ബസ്സ്റ്റാന്‍ഡില്‍ നടക്കണമെങ്കില്‍ പിന്നിലും കണ്ണു വേണം
ഒറ്റപ്പാലം: ഒറ്റപ്പാലത്തെ നഗരസഭ ബസ് സ്റ്റാന്‍ഡില്‍ നടക്കണമെങ്കില്‍ പിന്നിലും കണ്ണുകള്‍ വേണം. പിന്നില്‍ നിന്ന് പാഞ്ഞു വരുന്ന ബസ് ഇടിച്ചു വീഴ്ത്താതിരിക്കണമെങ്കില്‍ ചിലപ്പോള്‍ ഓടലും ചാടലുമൊക്കെ വേണ്ടി വരും. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ മൂന്നു പേരുടെ ജീവനാണ് സ്റ്റാന്‍ഡില്‍ പൊലിഞ്ഞത് . കഴിഞ്ഞ ദിവസം ബസിടിച്ച് മരിച്ച വിമുക്ത ഭടന്‍ ഉള്‍പ്പടെ അധികവും പ്രായമേറിയവരാണ് അപകടത്തില്‍ പെട്ടത്. അമിത വേഗതയില്‍ വരുന്ന ബസിന്റെ മുന്നില്‍ നിന്നോ പിന്നില്‍ നിന്നോ ഓടി മാറാന്‍ കഴിയാത്തതാണ് കാരണം.
റോഡില്‍ നിന്നും സ്റ്റാന്‍ഡിലേക്ക് ബസുകള്‍ അമിത വേഗതയില്‍ വരുന്നതാണ് അപകടത്തിന് പ്രധാന കാരണം. ബസ്സിറങ്ങി വരുന്ന ഭാഗത്ത് വേഗത നിയന്ത്രണത്തിന് ഹമ്പുകള്‍ ഇല്ല. സ്റ്റാന്‍ഡിലെത്തിയാലും വേഗത കുറക്കാതെയാണ് ഓട്ടം.
പ്രതിദിനം മുന്നൂറോളം ബസുകളാണ് സ്റ്റാന്‍ഡിലെത്തുന്നത്. സ്റ്റാന്‍ഡിനകത്ത് ബസുകള്‍ നിര്‍ത്തുന്നതും തോന്നിയിടത്താണ്. കാല്‍ നടക്കാര്‍ക്ക് സ്റ്റാന്‍ഡിലേക്ക് വരാനും പോകാനും കൃത്യമായി വഴി ഇല്ല. ബസുകള്‍ വരുന്ന വഴിക്ക് സമീപത്തുള്ള രണ്ട് നടപ്പാതകളും കച്ചവടക്കാര്‍ കയ്യേറിയിരിക്കുകയാണ്.
ബസുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നത് ഒരു വഴിയിലൂടെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ സമീപത്തുള്ള കവാടം കൂടി ബസ്സുകള്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."