ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചുറ്റുമതില്‍ തകര്‍ന്നു
ആനക്കര: ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നു. മതിലിനോട് ചേര്‍ന്നുളള ഗ്രൗണ്ട് നിര്‍മാണം എങ്ങുമെത്തിയില്ലെന്ന പരാതി നിലനില്‍ക്കേയാണ് ചുറ്റുമതില്‍ തന്നെ തകര്‍ന്നുവീണത്. പിന്നോക്ക ജില്ലയായ പാലക്കാടിന് ബി.ആര്.ജി.എഫ് പദ്ധതിപ്രകാരം അനുവദിച്ച 25ലക്ഷം രൂപയുടെ പദ്ധതി നിര്‍ത്തിയതാണ് നിര്‍മ്മാണം നടത്താതെ പോകാന്‍ കാരണമായത്.
ഗ്രൗണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ആദ്യഘട്ടം ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതു പ്രകാരമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നാണ് ഗ്രൗണ്ടിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം അടക്കമുളള പ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപ ബി.ആര്.ജി.എഫ് പദ്ധതിപ്രകാരം അനുവദിച്ചത്. എന്നാല്‍ നിര്‍മാണം വൈകിയതിനാലാണ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇതോടെ ഈ സ്കൂളിലെ ആയിരകണക്കിന് വിദ്യാര്‍ഥികളുടെ കായിക പ്രവര്‍ത്തനങ്ങള്‍ നിലച്ചക്കുന്ന സാഹചര്യത്തിലായി.
പാര്ശ്വഭിത്തികെട്ടിയ ശേഷം മണ്ണിട്ട് ഗ്രൗണ്ട് ശരിയാക്കുകയും ഗ്രൗണ്ടില്‍ പെയ്യുന്ന മഴ വെളളം ഒഴുകിപോകുന്നതിനുളള സൗകര്യം ഒരുക്കുകയും ചെയ്യുന്നതാണ് പദ്ധതി. എന്നാല്‍ മഴക്കാലത്ത് ഗ്രൗണ്ടിലെ മണ്ണ് ഒലിച്ചുപോയ ചാലായിതിനാല് കുട്ടികള്‍ക്ക് ഫുട്ബോള്‍ അടക്കമുളള പരിശീലനത്തിന് വഴിയടഞ്ഞിരിക്കുകയാണ്. കുട്ടികള്‍ കല്ലു മറ്റും നിറഞ്ഞ ഗ്രൗണ്ടില്‍ പരിശീലനം നടത്തിയാണ് പല തവണ സബ്ജില്ലയിലും ജില്ലയിലും സുബ്രതാ ഫുട്ബോളില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിരുന്നത്. ഇതിന് പുറമെ കായിക മേളകളിലും കുട്ടികള്‍ നിലവാരമുയര്ത്തിയിരുന്നു.
സ്കൂളില്‍ കായിക അധ്യാപകന് ഉണ്ടെങ്കിലും നല്ല ഗ്രൗണ്ടില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് വേണ്ടത്ര പരിശീലനം നല്കാന് കഴിയുന്നില്ല. മലപ്പുറം, പാലക്കാട് ജില്ലയില്‍ നിന്നുളള ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളാണിത്. ഇപ്പോള്‍ മഴയില്‍ ഉള്ള മണ്ണും ഒലിച്ച് പോയി പലയിടത്തും ചാലുകള്‍ രൂപം കൊണ്ടിട്ടുണ്ട്. സ്കൂള്‍ ഗ്രൗണ്ടിന് വേണ്ടത്ര സ്ഥലവുമുണ്ട്. ഇരുനൂറ് മീറ്ററിന്റെ നല്ല ട്രാക്ക് ഉണ്ടാക്കാനും ഫുട്ബോള്‍, ജാവലിന്‍ത്രോ, ജമ്പിങ് പിച്ച് എന്നിവയുണ്ടാക്കാനും ഇവയില്ലെല്ലാം പരിശീലനങ്ങള്‍ നടത്താനും സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും. ഇപ്പോള്‍ സ്കൂള്‍ ഗ്രൗണ്ടിന് സമീപമുളള ചുറ്റുമതില്‍ പൊളിഞ്ഞതോടെ സ്കൂള്‍ ഗെയിറ്റ് അടച്ചാലും യാതൊരുതരത്തിലുളള സുരക്ഷിതത്വവുമില്ല.
മതില് പൊളിഞ്ഞ് കിടക്കുന്നതിനാല്‍ സമൂഹ്യ വിരുദ്ധരുടെ ശല്ല്യവും ഏറെയുണ്ട്. ഇപ്പോള്‍ സ്കൂളിന് പുതുതായി ബസ് കൂടി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ബസ് സുരക്ഷിതമായി സ്കൂള്‍ പരിസരത്ത് നിര്‍ത്തിയിടണമെങ്കില്‍ ചുറ്റുമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."