യൂസഫ് അറക്കലിനെ ഓര്‍മിക്കാന്‍ ജന്മനാട്ടില്‍ ഒന്നുമില്ല
ചാവക്കാട്: ബെംഗളൂരുവില്‍ അന്തരിച്ച വിഖ്യാത ചിത്രകാരന്‍ യൂസഫ് അറക്കലിനെ ഓര്‍മിക്കാന്‍ അദ്ദേഹം വരച്ച നിരവധി ചിത്രങ്ങളുണ്ടെങ്കിലും ജന്മനാട്ടില്‍ ഇങ്ങനെയൊരാള്‍ ജീവിച്ചുപോയതിന് അടയാളപ്പെടുത്താന്‍ ഒന്നുമില്ല.
ചാവക്കാട്ടുകാരനാണ് എന്നതിനപ്പുറം അധികമാര്‍ക്കും അദ്ദേഹത്തിന്റ ജന്മനാടിനെക്കുറിച്ചുമറിയില്ല. അദ്ദേഹവുമായി ഏറ്റവും അടുപ്പമുള്ള മൂന്നു പേര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ജീവിച്ചിരിപ്പുള്ളത്. ചാവക്കാട് കോടതിയിലെ അഡ്വ.കെ.എം കുഞ്ഞിമുഹമ്മദും അദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരായ സുലൈഖ, ജമീല എന്നിവരും. ഇവരുടെ കളിക്കൂട്ടുകാരനായിരുന്നു യൂസഫ്.
കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പിലാണ് യൂസഫ് അറക്കലിന്റെ ജനം. പിതാവ് വലിയകത്ത് കുഞ്ഞുമുഹമ്മദ് മാസ്റ്ററുടെ ഉറ്റ സുഹൃത്ത് കോടഞ്ചേരി മാമു സഹിബിന്റെ മക്കളാണ് സുലൈഖയും ജമീലയും കുഞ്ഞുമുഹമ്മദും. യുസഫിന്റെ മാതാവിന്റെ വീട്ടുപേരാണ് അറക്കല്‍ എന്നത്. ബംഗ്ലാവ് എന്ന് വിളിച്ചിരുന്ന വലിയ ഭവനത്തിലായിരുന്നു യൂസഫിന്റെ ജനം. യൂസഫിന്റെ ചെറുപ്പകാലത്ത് തന്നെ ഉമ്മയും ഉപ്പയും മരിച്ചിരുന്നു. ജ്യേഷ്ഠന്‍മാരായിരുന്ന ഖാലിദ്, മുനീര്‍ എന്നിവരും മരിച്ചു. ചെറുപ്പത്തില്‍ തന്നെ ചിത്രം വരക്കാനുള്ള അപാര കഴിവുണ്ടായിരുന്നയാളാണ് യൂസഫെന്ന് സുലൈഖ ഓര്‍ക്കുന്നു.
അക്കാലത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട്. പട്ടം താണുപിള്ള, സി അച്ചുതമേനോന്‍ എന്നിവരെ കൂടാതെ ഗാന്ധിജി, നെഹ്രു എന്നിവരേയും കാര്‍ട്ടൂണ്‍ വരച്ചിരുന്നു. തൊട്ടാപ്പ് എ.എം.എല്‍.പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1960ല്‍ പതിനഞ്ചാം വയസിലാണ് ബംഗളൂരുവിലേക്ക് പോയത്. ചിത്ര രചനയോടുള്ള താല്‍പ്പര്യം കൊണ്ട് അവിടെയുള്ള കര്‍ണാടക ചിത്രകലാ പരിഷത്തില്‍ ചേര്‍ന്നു. അവിടെ 1969ല്‍ ക്ലാസെടുക്കാന്‍ ഒരു ദിവസം ലോകപ്രസിദ്ധ ചിത്രകാരന്‍ എം.എം ഹുസൈന്‍ വന്നതോടെയാണ് യൂസഫ് അറക്കലിന്റെ ജീവിതത്തിനു വഴിത്തിരിവുണ്ടായത്. 45 മിനിറ്റുകള്‍ക്കുള്ളില്‍ വലിയ ചിത്രങ്ങള്‍ വരച്ച് ഞെട്ടിപ്പിക്കുന്ന ഹുസൈന്റെ രേഖാചിത്രം വരച്ച് യൂസഫ് അദ്ദേഹത്തിനു സമര്‍പ്പിച്ചാണ് പരിചയപ്പെടുന്നത്. ഒരു പിതാവും പുത്രനുമായി ആ ബന്ധം വളര്‍ന്നു. ബാബാ എന്നായിരുന്നു ഹുസൈനെ യൂസഫ് വിളിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്ളയാളാണെന്നറിഞ്ഞപ്പോള്‍ ഹുസൈന് ഏറെ സന്തോഷമായി. പിറ്റേദിവസം കേരളത്തിലേക്ക് വരുന്ന അദ്ദേഹം യൂസഫിനെയും ഒപ്പം കൂട്ടി.
ആ വരവില്‍ ഹുസൈനുമായി യൂസഫ് വന്ന് താമസിച്ചത് കുഞ്ഞിമുഹമ്മദിന്റെ വീട്ടിലായിരുന്നു. 1999ലാണ് ഏറ്റവുമൊടുവില്‍ യൂസഫ് ചാവക്കാട്ട് വന്നത്.
പതിനാലാം വയസ്സില്‍ യൂസഫ് വരച്ച ഒരു ചിത്രം ഇപ്പോഴും ഓര്‍ക്കുന്നുണ്ട് കളിക്കൂട്ടുകാരികളായ സുലൈഖയും ജമീലയും. 1959ല്‍, അന്ന് തൊട്ടാപ്പില്‍ ആകെ നാലഞ്ച് വീടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ക്രാന്തദര്‍ശിയായി യൂസഫ് 40 വര്‍ഷത്തിനു ശേഷം തൊട്ടാപ്പ് എങ്ങനെയിരിക്കുമെന്ന മുന്‍കാഴ്ച്ചയില്‍ ഒരു ചിത്രം വരച്ചു.
തൊട്ടാപ്പ് നിറയെ വീടുകളും ആളുകളുമായി നിറഞ്ഞ ഒരു ഗ്രാമമായിട്ടായിരുന്നു ആ ചിത്രികരണം. ആ പ്രവചനാത്മകമായ ദൃശ്യം പിന്നീട് അദ്ദേഹം നേരിട്ട് കണ്ടാണ് ഏറ്റവുമൊടുവില്‍ വന്നു പോയതെന്ന് അഡ്വ. കുഞ്ഞിമുഹമ്മദ് ഓര്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."