തിരിച്ചടിയില്‍ നിന്നു പാഠം ഉള്‍കൊണ്ടാണ് ഇറങ്ങുന്നത്: സ്റ്റീവ് കോപ്പല്‍
കൊച്ചി: ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും ഇന്നു അതല്റ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടുകയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍. എന്നാല്‍ തങ്ങള്‍ക്ക് ഹോംഗ്രൗണ്ട് അല്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കോച്ച് ഹോസെ ഫ്രാന്‍സിസ്‌കോ മോളിനയും. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനോടു കഴിഞ്ഞ മത്സരത്തില്‍ മധ്യനിരയില്‍ പന്ത് കൈവശം വച്ചു കളിക്കുന്നതില്‍ പാളിച്ച സംഭവിച്ചതാണ് പരാജയത്തിനും മോശം പ്രകടനത്തിനും കാരണമായത്. പന്ത് കൂടുതല്‍ കൈവശം വച്ചു കളിക്കാനാകും ഇന്നത്തെ മത്സരത്തിലും ടീം ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിലെ തിരിച്ചടിയില്‍ നിന്നാണ് ഈ പാഠത്തിലേക്ക് എത്തിയിരിക്കുന്നത്. ടീമില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പരുക്ക് ടീമില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. രണ്ടാഴ്ച്ചയോളം പരുക്കേറ്റ് ചികിത്സയിലായിരുന്ന അന്റോണിയോ ജെര്‍മെയ്ന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. എല്ലാ മത്സരങ്ങളിലേക്കും താരങ്ങളെ കരുതി വയ്‌ക്കേണ്ടതുണ്ട്. കൊച്ചിയിലെ പുതിയ ടര്‍ഫിലാണു കളിക്കാനിറങ്ങുന്നത്. മികച്ച ടര്‍ഫാണ് ഇത്. കൊല്‍ക്കത്തക്ക് എതിരേ മികച്ച കളി കാഴ്ചവയ്ക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഇയാന്‍ ഹ്യൂം, ഹെല്‍ഡര്‍ പോസ്റ്റിഗ തുടങ്ങിയവര്‍ നയിക്കുന്ന മികച്ച മുന്നേറ്റ നിര കൊല്‍ക്കത്തയുടെ കരുത്താണെന്ന് സമ്മതിച്ച കോപ്പല്‍ ഹോം ഗ്രൗണ്ടില്‍ തിങ്ങിനിറയുന്ന നാട്ടുകാരുടെ പിന്തുണ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഊര്‍ജ്ജം നല്‍കുമെന്നു പറഞ്ഞു. ഒന്‍പത് ആഴ്ചകള്‍ക്കുള്ളില്‍ 14 മത്സരങ്ങള്‍ക്കു വേണ്ടി തുടരെ യാത്ര ചെയ്യേണ്ടിവരും.
ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു മൂന്നു മത്സരങ്ങള്‍ വീതം കളിക്കുക എന്നതു വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത്ഈസ്റ്റിനെതിരേ കഴിഞ്ഞ മത്സരത്തില്‍ മധ്യനിര മോശമായിരുന്നുവെന്ന വാദം കോപ്പല്‍ നിഷേധിച്ചു. എന്നാല്‍ മുന്‍നിരയ്ക്ക് പ്രതീക്ഷിച്ച വേഗത കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നു അദ്ദേഹം സമ്മതിച്ചു.
ടീം 100 ശതമാനവും ഫിറ്റ് ആണെന്നും ടീമംഗങ്ങള്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്ന ആത്മവിശ്വാസത്തിലാണെന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ടീമിലെ മലയാളി താരം മുഹമ്മദ് റാഫി പറഞ്ഞു.
ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയോട് 2-2നു സമനില പിടിച്ച കൊല്‍ക്കത്ത കൊച്ചിയില്‍ നിന്നും മുഴുവന്‍ പോയിന്റും വാങ്ങി മടങ്ങുമെന്ന വിശ്വാസത്തിലാണെന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കോച്ച് ഹോസെ ഫ്രാന്‍സിസ്‌കോ മോളിന പറഞ്ഞു.
ആദ്യമായാണ് കൊച്ചിയില്‍ വരുന്നത്. മികച്ച സ്റ്റേഡിയവും കാണികളുമാണ് കൊച്ചിയിലേതെന്നു കേട്ടിട്ടുണ്ട്. അറുപതിനായിരത്തോളം വരുന്ന ഗാലറിക്കു മുന്നിലാകും കൊച്ചിയില്‍ കളിക്കേണ്ടി വരികയെന്നതു മികച്ച അനുഭവമായിരിക്കും. മത്സരങ്ങളില്‍ ഹോം, എവേ എന്നിങ്ങനെ വേര്‍തിരിവില്ല. എല്ലാ മത്സരങ്ങളും ജയിക്കാനായാണു കളിക്കുന്നത്. മികച്ച പ്രകടനം നടത്താനും മികച്ച ഫലം നേടിയെടുക്കാനുമാണ് ടീം ശ്രമിക്കുക.
കഴിഞ്ഞ സീസണില്‍ അവസാനം ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്ത ജയിച്ചിരുന്നു. അതൊന്നും പക്ഷേ ഇന്നത്തെ മത്സരത്തെ വിലയിരുത്താന്‍ മതിയാവില്ല. കഴിഞ്ഞത് കഴിഞ്ഞു. പുതിയ ടീമാണ് ഇപ്പോള്‍ കൊല്‍ക്കത്തയെന്നും മുന്‍ വിയ്യാറല്‍ പരിശീലകന്‍ കൂടിയായ മൊളീന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."