പെരുന്തേനീച്ച ആക്രമണത്തില്‍ 11 പേര്‍ ആശുപത്രിയില്‍
തൊടുപുഴ: ഒളമറ്റം ഉറവപ്പാറ റോഡില്‍ പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
ഉറവപ്പാറ ക്ഷേത്രത്തിലെത്തി മടങ്ങിയവര്‍ക്കും വഴിയാത്രക്കാര്‍ക്കുമാണ് തേനീച്ചയുടെ കുത്തേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ജില്ലാ ആശുപത്രിയിലും ചാഴികാട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
റോഡരികിലെ മരത്തിലുണ്ടായിരുന്നു പെരുന്തേനീച്ചയുടെ കൂട് പക്ഷി കൊത്തിയിളക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഈ സമയം ഉറവപ്പാറയിറങ്ങി വരികയായിരുന്ന സ്ത്രീകള്‍ക്കു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. കൈവശമുണ്ടായിരുന്ന ബാഗ് നിലത്തിട്ട ഇവര്‍ രക്ഷതേടി പിന്തിരിഞ്ഞ് ഓടി. സമീപത്തെ കെട്ടിടത്തിനുള്ളില്‍ ചിലര്‍ അഭയം തേടി. ഇതിനിടെ അടുത്ത വീടുകളിലേക്കും തേനീച്ചകള്‍ വ്യാപിച്ചു. വീടിനുള്ളിലിരുന്നവര്‍ക്കും കുത്തേറ്റു. പിന്നീട് നാട്ടുകാര്‍ സംഘടിച്ച് പന്തം കത്തിച്ചും പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിച്ചുമാണ് തേനീച്ചകളെ തുരത്തിയത്. ഇതിനിടെ പൊലിസും സ്ഥലത്തെത്തി. കുത്തേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഒളമറ്റം മൂന്നുതോട്ടിനാല്‍ ജോജോ, പാലാ സ്വദേശിനി ശ്രീകല(32), ഒളമറ്റം ആലപ്പാട്ട് രോഹിത്, ചുനയംമാക്കല്‍ ഹരി, ഒളമറ്റം രാഹുല്‍ നിവാസില്‍ സുധ(55), വെങ്ങല്ലൂര്‍ വാഴപ്പിള്ളില്‍ പ്രസന്ന വേണുഗോപാല്‍(54), കുടയത്തൂര്‍ പതിയാരത്ത് സാവിത്രിയമ്മ(62), മുതലക്കോടം നടുവക്കുന്നേല്‍ അജി തങ്കച്ചന്‍(44), ഒളമറ്റം കാട്ടുതല കെ. എസ് അജീഷ്(32), കന്നുവീട്ടില്‍ അജിത് കുമാര്‍(50), കന്നുവീട്ടില്‍ അനില്‍കുമാര്‍(52) എന്നിവര്‍ക്കാണ് പരുക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."