അക്ഷര സംസ്‌കാരത്തെ അര്‍ഥശൂന്യമായ ദൃശ്യങ്ങള്‍ നശിപ്പിക്കുന്നു: വൈശാഖന്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവത്തിന് തുടക്കമായി
തിരൂര്‍: മനുഷ്യന് തിരിച്ചറിവും കരുത്തും നല്‍കുന്ന അക്ഷര സംസ്‌കാരത്തെ അര്‍ഥശൂന്യമായ ദൃശ്യങ്ങള്‍ നശിപ്പിക്കുകയാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന വിദ്യാരംഭം കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്ഷരമെന്ന സംസ്‌കാരത്തിലൂടെയാണ് നവോഥാന കേരളമുണ്ടായത്. എന്നാലിന്ന് അക്കിത്തത്തെ അറിയുന്നവര്‍ നന്നേകുറവും സീരിയല്‍ രംഗങ്ങളില്‍ ചായ എത്തിച്ചുകൊടുക്കുന്ന കഥാപാത്രം പോലും മലയാളിയ്ക്കു പരിചിതരുമാകുന്നു. അക്ഷരങ്ങള്‍ മാത്രമാണ് മനുഷ്യന് തിരിച്ചറിവു നല്‍കുന്നത്. ദൃശ്യാനുഭവ ആഘോഷങ്ങള്‍ കേവലം അര്‍ഥശൂന്യമായ അവതരണങ്ങളാണ്. അച്ഛന്റെ പേരു പോലും തെറ്റുകൂടാതെ മാതൃഭാഷയായ മലയാളത്തില്‍ എഴുതാന്‍ അറിയാത്ത കുട്ടികളുള്ള കാലമാണിത്. ഇത്തരം സാമൂഹിക പ്രശ്‌നങ്ങളെ ചെറുക്കാന്‍ നവോഥാന മൂല്യങ്ങളെ എഴുത്തുകാര്‍ എല്ലാ മേഖലകളിലേക്കും എത്തിക്കണം. ചുറ്റും പരക്കുന്ന ഇരുട്ടിനെ ഇല്ലാതാക്കാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം.
എതിര്‍ അഭിപ്രായം പറയുന്നവന്റെ കഴുത്തിനു നേരെ കത്തിയും തോക്കും വരുന്ന ഇക്കാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനും ആത്മാവിഷ്‌ക്കാരത്തിനും ശക്തമായ പോരാട്ടങ്ങള്‍ ഉണ്ടാകണം. അക്ഷരത്തിന്റെ സംസ്‌കാരത്തെ തിരിച്ചുപിടിക്കാന്‍ തുഞ്ചന്‍പറമ്പ് നല്ല നിലയിലുള്ള പരിശ്രമങ്ങളാണ് നടത്തുന്നതെന്നും വൈശാഖന്‍ കൂട്ടിച്ചേര്‍ത്തു.
അക്ഷരശുദ്ധി മത്സരത്തില്‍ ഒന്നാമതെത്തിയ തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ എ.ജെ അശ്വതിയ്ക്ക് വൈശാഖന്‍ ഉപഹാരം സമ്മാനിച്ചു. പരിപാടിയില്‍ ചാത്തനാത്ത് അച്യുതനുണ്ണി അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണന്‍, കെ.എക്‌സ് ആന്റോ സംസാരിച്ചു. തുടര്‍ന്ന് കലാസന്ധ്യയും അരങ്ങേറി. ഈ മാസം 11 വരെയാണ് തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭം കലോത്സവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."