പൂന്തോട്ടവും വള്ളിക്കുടിലുകളുമായി മലമ്പുഴ ഉദ്യാനം
മലമ്പുഴ: മലമ്പുഴ അഴകിന്റെ മനോഹാരിത വിടര്‍ത്തുന്നു. സന്ദര്‍ശകരുടെ ആസ്വാദനത്തിനായാണ് 22കോടിയോളം മുടക്കി നവീകരിച്ച മലമ്പുഴയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടിയും വരുമാന വര്‍ധനവിനും വേണ്ടിയാണ് ടൂറിസം വകുപ്പ് വിവിധ പദ്ധതികള്‍ ഒരുക്കുന്നത്. ഇതിനായി നാല് യുവ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം മുന്‍പു തന്നെ ആരംഭിച്ചിരുന്നു.
റോസ് ഗാര്‍ഡന്‍ പുതുമോടിയില്‍ അണിയിച്ചൊരുക്കിക്കഴിഞ്ഞു. അഞ്ഞൂറിലധികം ഇനത്തിലുള്ള ചെടികളാല്‍ സമൃദ്ധമായ പൂന്തോട്ടവും സന്ദര്‍ശകര്‍ക്ക് പൂക്കളില്‍ അലംകൃതമായ വള്ളിക്കുടിലുകള്‍ എന്നിവയ്‌ക്കൊപ്പം വര്‍ഷങ്ങളായി നശിച്ച് കിടക്കുന്ന പഴയ ജലധാരയ്ക്കും പുനര്‍ജന്മം നല്‍കിക്കഴിഞ്ഞു.
ഉദ്യാനനഗരിയില്‍നിന്ന് 60 കി.മീ അപ്പുറമുള്ള നെല്ലിയാമ്പതിയും പാലക്കാടന്‍ കോട്ടയുമൊക്കെ കാണാവുന്ന ടെലസ്‌കോപ്പും പ്രവര്‍ത്തന സജ്ജമായി. ഇതിന് പുറമെ ഗവര്‍ണര്‍ സ്ട്രീറ്റും തുറന്ന് കൊടുത്തു. ഇതിന്റെ ആദ്യഘട്ടമെന്നോണം ഉദ്യാനത്തിനകത്തെ പ്രതിമകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പെയിന്റടിച്ചു കഴിഞ്ഞു. ക്യൂറേറ്ററുടെ നഴ്‌സറിയില്‍ ഉല്‍പാദിപ്പിച്ച 100 ഇനത്തില്‍പെട്ട റോസ് ചെടികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഉദ്യാനം കൂടുതല്‍ മനോഹരമാക്കാനായി 3000 ത്തോളം ചെടികളുടെ ഉല്‍പാദനവും പരിപാലനവും നഴ്‌സറിയില്‍ ആരംഭിച്ചിട്ടുണ്ട്.
15വര്‍ഷത്തോളമായി കുട്ടികളുടെ പാര്‍ക്കില്‍ പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന മിസ്റ്റ് ഫൗണ്ടനും പ്രവര്‍ത്തന സജ്ജമായി.
ജലസേചന വകുപ്പ് എക്‌സി. എന്‍ജിനീയര്‍ സജീവന്‍, അസി.എക്‌സി.എന്‍ജിനീയര്‍ ഷീന്‍ചന്ദ്, അസി.എന്‍ജിനീയര്‍ ദേവകുമാര്‍, ഡാം സെക്ഷന്‍ ഓവര്‍സിയര്‍ ആര്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഉദ്യാനത്തിനെ മനോഹരമാക്കുന്ന നൂതന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."