തളിപ്പറമ്പില്‍ അഖില ഭാരത അയ്യപ്പ സേവാസംഘം പിളര്‍ന്നു
തളിപ്പറമ്പ്: കഴിഞ്ഞ രണ്ടു വര്‍ഷമായി ബക്കളം നെല്ലിയോട്ട് ക്ഷേത്ര പരിസരത്തു നടന്നു വരുന്ന ഇടത്താവളത്തിന്റെ പേരില്‍ അയ്യപ്പ സേവാ സംഘം തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി പിളര്‍ന്നു.
അയ്യപ്പ സേവാ സംഘം ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.വി മണികണ്ഠന് നായരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയതായി കോണ്‍ഗ്രസ് നേതാവ് മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോഡ് ഡിവിഷന് ചെയര്‍മാനുമായ കൊയ്യം ജനാര്ദ്ദനന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മറുപക്ഷത്തെ പ്രഖ്യാപിക്കുകയും ഈ വര്‍ഷത്തെ ഇടത്താവളം തങ്ങളുടെ നേതൃത്വത്തില്‍ നവംബര്‍ 17 മുതല്‍ ജനുവരി 17 വരെ അറുപത് ദിവസക്കാലം നടത്തുമെന്നും, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഇടത്താവളം ഉദ്ഘാടനം ചെയ്യുമെന്നും കൊയ്യം ജനാര്ദ്ദനന് വ്യക്തമാക്കി.
അതേ സമയം നവംബര്‍ 15ന് ഇടത്താവളം തങ്ങളുടെ നേതൃത്വത്തില്‍ നെല്ലിയോട്ട് ക്ഷേത്ര പരിസരത്ത് ആരംഭിക്കുമെന്ന് മണികണ്ഠന് നായരും മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അഖിലഭാരത അയ്യപ്പ സേവാ സംഘം സംസ്ഥാന പ്രസിഡണ്ടും മുന്‍ എം.പിയുമായ സി ഹരിദാസ് ഇടത്താവളം ഉദ്ഘാടനം ചെയ്യുമെന്നും ഇതിനായി നെല്ലിയോട്ട് ശാഖയുടെ നേതൃത്വത്തില്‍ മണികണ്ഠന് നായര്‍ കണ്‍വീനറും, പി.വി സതീഷ്കുമാര്‍ ജോ.കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ഇവര്‍ അറിയിച്ചു.
ഇതോടെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വന്ന ഇടത്താവളത്തിന്റെ നടത്തിപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇടത്താവളത്തിനു സമീപം ഇത്തവണയും ഐ.ആര്.പി.സി ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കുമെന്ന് സി.പി.എം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."