സോളാര്‍ കമ്മിഷന്റെ കാലാവധി നീട്ടുന്നത് ഏഴാംതവണ
കൊച്ചി: സോളാര്‍ കമ്മിഷന്റെ കാലാവധി സര്‍ക്കാര്‍ ആറ് മാസം കൂടി നീട്ടിയതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ കാലാവധി നീട്ടിനല്‍കുന്ന കമ്മിഷനായി സോളാര്‍ കമ്മിഷന്‍ മാറി. ഇത് ഏഴാം തവണയാണ് കമ്മിഷന് കാലാവധി നീട്ടി നല്‍കുന്നത്. ഇനിയും അന്‍പതോളം സാക്ഷികളെ വിസ്തരിക്കേണ്ടതിനാല്‍ കമ്മിഷന് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ള ഇന്ത്യന്‍ ലോയേഴ്‌സ് യൂനിയനുള്‍പ്പെടെയുള്ളവരുടെ ആവശ്യമനുസരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കുമെന്ന് ഇതിനോടകം കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ കമ്മിഷന്‍ മുന്‍പാകെ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവര്‍ക്ക് എട്ട് ബി നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇവരും ഇനി കമ്മിഷന്‍ മുന്‍പാകെ എത്തി മൊഴി നല്‍കേണ്ടിവരും. ഇതിനോടകം 179 സാക്ഷികളെയാണ് സോളാര്‍ കമ്മിഷന്‍ വിസ്തരിച്ചത്.
മൊഴിപ്പകര്‍പ്പുകളുടെ 17 വോള്യങ്ങളാണ് തയാറായിരിക്കുന്നത്. പത്രവാര്‍ത്തകളുടെയും നിയമസഭാ ചോദ്യോത്തരങ്ങളുടെയും ആരോപണങ്ങളുടെയുമൊക്കെ വിശദാംശങ്ങളും പകര്‍പ്പുകളും അടങ്ങിയ ആറ് പേപ്പര്‍ ബുക്കുകളും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുമുന്നോടിയായി തയാറായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."