ആരോഗ്യ പ്രശ്‌നങ്ങള്‍ ഹജ്ജിന് തടസമായില്ല; കൃതാര്‍ഥനായി മുഹമ്മദ് ഹാജി
നെടുമ്പാശ്ശേരി:കലശലായ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കാന്‍ തടസമാകാതിരുന്നതിന്റെ ആത്മ സംതൃപ്തിയില്‍ മുഹമ്മദ് ഹാജി നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി. ഇന്നലെ വൈകീട്ട് 3.40ന് നെടുമ്പാശ്ശേരിയിലെത്തിയ സഊദി എയര്‍ലൈന്‍സ് വിമാനത്തിലാണ് മലപ്പുറം അരീക്കോട് സ്വദേശി വേങ്ങരക്കുന്ന് മുഹമ്മദ് ഹാജി (81) നെടുമ്പാശ്ശേരിയിലെത്തിയത്.
ഓഗസ്റ്റ് 22നു നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിലാണു മരുമകള്‍ മറിയക്കുട്ടിയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഇദ്ദേഹം മക്കയിലേക്ക് യാത്രയായിരുന്നത്. യാത്രയാകുമ്പോള്‍ പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മക്കയില്‍ എത്തിയതിനു ശേഷം കനത്ത ചൂട് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. എങ്കിലും മിനയില്‍ താമസിക്കാനും അറഫ സംഗമത്തില്‍ പങ്കെടുക്കാനും സാധിച്ചു. എന്നാല്‍ ജംറയിലെ കല്ലെറിനുശേഷം ഇദ്ദേഹം അവശനിലയിലാകുകയായിരുന്നു.
ഹജ്ജ് കര്‍മ്മം കഴിഞ്ഞു മക്കയില്‍ നിന്നും മദീനയിലേക്ക് പുറപ്പെടുന്നതിനു രണ്ടുദിവസം മുന്‍പ് ജിദ്ദയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മദീനയിലെത്തിയ ശേഷവും ഒരാഴ്ച്ചയോളം ആശുപത്രിയിലായിരുന്നു. നാട്ടിലേക്കു മടങ്ങുന്നതിനായി കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം ആശുപത്രി വിട്ടത്.വീല്‍ ചെയറിലാണ് മുഹമ്മദ് ഹാജി മദീനയില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തിയത്.നാട്ടില്‍ എത്തിയ ശേഷം ഇദ്ദേഹത്തിനു തുടര്‍ ചികിത്സ ലഭ്യമാക്കുമെന്നു ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."