ജീവനക്കാരുടെ നിസഹകരണ സമരത്തില്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഉള്‍പ്പടെ നിലച്ചു
ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയില്‍ സെപ്റ്റംബര്‍ 30 ന് ലഭിക്കേണ്ട ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ഡിപ്പോയിലെ തൊഴിലാളികള്‍ നിസ്സഹകരണ സമരം ശക്തമാക്കി. ഇതോടെയാണ് അന്തര്‍ സസം്ഥാന സര്‍വീസുകള്‍ ഉള്‍പ്പടെ മുടങ്ങിയത്.
നാല് ദിവസം കഴിഞ്ഞിട്ടും ഇത് ലഭിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളി യുനിയന്‍ തിങ്കളാഴ്ച മുതല്‍ സമരം ആരംഭിച്ചത്. ജില്ലയില്‍ ഐ.എന്‍.ടി.യു.സി നേതൃത്വം നല്‍കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ച് കൊണ്ടാണ് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫ്രണ്ട് സമരത്തിന് തുടക്കം കുറിച്ചത്.
ചെവ്വാഴ്ചയ്ക്കകം ശമ്പളം നല്‍കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി അനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശമ്പളം ഇന്നലെയും ലഭിക്കാത്തതിനെ തുടര്‍ന്ന് ഷെഡ്യുളുകളില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും മാറ്റം സംബന്ധിച്ച് രജിസ്റ്ററില്‍ ഒപ്പിടാതെ ഇവര്‍ ബഹിഷ്‌ക്കരിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് 20 ഷെഡ്യുളുകള്‍ പൂര്‍ണമായും കെ.എസ്.ആര്‍.ടി.സിക്ക് ചൊവ്വാഴ്ച്ച റദ്ദാക്കേണ്ടി വന്നു. ആലപ്പുഴയില്‍ നിന്ന് ദീര്‍ഘ ദൂരസര്‍വീസ് നടത്തുന്ന വോള്‍വോ ലോഫ്‌ളോര്‍ എ.സി, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയവയാണ് സമരം മൂലം സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. ശമ്പളം ഇനിയും വൈകാന്‍ ഇടയായാല്‍ മുഴുവന്‍ ഷെഡ്യുളുകളും അവസാനിപ്പിച്ച് സമരം ശക്തമാക്കാനാണ് തൊഴിലാളി യുനിയനുകള്‍ ഒന്നടങ്കം എടുത്തിട്ടുള്ള തീരുമാനം. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ബി.എം.എസ് അടക്കമുള്ള തൊഴിലാളി യുനിയനുകളും ശക്തമായി രംഗത്തുണ്ട്.
അതിനിടെ കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ സമരം യാത്രക്കാരെ വലച്ചിരിക്കുകയാണ്. ദീര്‍ഘ ദൂരബസ്സുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ ബസ് ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു.
സമരം കൂടുതല്‍ മുന്നോട്ട് പോയാല്‍ മറ്റ് ഡിപ്പോയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള ബസ്സുകളും സര്‍വീസ് പൂര്‍ണമായും തടസ്സപ്പെടുമെന്ന് ടി.ഡി.എഫ് സംസ്ഥാന സെക്രട്ടറി അനില്‍കുമാര്‍ വ്യക്തമാക്കി.സമരത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."