സജിത്ത്കുമാറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
എരുമപ്പെട്ടി: അന്തരിച്ച മാധ്യമ പ്രവര്‍ത്തകനും സാമുഹിക പ്രവര്‍ത്തകനുമായ സജിത്ത്കുമാറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. രാഷ്ട്രീയ സാംസ്‌കാരിക മാധ്യമ രംഗങ്ങളിലെ നിരവധി പേരാണ് സജിത്ത്കുമാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിചേര്‍ന്നത്. എരുമപ്പെട്ടി പ്രസ്‌ക്ലബ് സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായ സജിത്ത്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് അന്തരിച്ചത്. അയല്‍വാസിയായ വീട്ടമ്മക്ക് പഞ്ചായത്തില്‍ സമര്‍പ്പിക്കുന്നതിനായി അപേക്ഷ തയ്യാറാക്കുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളറക്കാട് പട്ടത്തില്‍ ലക്ഷ്മികുട്ടിയമ്മയുടെ ഏകമകനാണ് സജിത്ത്കുമാര്‍. മാനസികാസ്വാസ്ഥ്യമുള്ള ലക്ഷ്മികുട്ടിക്ക് മകന്റെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അലമുറയിട്ട് കരഞ്ഞു കൊണ്ട് മകന്റെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ചും തട്ടിയും ഉണര്‍ത്താന്‍ ശ്രമിക്കുന്ന രംഗം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. വീക്ഷണം ദിനപത്രം ലേഖകനായിരുന്ന സജിത്ത്കുമാര്‍ എരുമപ്പെട്ടി പ്രസ്‌ക്ലബ് സെക്രട്ടറി യൂത്ത് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം വൈസ് പ്രസിഡന്റ്, മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ ജില്ലാ പ്രസിഡന്റ്, മത്സ്യ സമൃദ്ധി പദ്ധതി കടങ്ങോട് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍, മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെ.ആര്‍ എം.യു ജില്ലാകമ്മിറ്റി അംഗം,വെള്ളറക്കാട് അനുഗ്രഹ വായനശാല രക്ഷാധികാരി,കൈക്കുളങ്ങര രാമവാര്യര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍,റോഡ് സുരക്ഷ സംഘടന ജില്ലസെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍, മുന്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡന്റുമായ പി.എ മാധവന്‍, ജില്ലാ പഞ്ചായത്തംഗം കല്ല്യാണി എസ്. നായര്‍, സി.ഒ.എ ജില്ല പ്രസിഡന്റും സി.സി.ടി.വി ഡയറക്ടറുമായ അമ്പലപ്പാട്ട് മണികണ്ഠന്‍, സി.പി.എം ഏരിയ കമ്മിറ്റിയംഗം പി.എസ് പ്രസാദ്, ഡി.സി.സി സെക്രട്ടറിമാരായ വി.കെ രഘു സ്വാമി, ടി.കെ ശിവശങ്കരന്‍, എരുമപ്പെട്ടി പ്രസ് ക്ലബ് പ്രസ്ഡന്റ് കബീര്‍ കടങ്ങോട്, മാധ്യമ പ്രവര്‍ത്തക സംഘടയായ കെ.ആര്‍ എം.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സെയ്ത് എടപ്പാള്‍, മലപ്പുറം ജില്ലാസെക്രട്ടറി അഷറഫ് പൊന്നാനി, തൃശൂര്‍ ജില്ലാപ്രസിഡന്റ് ഉമ്മര്‍ കരിക്കാട്, സെക്രട്ടറി റഷീദ് എരുമപ്പെട്ടി, കെ.ജെ.യു ജില്ലാ പ്രസിഡന്റ് അജീഷ് കര്‍ക്കിടകത്ത് ജില്ലാ കമ്മിറ്റിയംഗം സുന്ദര്‍ലാല്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സുപ്രഭാതം എരുമപ്പെട്ടി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ റഷീദ് എരുമപ്പെട്ടി, റിപ്പോര്‍ട്ടര്‍ കെ.ആര്‍ രാധിക എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."