സ്വശ്രയ കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം:വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി, മുക്കം കെ.എം.സി.ടി തുടങ്ങിയ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കും മറ്റ് ഒഴിവുള്ള സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലേക്കും പ്രവേശനത്തിനായി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ഥികളുടെ പട്ടിക പ്രവേശനാ പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ചു.
കേരള സ്റ്റേറ്റ് നീറ്റ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ വിദ്യാര്‍ഥികളുടെ പ്രത്യേകം പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരളാ സ്റ്റേറ്റ് നീറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നീറ്റ് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തി ഓണ്‍ലൈനായി വീണ്ടും സമര്‍പ്പിക്കുന്നതിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പുതുതായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനും ഇന്ന് വൈകിട്ട് മൂന്നുവരെ വെബസൈറ്റില്‍ സൗകര്യമുണ്ടാകും. ന്യൂനതകള്‍ പരിഹരിച്ചശേഷം ഇന്ന് വൈകിട്ടോടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
ഈ പട്ടികയുടെ അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷന്‍ നാളെ രാവിലെ ഒന്‍പതിന് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളജ് കാംപസിലുള്ള ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നിശ്ചിത ഫീസ്, പ്രവേശന യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍ എന്നിവയുമായി രക്ഷകര്‍ത്താവിനൊപ്പം സ്‌പോട്ട് അഡ്മിഷന് ഹാജരാകണം.
ഫീസ്‌നിരക്ക്, ഓരോ കോളജിലും വിവിധ കാറ്റഗറികള്‍ക്ക് ലഭ്യമായ സീറ്റുകള്‍, വിവിധ കാറ്റഗറിയില്‍ ഉള്ളവര്‍ സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. എം.ബി.ബി.എസ് കോഴ്‌സിന് പ്രവേശനം ലഭിക്കുന്നവര്‍ 2.5 ലക്ഷം രൂപയും ബി.ഡി.എസ് കോഴ്‌സിന് പ്രവേശനം ലഭിക്കുന്നവര്‍ 2.1 ലക്ഷം രൂപയും ടോക്കണ്‍ ഫീസായി സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്ന സ്ഥലത്ത് തന്നെ അടക്കേണ്ടതാണ്. ബാക്കി ഫീസ് തുകയും അനുബന്ധ ചാര്‍ജുകളും പിന്നീട് കോളജില്‍ അടയ്ക്കണം.
തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ഫീസ് തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയും കോളജുകളില്‍ നല്‍കണം. പ്രവേശന മേല്‍നോട്ടസമിതി അംഗീകരിച്ചിട്ടുള്ള അതത് കോളജുകളുടെ പ്രോസ്‌പെക്ടസിലെ നിബന്ധനകള്‍ പാലിക്കാന്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ ബാധ്യസ്ഥരായിരിക്കും.
പാലക്കാട് കരുണ, അഞ്ചക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവയില്‍ നേരത്തെ പ്രവേശനം നേടിയിരുന്ന വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിട്ടുള്ളതും ഫീസ് ഒടുക്കിയിട്ടുള്ളതും സംബന്ധിച്ച രേഖകള്‍ ഹാജരാക്കുന്ന പക്ഷം അവര്‍ക്ക് മുകളില്‍ പറഞ്ഞ ടോക്കണ്‍ ഫീസ് അടക്കേണ്ടതില്ലെന്നും പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."