കെ.സി.എ നീക്കത്തോട് കൗണ്‍സിലര്‍മാര്‍ക്ക് എതിര്‍പ്പ്
മണ്ണഞ്ചേരി : സര്‍വ്വോദയപുരത്തെ മാലിന്യസംസ്‌ക്കരണ കേന്ദ്രം ക്രിക്കറ്റ് സ്റ്റേഡിയ നിര്‍മാണത്തിന് വിട്ടുനല്‍കുന്നതിനെ ചൊല്ലി ആലപ്പുഴ നഗരസഭയില്‍ ഭരണപ്രതിപക്ഷ പോര്.
തര്‍ക്കം രൂക്ഷമായതോടെ മാലിന്യ സംസ്‌കരണ കേന്ദ്രം കേരള ക്രിക്കറ്റ് അസോസിയേഷന് കൈമാറാനുള്ള നീക്കം ഉപേക്ഷിച്ചേക്കും. ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ മാലിന്യസംസ്‌ക്കരണ കേന്ദ്രം വിട്ടുനല്‍കണമെന്ന് ആവശ്യമുയര്‍ത്തി നഗരസഭയ്ക്ക് കെ.സി.എ രേഖാമൂലം കത്തു നല്‍കിയിരുന്നു. കെ.സി.എ സെക്രട്ടറി നേരിട്ട് നഗരസഭാ ചെയര്‍മാനെ സന്ദര്‍ശിച്ചായിരുന്നു ഈ ആവശ്യം അറിയിച്ചത്. ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യം പരസ്യമായതോടെ ഇതേചൊല്ലി നഗരസഭയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. നഗരസഭയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ സി.പി.എമ്മിന്റെ നേതാവ് ഡി ലക്ഷ്മണന്‍ നഗരസഭയുടെ ഭൂമി കൈമാറ്റത്തെ എതിര്‍ക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. നഗരത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയവും ഇ.എം.എസ് സ്റ്റേഡിയവും നിലവിലുണ്ടെന്നും നഗരസഭയുടെ ഭൂമി ഇനിയൊരു സ്റ്റേഡിയത്തിനായി കൈമാറ്റം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് ലക്ഷ്മണന്റെ വാദം. നഗരം മാലിന്യത്തില്‍ മുങ്ങുകയാണെന്നും സര്‍വ്വോദയപുരത്തുകാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ശാസ്ത്രീയമായി മാലിന്യ സംസ്‌ക്കരണം നടത്തി ജൈവവളം നിര്‍മിക്കുകയും.
ഇതുവഴി നഗരത്തിലെ മാലിന്യപ്രശ്‌നവും നഗരസഭയുടെ വരുമാനവും വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നാണ് സി.പി.എം നേതാവായ ഡി ലക്ഷ്മണന്‍ ആവശ്യപ്പെടുന്നത്. നഗരസഭയ്ക്ക് കെ.സി.എ നല്‍കിയ കത്ത് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് സുപ്രഭാതത്തോട് പറഞ്ഞു. ഇതേക്കുറിച്ച് പരസ്യമായ ഒരു അഭിപ്രായത്തിന് തല്‍ക്കാലം മുതിരുന്നില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. സര്‍വ്വോദയപുരത്തുള്ള നഗരസഭയുടെ ഭൂമിയില്‍ ഗന്ധമില്ലാത്ത മാലിന്യങ്ങള്‍ എത്തിച്ച് സംസ്‌ക്കരിക്കുകയാണ് വേണ്ടതെന്ന് നഗരസഭയുടെ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ബി മെഹബൂബ് പറഞ്ഞു. നഗരസഭയുടെ വസ്തുവില്‍ സ്റ്റേഡിയം നിര്‍മ്മാണത്തോട് ഒരുവിധത്തിലുമുള്ള താല്‍പ്പര്യവുമില്ലെന്ന് ബി.ജെ.പി കൗണ്‍സിലര്‍ ആര്‍ ഹരിയും പറഞ്ഞു. സ്റ്റേഡിയ നിര്‍മാണത്തെ ശക്തമായി എതിര്‍ക്കുമെന്ന് നഗരസഭയിലെ ഏകസ്വതന്ത്ര അംഗം ജോസ് ചെല്ലപ്പന്‍ പറഞ്ഞു.
അര നൂറ്റാണ്ടിലേറെയായി ഉപയോഗിച്ചു വരുന്ന നഗരസഭയുടെ മാലിന്യസംസ്‌ക്കരണ കേന്ദ്രമാണ് സര്‍വ്വോദയപുരത്തുള്ളത്. ഒന്നര വര്‍ഷമായി സര്‍വ്വോദയപുരത്തേക്ക് നഗരത്തില്‍ നിന്നും മാലിന്യം എത്തിയിട്ട്. അലക്ഷ്യമായ മാലിന്യശേഖരണത്തിലുടെ അറവുമാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും യഥേഷ്ടം സര്‍വ്വോദയപുരത്തേക്ക് ഒഴുകുകയായിരുന്നു. പ്രദേശത്തെ ജനജീവിതത്തെ മാലിന്യക്കൂമ്പാരം നന്നായി ബാധിച്ചതോടെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക് വരുകയും സംസ്‌ക്കരണകേന്ദ്രം പൂട്ടുകയുമായിരുന്നു. 18 ഏക്കറോളംവരുന്ന ഈ കേന്ദ്രത്തില്‍ മാലിന്യസംസ്‌ക്കരണംമൂലം നാട്ടുകാര്‍ വര്‍ഷങ്ങളായി പ്രതിഷേധത്തിലാണ്. നിലവില്‍ എസ്.ഡി കോളജ് ഗ്രൗണ്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഏറ്റെടുത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ്.
രഞ്ജി ട്രോഫി മത്സരം ഉള്‍പ്പടെ ഇവിടെ നടത്താന്‍ ഷെഡ്യൂള്‍ ആയിട്ടുണ്ട്. ഇതിനിടെയാണ് സര്‍വ്വോദയപുരത്ത് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ രംഗത്ത് എത്തിയത്. ക്രിക്കറ്റ് അസോസിയേഷനിലെ ജില്ലയില്‍ നിന്നുള്‍പ്പടെ ഉള്ള ചിലരുടെ സാമ്പത്തിക താല്‍പര്യങ്ങളാണ് പുതിയ സ്റ്റേഡിയം നിര്‍മാണത്തിന് പിന്നിലുള്ളത്. കോടികള്‍ മുടക്കിയുള്ള പുതിയ ക്രിക്കറ്റ് മൈതാനം നിര്‍മിക്കുന്ന പദ്ധതിയിലൂടെ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പുതിയ നീക്കം കെ.സി.എയുടെ നേതൃത്വത്തില്‍ നടത്തുന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."