കുറ്റ്യാടിയില്‍ കുടിവെള്ളം മുടങ്ങിയിട്ട് നാലുദിവസം
കുറ്റ്യാടി: മേഖലയില്‍ കുടിവെള്ളം മുടങ്ങിയിട്ട് നാലുദിവസം പിന്നിട്ടിട്ടും ജലവിതരണം പുനഃസ്ഥാപിക്കാന്‍ നടപടിയായില്ല. വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥ കാരണമാണ് ഇടക്കിടെ കുടിവെള്ളം മുടങ്ങാന്‍ ഇടയാക്കുന്നതെന്ന ആരോപണം വ്യാപകമായിട്ടുണ്ട്.
വിശേഷ ദിവസങ്ങളില്‍പോലും മേഖലയില്‍ കുടിവെള്ളം മുടങ്ങുന്നത് പതിവാണ്. ഗാന്ധി ജയന്തി ദിനമായ ഇന്നലെയും വെള്ളം കിട്ടാതെ നാട്ടുകാര്‍ ദുരിതത്തിലായി. കഴിഞ്ഞ തിരുവോണം, ഉത്രാടം നാളുകളിലും ജലവിതരണം മുടങ്ങിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി അഞ്ചും ആറും ദിവസം ഇടവിട്ടാണ് വെള്ളം തുറന്നുവിടുന്നത്. ജലവിതരണം മുടങ്ങുന്നതിന് കൃത്യമായ കാരണമൊന്നും പറയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്നും പരാതിയുണ്ട്.
ജലവിതരണം ദിവസങ്ങളായി മുടങ്ങിയതോടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവരും കുന്നില്‍പുറങ്ങളില്‍ താമസിക്കുന്നവരും കൂടുതല്‍ ദുരിതത്തിലാണ്. കുറ്റ്യാടി പുഴയില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം കൊയ്യമ്പാറക്കുന്നിലെ ടാങ്കില്‍ എത്തിച്ചാണ് കുറ്റ്യാടിയിലും സമീപ പഞ്ചായത്തുകളിലും വിതരണം ചെയ്യുന്നത്.
മുന്‍പ് തുടര്‍ച്ചയായി പൈപ്പ് പൊട്ടുന്നതു കാരണം കുടിവെള്ളം മുടങ്ങിയിരുന്നെങ്കിലും ഈ അടുത്തകാലത്തായി എവിടെയും പൈപ്പ് പൊട്ടിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."