര്‍, അച്ചിങ്ങപ്പയര്‍, വള്ളിപ്പയര്‍, പച്ചക്കറിപ്പയര്‍ തുടങ്ങി പലയിടത്തും പലപേരില്‍ ഇത് അറിയപ്പെടുന്നു. വള്ളികളായി പടര്‍ന്നു വളരുന്ന ഇവ ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നവയാണ്. മധ്യആഫ്രിക്കയാണ് ഇതിന്റെ ജന്മദേശം. ഉഴുന്ന് നമ്മുടെ പ്രാതല്‍ വിഭവങ്ങളായ ഇഡ്ഡലി, ദോശ, വട എന്നിവയിലെ പ്രധാന ഘടകമാണ് ഉഴുന്ന്. പ്രോട്ടീന്‍, വിറ്റാമിന്‍ എ, കാല്‍സ്യം, അയണ്‍, നിയാസിന്‍ തുടങ്ങിയ പോഷക മൂലങ്ങള്‍ ഉഴുന്നിലുണ്ട്. വാതം, പിത്തം, ക്ഷയം, ജ്വരം, ചുമ, മലബന്ധം എന്നിവയ്ക്ക് ഔഷധമാണ്. മുതിര കുതിരകളുടെ ഭക്ഷണമായാണ് മുതിര അറിയപ്പെടുന്നത്. അത്‌കൊണ്ടാണ് ഇതിന് ഹോഴ്‌സ് ഗ്രാം (Horse gram) എന്ന് ഇംഗ്ലീഷില്‍ പേരു വന്നത്. പ്രോട്ടീന്‍, വൈറ്റമിന്‍ സി, പൊട്ടാസ്യം, ഈസ്ട്രജന്‍, ഫൈബര്‍, ആന്റിഓക്‌സിഡന്റ് തുടങ്ങിയ പോഷക മൂല്യങ്ങള്‍ അടങ്ങിയതാണ് മുതിര. വയര്‍ കുറക്കാനും അമിത വണ്ണം തടയാനും ഇത് ഏറെ ഫലപ്രദമാണ്. കഫം, വാതം, മൂത്രക്കല്ല്, പ്രമേഹം, ആര്‍ത്തവ തടസ്സം എന്നിവ തടയാന്‍ ഉത്തമമാണ്. കടല ലോകത്ത് ഏറ്റവും കൂടുതല്‍ കടല കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. കറുപ്പ്, വെളുപ്പ്, ചുവപ്പ്, മഞ്ഞ എന്നിങ്ങനെ നാലുതരം നിറങ്ങളിലുള്ള കടലകളുണ്ട്. അന്നജം, പ്രോട്ടീന്‍, ജീവകങ്ങള്‍, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി നിരവധി പോഷക മൂല്യങ്ങളുള്ള വിത്താണിത്. കടലപ്പിണ്ണാക്ക് നല്ല ജൈവവളമാണ്. ശ്വാസംമുട്ട്, ജ്വരം, പിത്തം, പീനസം, പ്രമേഹം എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു. സോയാബീന്‍ കിഴക്കനേഷ്യ ജന്മ ദേശമായിട്ടുള്ള പയര്‍ വര്‍ഗ സസ്യമാണ് സോയാബീന്‍സ്. പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമുള്ളവയാണ്. കൊഴുപ്പ് തീരെ കുറവായതിനാല്‍ കൊളസ്‌ട്രോള്‍ ഭീഷണി ഒട്ടും ഇല്ല. സ്തനാര്‍ബുധ സാധ്യത കുറക്കാനും ഓര്‍മശക്തി അധികരിപ്പിക്കാനും സോയാബീന്‍ ഉതകും. ഇവ പച്ചയ്ക്ക് ഉപയോഗിക്കുന്നത് ദോഷകരമെന്ന് ഓര്‍ക്കുക. സോയാബീന്‍ ടോഫു, സോയ മില്‍ക്, സോയ ഓയില്‍, സോയ പ്രോട്ടീന്‍ തുടങ്ങി പല രൂപത്തിലേക്കും സോയാബീന്‍ മാറ്റപ്പെടുന്നുണ്ട്. ചെറിയ പയറല്ല ചെറുപയര്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്ന പയര്‍ വര്‍ഗ ചെടിയാണ് ചെറുപയര്‍. 30 മുതല്‍ 120 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ നിവര്‍ന്നു വളരുന്ന ഏക വര്‍ഷി സസ്യമാണിത്. ഇലകള്‍ മൂന്ന് ഇതളുകള്‍ വീതമുള്ളവയാണ്. നാലോ അഞ്ചോ പൂക്കള്‍ വീതമുള്ള പൂങ്കുലകളാണുണ്ടാവുക. ഇവ നീണ്ട കായ്കളായി വളര്‍ന്ന് 10 മുതല്‍ 15 വരെ വിത്തുകള്‍ അതില്‍ ഉണ്ടാവും. പച്ചയും മഞ്ഞയും നിറത്തിലുള്ള രണ്ടുതരം ചെറുപയറുകളുണ്ട്. പച്ചയാണ് അത്യുത്തമം. ഇതില്‍ ആഫ്രിക്കന്‍ ചെറുപയറാണ് ഏറ്റവും മുന്തിയവ. അന്നജം, കൊഴുപ്പ്, നാരുകള്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കാല്‍സ്യം, മാഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം തുടങ്ങി നിരവധി പോഷകഗുണങ്ങളുണ്ട് ഈ ചെറിയ പയറില്‍. രക്തദോഷം, പിത്തം, മഞ്ഞപിത്തം, നേത്രരോഗം, കരള്‍വീക്കം എന്നിവക്ക് ശുദ്ധ ഔഷധവുമാണ്.  ചെറുപയര്‍പൊടി കുട്ടികള്‍ക്ക് നല്‍കുന്നത് ദഹനത്തിനും ശരീരത്തിന്റെയും ബുദ്ധിയുടെയും വളര്‍ച്ചയ്ക്കും ഓര്‍മശക്തി കൂട്ടാനും നല്ലതാണ്. ശരീര സൗന്ദര്യത്തിനും മുഖകാന്തിക്കും ചെറുപയര്‍പൊടി അത്യുത്തമം തന്നെ.  


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago