മുസ്‌ലിംലീഗ് അംഗത്വ കാംപയിനിന് ഇന്ന് തുടക്കം
സംഘടനാ തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാനും വിഭാഗീയത തടയാനും കര്‍ശന മാര്‍ഗരേഖ
കോഴിക്കോട്: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വ വിതരണ കാംപയിന് ഇന്ന് തുടക്കം. ഇത്തവണത്തെ അംഗത്വ വിതരണവും ശാഖാതലം മുതല്‍ സംസ്ഥാന തലം വരെയുള്ള സംഘടനാ തെരഞ്ഞെടുപ്പും കുറ്റമറ്റ രീതിയില്‍ നടത്താന്‍ കര്‍ശനമായ മാര്‍ഗരേഖ സംസ്ഥാന കമ്മിറ്റി തയാറാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് മാത്രമേ അംഗത്വ വിതരണവും കമ്മിറ്റി രൂപീകരണവും തെരഞ്ഞെടുപ്പും നടത്താനാകൂ. വിഭാഗീയത ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും കഴിയുന്നത്ര സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്തണമെന്നുമാണ് നിര്‍ദേശം. പ്രാദേശികമായ സംഘടനാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മേല്‍ക്കമ്മിറ്റികളുടെ സഹായം തേടി പരിഹരിക്കണം. ബന്ധപ്പെട്ട ഘടകങ്ങളുടെ നേതാക്കളുമായി ചര്‍ച്ച നടത്തി സമന്വയത്തിലൂടെ ഭാരവാഹികളെ കണ്ടെത്താന്‍ ശ്രമിക്കണമെന്നും തെരഞ്ഞെടുപ്പ് സമിതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഇത്തവണ ഭാരവാഹികള്‍ ആകാനാവൂ. ലീഗിന്റെ ഘടകത്തില്‍ ഭാരവാഹിയോ കമ്മിറ്റിയംഗമോ തൊട്ടുമുമ്പുള്ള നാലു വര്‍ഷമെങ്കിലും ലീഗ് അംഗമോ ആയവരെ മാത്രമേ പരിഗണിക്കുകയൂള്ളൂ. ഭരണതലത്തില്‍ പദവി വഹിക്കുന്നവര്‍ക്കും ഭാരവാഹിയാകാന്‍ കഴിയില്ലെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ ഏതെങ്കിലും ഘടകങ്ങളില്‍ ഒരേസമയം ഒന്നിലധികം മുഖ്യ ഭാരവാഹിത്വം ഏറ്റെടുക്കരുതെന്നും നിഷ്‌കര്‍ഷിക്കുന്നു. തുടര്‍ച്ചയായി മൂന്ന് ടേമില്‍ മുഖ്യഭാരവാഹിത്വത്തില്‍ ഇരുന്നവര്‍ക്ക് വീണ്ടും അതേ സ്ഥാനത്തേക്ക് വരാന്‍ കഴിയില്ല.
ഓരോ പ്രദേശത്തെയും പൗരപ്രമുഖര്‍, ദീനി പ്രവര്‍ത്തകര്‍, അഭ്യസ്തവിദ്യര്‍, യുവജനങ്ങള്‍ എന്നിവരെ വീടുകളില്‍ ചെന്ന് അംഗങ്ങളായി ചേര്‍ക്കണമെന്നും സംസ്ഥാന കമ്മിറ്റി നിര്‍ദേശിക്കുന്നു.
വനിതകളെ പാര്‍ട്ടിയില്‍ അംഗങ്ങളാക്കുന്നതിന് റോസ് നിറത്തിലുള്ള പ്രത്യേക അംഗത്വ ഫോറമാണ് വിതരണം ചെയ്യുന്നത്. 16 മുതല്‍ 30 വരെ ശാഖാ കമ്മിറ്റി രൂപീകരണം നടക്കും. പരാതികള്‍ തീര്‍പ്പാക്കുന്നതിന് നവംബര്‍ 15 വരെ അവസരമുണ്ട്. നവംബര്‍ 30ന് മുമ്പ് പഞ്ചായത്ത്, മേഖലാ മുന്‍സിപ്പല്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ഡിസംബര്‍ 30ന് മുമ്പായി നിയോജകമണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജനുവരി 30ന് മുമ്പ് പുതിയ ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വരും. ഫെബ്രുവരി 28നാണ് സംസ്ഥാന കമ്മിറ്റി രൂപീകരണം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടുദിവസത്തിനകം തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കാം. ഇത്തരം പരാതികളില്‍ ഒരാഴ്ചക്കകം തീരുമാനം എടുക്കണം. പരാതികള്‍ നേരിട്ട് സംസ്ഥാന കമ്മിറ്റിക്ക് ഇ മെയില്‍ വഴി അയക്കാവുന്നതാണ്. ഗുരുതരമായ വിഭാഗീയ പ്രവര്‍ത്തനവും ക്രമക്കേടും നടത്തി കമ്മിറ്റി ഉണ്ടാക്കിയാല്‍ തെരഞ്ഞടുപ്പ് റദ്ദ് ചെയ്യാന്‍ സംസ്ഥാന പ്രസിഡന്റിന് അധികാരമുണ്ടെന്നും മാര്‍ഗരേഖ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."