തെരുവുനായ അക്രമം തുടര്‍ക്കഥ എ.ബി.സി പദ്ധതിയോട് മുഖംതിരിച്ച് 111 പഞ്ചായത്തുകള്‍
വകയിരുത്തിയ തുകയില്‍ ചില്ലിക്കാശ് പോലും ചെലവഴിക്കാതെ 227 പഞ്ചായത്തുകളും
ആലപ്പുഴ: സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുമ്പോഴും അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതിയ്ക്കായി വകയിരുത്തിയ വിഹിതത്തില്‍ ഒരു രൂപ പോലും ചെലവഴിക്കാതെ സംസ്ഥാനത്തെ മൂന്നു ജില്ലകള്‍. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 227 പഞ്ചായത്തുകളാണ് തുക വകയിരുത്തിയിട്ടും എ.ബി.സി പദ്ധതിയോട് മുഖം തിരിച്ചു നില്‍ക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തുവിട്ട പ്രതിവാര റിപ്പോര്‍ട്ടിലാണ് മൂന്നു ജില്ലകളിലെ പഞ്ചായത്തുകളില്‍ പദ്ധതി വിഹിതം ചിലവഴിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 830 പഞ്ചായത്തുകള്‍ മാത്രമാണ് എ.ബി.സി പദ്ധതി നടപ്പാക്കാന്‍ പണം വകയിരുത്തിയത്. 13.37 കോടിയാണ് എ.ബി.സി പദ്ധതി നടപ്പാക്കാനായി വകയിരുത്തിയത്. ഇതില്‍ 83.61 ലക്ഷം രൂപയാണ് ഇതുവരെ ചിലവഴിച്ചത്.
തിരുവനന്തപുരം ജില്ലയിലെ 73 പഞ്ചായത്തുകളിലായി പദ്ധതി നടപ്പാക്കാന്‍ 86.99 ലക്ഷമാണ് വകയിരുത്തിയത്. തൃശൂരിലെ 86 പഞ്ചായത്തുകളിലെ രണ്ടെണ്ണം ഒഴികെ പദ്ധതിക്കായി 63.20 ലക്ഷം വകയിരുത്തി. കണ്ണൂരിലെ 71 പഞ്ചായത്തുകളില്‍ ഒരെണ്ണം ഒഴികെ 72.54 ലക്ഷമാണ് എ.ബി.സി പദ്ധതിക്കായി മാറ്റിവെച്ചത്. എന്നാല്‍ സര്‍ക്കാര്‍ പുറത്തു വിട്ട കണക്കനുസരിച്ച് ഒരു രൂപ പോലും ഈ മൂന്ന് ജില്ലകളിലും ചെലവഴിച്ചിട്ടില്ല.
തെരുവുനായ്ക്കളെ പിടികൂടാനായി വയനാട് ഒഴികെ എല്ലാ ജില്ലകളിലും പട്ടിപിടുത്തക്കാരെ നിയോഗിച്ചിട്ടുണ്ട്. 56 പട്ടിപിടുത്തക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. സംസ്ഥാനത്ത് സര്‍ക്കാര്‍ കണക്കു പ്രകാരമുള്ള തെരുവുനായ്ക്കള്‍ 2,99,686 എണ്ണമാണ്. ലൈസന്‍സുള്ള വളര്‍ത്തുനായ്ക്കളുടെ എണ്ണം 48,275 ഉം. ഇതിനകം 3364 തെരുവുനായ്ക്കളെ പിടികൂടി ബ്ലോക്ക്തല ഷെല്‍ട്ടറുകളില്‍ എത്തിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളില്‍ എത്തിച്ചതിന്റെ ക്രെഡിറ്റ് കൊല്ലം ജില്ലയിലെ പഞ്ചായത്തുകള്‍ക്കാണ്. ഇവിടെ 1464 നായ്ക്കളെ പിടികൂടി ഷെല്‍ട്ടറുകളില്‍ എത്തിച്ചു. തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒരെണ്ണത്തിനെ പോലും പിടികൂടി ഷെല്‍ട്ടറുകളില്‍ എത്തിക്കാനായിട്ടില്ല.
സംസ്ഥാനത്തെ 467 പഞ്ചായത്തുകളില്‍ മാത്രമാണ് എ.ബി.സി ചട്ടപ്രകാരമുള്ള മോണിറ്ററിങ് സമിതികള്‍ രൂപീകരിച്ചത്. 474 പഞ്ചായത്തുകള്‍ മോണിറ്ററിങ് സമിതി രൂപീകരണത്തോട് മുഖംതിരിച്ചു നില്‍ക്കുകയാണ്. 924 പഞ്ചായത്തുകള്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു. സംസ്ഥാനത്തൊട്ടാകെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന മൃഗക്ഷേമ സംഘടനകള്‍ ആറെണ്ണം മാത്രമാണുള്ളത്. കൊല്ലത്ത് മൂന്നും എറണാകുളത്ത് രണ്ടും വയനാട് ഒരു സംഘടനയുമാണ് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ 898 എണ്ണം മാത്രമാണ് മുന്നോട്ടു വന്നത്. 43 പഞ്ചായത്തുകള്‍ നടപടിയോട് മുഖംതിരിച്ചു നില്‍ക്കുകയാണ്. 14 ജില്ലകളിലായി 949 ഇടങ്ങളില്‍ തെരുവുനായ്ക്കള്‍ കൂട്ടമായി വിഹരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ അവസാന വാരത്തില്‍ 297 പേര്‍ക്കാണ് തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റത്. ഏറ്റവു കൂടുതല്‍ പേര്‍ക്ക് കടിയേറ്റത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 75 പേര്‍ക്ക് കടിയേറ്റു. കൊല്ലത്ത് കടിയേറ്റ് 60 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."