മദ്‌റസാ വിദ്യാഭ്യാസത്തെ സംശയദൃഷ്ടിയില്‍ കാണരുത്: പ്രൊഫ. നിലഞ്ജന ഗുപ്ത
തേഞ്ഞിപ്പലം: ഇന്ത്യയില്‍ വിദ്യാഭ്യാസം കൊണ്ടുവന്നത് ഇംഗ്ലീഷുകാരണെന്നതു നിര്‍മിതമായ ഒരു പൊതുവിചാരം മാത്രമാണെന്നും ആംഗലേയരുടെ ആഗമനത്തിനു മുമ്പേ ഇവിടെ ഗുരുകുലസമ്പ്രദായവും മദ്‌റസാവിദ്യാഭ്യാസവുമടക്കം ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ നിലനില്‍ക്കുകയും വികസിക്കുകയും ചെയ്തിരിന്നുവെന്നും ജാദ്‌വ്പൂര്‍ യൂനിവേഴ്‌സിറ്റി ആര്‍ട്ട്‌സ് ഫാക്കല്‍റ്റി ഡീന്‍ പ്രൊഫസര്‍ നിലഞ്ജന ഗുപ്ത അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഭാഷാ വിഭാഗത്തില്‍ ഇംഗ്ലീഷ് - അറബി ഡിപ്പാര്‍ട്ടുമെന്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദ സ്‌കോളര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിദ്യാഭ്യാസ മൂല്യങ്ങള്‍, മൂല്യധിഷ്ഠിത വിദ്യാഭ്യാസം: ഇന്ത്യന്‍ വിദ്യാഭ്യാസ ചരിത്രത്തിലൂടെ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. രാജാറാം മോഹന്റോയ് ബംഗാളിലെ മദ്‌റസാവിദ്യാഭ്യാസത്തിലൂടെ വളര്‍ന്നു വന്ന ദേശീയ പ്രതിഭയാണെങ്കിലും ഇന്നു മദ്‌റസാ വിദ്യാഭ്യാസത്തെ ചിലരെങ്കിലും സംശയാസ്പദമായി കാണുന്ന സാഹചര്യം നിലനില്ക്കുന്നുണ്ട്. അത്തരം സാഹചര്യം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം. അതുകൊണ്ട് തന്നെ കേരള മദ്‌റസാവിദ്യാഭ്യാസ ചരിത്രം പ്രത്യേകം പഠിക്കേണ്ടതുണ്ട്. വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായതിനുശേഷം അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനു പകരം അവ ഇല്ലാത്തതിന്റെ കാരണമന്വേഷിച്ചു കണ്ടെത്തി പ്രചരിപ്പിക്കുകയാണു വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചയില്‍ ഡോ.ശരീഫ്, ഡോ. ഉമര്‍ തസ്‌നിം, ഡോ. അനില്‍, ഡോ. അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു. ഡോ. ജാനകി ശ്രീധര്‍ സ്വാഗതവും ഡോ. മൊയ്തീന്‍കുട്ടി. എ.ബി. നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."