എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷം; യൂത്ത് ലീഗ് നേതാവിന് പരുക്കേറ്റു
വടകര: മണിയൂരില്‍ എസ്.എഫ്.ഐ-എം.എസ്.എഫ് സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് നേതാവിനു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാളെ വടകര ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മണിയൂര്‍ ഗ്രാമപഞ്ചായത്ത് മങ്കര വാര്‍ഡ് മെമ്പറും എം.എസ്.എഫ് ജില്ലാ കമ്മിറ്റിയംഗവും പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറിയുമായ ചെരണ്ടത്തൂര്‍ എടവത്ത്‌നടക്കല്‍ അഹമ്മദ് സാലിഹി(26)നാണ് പരുക്കേറ്റത്. സാലിഹിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൂടെയെത്തിയവരെയും ആശുപത്രി വളപ്പില്‍വച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതിയുണ്ട്.
കോളജ് പരിസരത്ത് എം.എസ്.എഫ്-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ ഇരുകൂട്ടര്‍ക്കും പരുക്കേറ്റിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയതായിരുന്നു അഹമ്മദ് സാലിഹ്. ജി.ഐ പൈപ്പ്, പട്ടികകഷ്ണം എന്നിവയുപയോഗിച്ച് തലയ്ക്കും കാലിനും മര്‍ദിക്കുകയായിരുന്നുവെന്ന് സാലിഹ് പറഞ്ഞു.
ആശുപത്രി വളപ്പില്‍ വച്ചുണ്ടായ അക്രമത്തില്‍ രണ്ടു എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എം.എച്ച്.ഇ.എസ് കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകരായ അമ്രാസ് പി, സഫറലി ടി, ഷബീബ് ഇ.കെ, സാലിം, ജംഷീര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ വടകര സി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ കെ.കെ അര്‍ജുന്‍, മിഥുന്‍ലാല്‍, ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റിയംഗം ശരത് എന്നിവര്‍ക്കും പരുക്കേറ്റു. ഇവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."