വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിക്ക് തുടക്കമായി
കര്‍ലാട് തടാക വികസനത്തിന് ഒരു കോടി, കുറുവ ദ്വീപിന് 42 ലക്ഷം
കല്‍പ്പറ്റ: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സൗകര്യ വികസനത്തിനായി ആവിഷ്‌കരിച്ച ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിക്ക് തുടക്കമായി. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളമുള്ള 84 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്‌ടോബര്‍ 31 വരെയാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയപരിധി. ഇതിന്റെ ഭാഗമായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ പൂക്കോട് തടാകം, കര്‍ലാട് തടാകം, കാന്തന്‍പാറ വെള്ളച്ചാട്ടം, എടയ്ക്കല്‍ ഗുഹ, കുറുവ ദ്വീപ്, പ്രിയദര്‍ശിനി ടീ എന്‍വിറോസ് എന്നിവടങ്ങളില്‍ പദ്ധതി നടത്തിപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.
തിരഞ്ഞെടുത്ത ഓരോ കേന്ദ്രങ്ങളിലേയും മാലിന്യ സംസ്‌കരണം, ടോയ്‌ലെറ്റ് നവീകരണം, ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്‌ലെറ്റ് നിര്‍മാണം, ലൈറ്റിങ്, പാത്ത്‌വേ, സൂചനാ ബോര്‍ഡുകള്‍, കുടിവെള്ള സൗകര്യം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കല്‍, പരാതി പരിഹാര സെല്‍, ജീവനക്കാര്‍ക്ക് പരിശീലനം നല്‍കല്‍, ജില്ലയിലെ തനത് വിഭവങ്ങളുടെ വിപണന സൗകര്യം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ നടപ്പാക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, മറ്റു വിവിധ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടു കൂടി ഡി.ടി.പി.സി, ഡി.എം.സി എന്നിവയിലൂടെ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി കര്‍ലാട് തടാകത്തിലെ ഇത്തരം പ്രവര്‍ത്തികള്‍ക്കായി ഒരു കോടി രൂപയും കുറുവ ദ്വീപിലെ പ്രവര്‍ത്തികള്‍ക്കായി 42 ലക്ഷം രൂപയും സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് പ്രവൃത്തി നടത്തുക. പ്രവര്‍ത്തന നടത്തിപ്പിനും മോണിറ്ററിങിനുമായി ജില്ലാ തലത്തിലും ഡെസ്റ്റിനേഷന്‍ തലത്തിലും ഗ്രീന്‍ കാര്‍പ്പറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൂറിസം വകുപ്പ്, ഡി.ടി.പി.സി, ഡി.എം.സി, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഓറിയന്റല്‍ കോളജ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റുമായി ചേര്‍ന്ന് നാളെയും ഒക്‌ടോബര്‍ ഒന്‍പതിനും നെന്മേനി പഞ്ചായത്തുമായി ചേര്‍ന്ന് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ക്ലീനിങ്, പ്ലാസ്റ്റിക്ക് ഉപയോഗം തടയുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."